ചാംപ്യൻസ് ട്രോഫി ഗ്രൂപ്പ് എയില്‍ നിന്ന് അവസാന നാലില്‍ ഇടം പിടിച്ച് ഇന്ത്യയും ന്യൂസിലന്‍ഡും

India reach semi-final
ഇന്ത്യ- പാക് മത്സരംSource by : എക്സ്
Last Updated :25 February 2025, 10:22 am IST

News Now

റാവല്‍പിണ്ടി: ആറ്റു നോറ്റു കിട്ടിയ ഐസിസി പോരാട്ടത്തിന്റെ ആതിഥേയത്വം ആഘോഷിക്കാന്‍ പോലും സാധിക്കാതെ പാകിസ്ഥാന്‍. ചാംപ്യൻസ് ട്രോഫി പോരാട്ടത്തിൽ ഗ്രൂപ്പ് എയില്‍ നിന്നു ഇന്ത്യയും പിന്നാലെ ന്യൂസിലന്‍ഡും സെമി ഉറപ്പിച്ചു. അതോടെ പാകിസ്ഥാന്‍ സെമി കാണാതെ പുറത്തുമായി. അവസാന പോരാട്ടത്തില്‍ അവര്‍ ബംഗ്ലാദേശുമായി ഏറ്റുമുട്ടും. അതില്‍ ജയിച്ച് ആശ്വാസം കൊണ്ട് സെമിയും ഫൈനലുമൊക്കെ സ്റ്റേഡിയത്തില്‍ ഇരുന്നു കാണാം.

ആദ്യ കളിയില്‍ ന്യൂസിലന്‍ഡിനോടും രണ്ടാം കളിയില്‍ ഇന്ത്യയോടും പാകിസ്ഥാന്‍ പരാജയപ്പെട്ടു. ഇന്ത്യ ആദ്യ കളിയില്‍ ബംഗ്ലാദേശിനേയും രണ്ടാം കളിയില്‍ പാകിസ്ഥാനേയും വീഴ്ത്തി. ന്യൂസിലന്‍ഡ് ആദ്യ കളിയില്‍ പാകിസ്ഥാനേയും രണ്ടാം കളിയില്‍ ബംഗ്ലാദേശിനേയും തോല്‍പ്പിച്ചതോടെയാണ് ആതിഥേയ ടീമിന്റെ പുറത്താകല്‍ ഉറപ്പായത്. ബംഗ്ലാദേശ് ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ ബംഗ്ലാദേശിനോടു മികച്ച മാര്‍ജിനില്‍ വിജയിച്ച് കണക്കിന്റെ കളിയുമായി പാകിസ്ഥാന് സെമി ഉറപ്പിക്കാന്‍ നേരിയ സാധ്യത നിലനിന്നിരുന്നു. എന്നാല്‍ അതെല്ലാം വിഫലമായി.

2017ല്‍ അവസാനമായി ഐസിസി ചാംപ്യന്‍സ് ട്രോഫി നടന്നപ്പോള്‍ ഇന്ത്യയെ വീഴ്ത്തി ചാംപ്യന്‍മാരായത് പാകിസ്ഥാനായിരുന്നു. ഇത്തവണ സ്വന്തം നാട്ടില്‍ നിലവിലെ ചാംപ്യന്‍മാരെന്ന പകിട്ടിലാണ് അവര്‍ തുടങ്ങിയത്. എന്നാല്‍ കിവികളോടും ഇന്ത്യയോടും ഒന്നു പൊരുതാന്‍ പോലും കെല്‍പ്പിലാതെ അവര്‍ തകര്‍ന്നടിഞ്ഞു.

മുന്‍ താരങ്ങളും ആരാധകരുമെല്ലാം ടീമിനെ വലിയ തോതിലാണ് വിമര്‍ശിക്കുന്നത്. ഭാവനാ ശൂന്യരായ ഒരുകൂട്ടം ആളുകളാണ് മാനേജ്‌മെന്റെന്നു പല മുന്‍ താരങ്ങളും വിമര്‍ശിക്കുന്നു. സമാനമാണ് ടീമിന്റെ ഘടനയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ചൊടിയും ചുണയും പ്രൊഫഷണലിസവും തൊട്ടു തീണ്ടാത്ത ടീമാണ് നിലവിലെ സംഘമെന്നും ആക്ഷേപങ്ങളുണ്ട്.

ബംഗ്ലാദേശിനെതിരായ പോരാട്ടത്തിനു ഇറങ്ങുമ്പോള്‍ ഒരു ജയം മാത്രം മതിയായിരുന്നു ന്യൂസിലന്‍ഡിന്. അവര്‍ അത് അനായാസം സാധ്യമാക്കുകയും ചെയ്തു.

നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ന്യൂസിലന്‍ഡിന് 5 വിക്കറ്റ് ജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 237 റണ്‍സ് വിജയ ലക്ഷ്യം 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍ഡ് മറികടന്നു. രചിന്‍ രവീന്ദ്രയുടെ സെഞ്ച്വറി കരുത്തിലാണ് കിവീസ് ജയം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates