
ഡോക്ടർമാരെ കല്ലെറിയാൻ പത്തുപേരുണ്ടാകും; ചികിത്സാപിഴവുകൾ മറച്ചുവെക്കരുത്
News Now
തിരുവനന്തപുരം: പത്തു വർഷത്തോളം ആരോഗ്യ വകുപ്പിനെ നിരന്തരം വിമർശിച്ച തനിക്ക്, വകുപ്പിന്റെ ചുമതല ഏറ്റെടുത്തപ്പോഴാണ് ആ വിമർശനങ്ങൾ നേരിടുന്നതിന്റെ യഥാർത്ഥ വേദന മനസ്സിലായതെന്ന് തുറന്നുപറഞ്ഞ് ആരോഗ്യമന്ത്രി കെ. മുരളീധരൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന ബിരുദദാന ചടങ്ങിൽ യുവ ഡോക്ടർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'കല്ലെറിയുന്നവർക്ക് സുഖമാണ്. കാരണം 10 വർഷം ഞാനും സുഖമായിട്ട് കല്ലെറിഞ്ഞ ഒരാളാണ്. പക്ഷേ ആ ഏറ് ഇങ്ങോട്ട് കിട്ടുമ്പോഴാണ് അതിന്റെ പ്രയാസം മനസ്സിലാവുക.' - മന്ത്രി പറഞ്ഞു
ചികിത്സാപിഴവ് ആരോപണങ്ങളും മരുന്നുകളുടെയും സൗകര്യങ്ങളുടെയും കുറവുകളും കൊണ്ട് നിരന്തരം ജനങ്ങളുടെയും മാധ്യമങ്ങളുടെയും നിരീക്ഷണത്തിലുള്ള ഒന്നാണ് സംസ്ഥാനത്തെ ആരോഗ്യവകുപ്പ്. ഈ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ തുറന്നുപറച്ചിൽ.
കല്ലെറിയുന്നവർക്ക് അത് എളുപ്പമാണ്
"നിങ്ങൾ ഡോക്ടർമാരായി ജോലിയിൽ പ്രവേശിക്കുമ്പോൾ നിങ്ങൾക്ക് നേരെ കല്ലെറിയാൻ പത്തുപേരുണ്ടാകും. കല്ലെറിയുന്നവർക്ക് അത് വളരെ എളുപ്പമുള്ള കാര്യമാണ്. കഴിഞ്ഞ പത്തു വർഷം ഞാനും സുഖമായി കല്ലെറിഞ്ഞ ഒരാളാണ്. എന്നാൽ ആ കല്ലേറ് സ്വന്തം ദേഹത്ത് വന്ന് വീഴുമ്പോഴാണ് അതിന്റെ വിഷമവും ബുദ്ധിമുട്ടും നമ്മൾ തിരിച്ചറിയുന്നത്," മന്ത്രി പറഞ്ഞു.
എത്ര ആത്മാർത്ഥമായി ജോലി ചെയ്താലും വിമർശനങ്ങളും പരാതികളും നേരിടേണ്ടി വരും. പ്രത്യേകിച്ചും ചികിത്സാപിഴവ് വാർത്തകൾക്ക് വലിയ വിപണിമൂല്യമുള്ള ഈ കാലഘട്ടത്തിൽ അത് സ്വാഭാവികമാണ്. എന്നാൽ പിഴവുകൾ ഉണ്ടായാൽ അത് മറച്ചുവെക്കാൻ ശ്രമിക്കാതെ സുതാര്യത പാലിക്കണമെന്നും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അദ്ദേഹം ഡോക്ടർമാരെ ഓർമ്മിപ്പിച്ചു.
സർക്കാർ ആശുപത്രികളെ തള്ളിക്കളയരുത്
ശമ്പളം താരതമ്യേന കുറവാണെങ്കിലും തുടക്കത്തിൽ സർക്കാർ ആശുപത്രികളിൽ സേവനം ചെയ്യാനാണ് പുതുതലമുറ ഡോക്ടർമാർ മുൻഗണന നൽകേണ്ടതെന്ന് മന്ത്രി ആവശ്യപ്പെട്ടു. "നിങ്ങൾ പഠിച്ചിറങ്ങിയത് സർക്കാർ സ്ഥാപനത്തിൽ നിന്നാണ്. അതുകൊണ്ട് ശമ്പളം അല്പം കുറവാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ സർക്കാർ ആശുപത്രികൾ തിരഞ്ഞെടുക്കണം എന്നാണ് എനിക്ക് നിങ്ങളോട് അഭ്യർത്ഥിക്കാനുള്ളത്," അദ്ദേഹം പറഞ്ഞു.
സർക്കാർ ആശുപത്രികൾ നിരവധി വെല്ലുവിളികളും അസൗകര്യങ്ങളും നേരിടുന്നുണ്ട്. എങ്കിലും പാവപ്പെട്ട സാധാരണക്കാരുടെ ഏക ആശ്രയം ഈ സ്ഥാപനങ്ങളാണ്. അതുകൊണ്ടാണ് ആശുപത്രികളിലെ ചെറിയ പ്രശ്നങ്ങൾ പോലും വലിയ വാർത്തയാകുന്നത്. അത് ഡോക്ടർമാരുടെ കുറ്റമല്ലെന്നും പാവപ്പെട്ടവരുടെ ആശ്രയകേന്ദ്രമായതുകൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Summary
Kerala Health Minister K. Muraleedharan candidly stated that having spent a decade criticising the state's healthcare department, he now truly understands the distress of facing public scrutiny after assuming charge of the ministry
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'നീ എന്നെ തല്ലാനോ വെടി വയ്ക്കാനോ പാടില്ല! അത് ഓക്കെയാണെങ്കിൽ ഞാൻ 'ജയിലർ 2' വിൽ അഭിനയിക്കാം'; മിഥുൻ പറഞ്ഞതിനെക്കുറിച്ച് രജനി

'ആത്മാവിന് നിത്യശാന്തി നേരുന്നു എന്ന് പറയാറുണ്ട്, കഴിയുമെങ്കിൽ തിരിച്ചു വരിക എന്ന് ഞാൻ പറയുന്നു'; ഉറ്റസുഹൃത്തുക്കളെ ഓർത്ത് രജനി




