വനിതകളുടെ 4x100 മീറ്റർ റിലേയിൽ സീസണിലെ മികച്ച സമയം കുറിച്ച് സുവർണ നേട്ടം

india womens relay team
India stun ChinaSource by : x
Last Updated :22 June 2026, 12:35 pm IST

News Now

ബെയ്ജിങ്: കരുത്തരായ ചൈനയെ അട്ടിമറിച്ച് ഇന്ത്യൻ വനിതകൾ ഏഷ്യൻ റിലേ ചാംപ്യൻഷിപ്പ് പോരാട്ടത്തിൽ സ്വർണം പിടിച്ചെടുത്തു. 4x100 മീറ്റർ റിലേ ടീമിനാണ് നേട്ടം. കടുത്ത വെല്ലുവിളി ഉയർത്തിയ ചൈനയെ ഫൈനലിൽ 43.85 സെക്കൻഡിൽ മറികടന്നാണ് ഇന്ത്യൻ സംഘം സ്വർണം അണിഞ്ഞത്. ഈ സീസണിലെ തങ്ങളുടെ ഏറ്റവും മികച്ച സമയവും ഫൈനലിലെ പ്രകടനത്തിലൂടെ ഇന്ത്യ സ്വന്തമാക്കി.

ശ്രാബനി നന്ദ, എസ്എസ് സ്നേഹ, സുദേഷ്ണ ശിവങ്കർ, തമന്ന എന്നിവരടങ്ങുന്ന ഇന്ത്യൻ സഖ്യം കൃത്യതയാർന്ന ബാറ്റൺ കൈമാറ്റത്തിലൂടെയും അവസാന നിമിഷത്തെ വേഗതയിലൂടെയുമാണ് ചൈനയെ പിന്നിലാക്കിയത്. മത്സരത്തിൽ ചൈന വെള്ളിയും (44.09 സെക്കൻഡ്) തായ്‌ലൻഡ് വെങ്കലവും (44.11 സെക്കൻഡ്) നേടി. റിലയൻസ് ഫൗണ്ടേഷന്റെ മാർട്ടിൻ ഓവൻസ് ആണ് ഇന്ത്യൻ ടീമിന്റെ പരിശീലകൻ.

ടൂർണമെന്റിൽ ഇന്ത്യ ഒരു സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ മൂന്ന് മെഡലുകൾ സ്വന്തമാക്കി. മിക്സഡ് 4x400 മീറ്റർ റിലേയിലാണ് വെള്ളി നേട്ടം. തീർത്ഥേഷ് പി ഷെട്ടി, എംആർ പൂവമ്മ, ഭരത് ശ്രീധർ, നീരു പഥക് എന്നിവരടങ്ങിയ സഖ്യം 3.17.06 സെക്കൻഡിൽ ഓടിയെത്തിയാണ് വെള്ളി മെഡൽ നേടി. ഈ ഇനത്തിൽ വിയറ്റ്നാമിനാണ് സ്വർണം.

മിക്സഡ് 4x100 മീറ്റർ റിലേയിലാണ് വെങ്കല നേട്ടം. തമന്ന, സ്നേഹ ഷാനുവല്ലി, അനിമേഷ് കുജൂർ, പ്രണവ് ഗുരവ് എന്നിവരടങ്ങിയ ടീം 41.27 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് വെങ്കലം നേടിയത്. തായ്‌ലൻഡ് ഒന്നാമതും ചൈന രണ്ടാമതുമെത്തി.

അതേസമയം 4x400 മീറ്റർ പുരുഷ, വനിതാ മത്സരങ്ങളിൽ ഇന്ത്യയ്ക്ക് മെഡൽ പട്ടികയിൽ ഇടം നേടാനായില്ല. എംആർ പൂവമ്മ, രഷ്ദീപ് കൗർ, അൻസ ബാബു, സലോനി നഗർ എന്നിവരടങ്ങിയ വനിതാ 4x400 മീറ്റർ ടീം നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത് (3.34.88 സെക്കൻഡ്). പുരുഷന്മാരുടെ 4x400 മീറ്റർ റിലേയിൽ ഇന്ത്യൻ ടീം അഞ്ചാം സ്ഥാനത്താവുകയും ചെയ്തു (3.05.33 സെക്കൻഡ്). രണ്ട് ഇനങ്ങളിലും വിയറ്റ്നാമിനാണ് സ്വർണം.

പരിക്കുകൾ കാരണം ഇന്ത്യയ്ക്ക് പുരുഷന്മാരുടെ 4x100 മീറ്റർ റിലേ ടീമിനെ ഇറക്കാൻ സാധിക്കാതിരുന്നത് മെഡൽ സാധ്യതകളെ ബാധിച്ചു. വരാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് എന്നിവയ്ക്ക് മുന്നോടിയായുള്ള പരിശീലനമായി ഈ ടൂർണമെന്റ് മാറി. 2027ലെ ഏഷ്യൻ റിലേ ചാംപ്യൻഷിപ്പിന് ഇന്ത്യയിലെ ചണ്ഡീഗഢാണ് ആതിഥേയത്വം വഹിക്കുന്നത്.

Summary

India stun China: India’s women’s 4x100m relay team delivered a spectacular performance to clinch gold at the Asian Relay Championships 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates