റണ്ണിനായി ഓടി, പിന്നെ തിരിഞ്ഞോടി ക്രീസിലേക്ക് ഡൈവ്; കെകെആർ താരത്തിന്റെ അസാധാരണ ഔട്ട്! ഹെൽമെറ്റ് വലിച്ചെറിഞ്ഞു, കത്തും വിവാദം (വിഡിയോ)

ഐപിഎൽ പോരാട്ടത്തിനിടെ മൈതാനത്ത് നാടകീയ രം​ഗങ്ങൾ

kkr star given out for obstructing the field
IPL 2026x
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :26 ഏപ്രിൽ 2026, 11:34 pm IST

ലഖ്നൗ: ഐപിഎല്ലിൽ ഇന്നത്തെ രണ്ടാം പോരാട്ടത്തിനിടെ അസാധാരണ പുറത്താകൽ. ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിനിടെ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് താരം അം​ഗ്കൃഷ് രംഘുവശിയുടെ പുറത്താകൽ വലിയ വിവാദമാണ് സൃഷ്ടിച്ചത്. ഫീൽഡിങ് തടസപ്പെടുത്തി എന്ന കാരണത്താലാണ് താരത്തിന്റെ ഔട്ട്. ലഖ്നൗ താരങ്ങളുടെ അപ്പീൽ പരി​ഗണിച്ച തേർഡ് അംപയർ രഘുവംശി ഔട്ടാണെന്നു വിളിച്ച വിഷയത്തിലാണ് വിവാദം കത്തുന്നത്. ക്രിക്കറ്റിൽ അപൂർവമായി മാത്രം സംഭവിക്കുന്ന പുറത്താകലാണിത്.

വിക്കറ്റിനിടയിലെ ഓട്ടത്തിനിടെ ഫീൽഡിങ് തടസപ്പെടുത്തിയതിനാണ് രഘുവംശിക്ക് പുറത്താകൽ ശിക്ഷ കിട്ടിയത്. അംപയറുടെ അവസാധാരണ ഔട്ട് വിളിയിൽ കൊൽക്കത്ത ഡ​ഗൗട്ട് മുഴുവൻ അമ്പരപ്പിലായിരുന്നു.

കൊൽക്കത്ത ഇന്നിങ്സിന്റെ അ‍ഞ്ചാം ഓവറിലെ അവസാന പന്തിലായിരുന്നു വിവാദ പുറത്താകൽ. ലഖ്നൗ താരം പ്രിൻസ് യാദവ് എറിഞ്ഞ പന്ത് മിഡ് ഓണിലേക്ക് തട്ടിയിട്ട് രഘുവംശി റണ്ണിനായി ഓടിത്തുടങ്ങി. മറുഭാ​ഗത്ത് കാമറൂൺ ​ഗ്രീനാണ് ബാറ്റുമായി നിന്നത്. രഘുവംശി ഓടിത്തുടങ്ങിയപ്പോൾ ​ഗ്രീൻ താരത്തെ മടക്കിയയച്ചു. രഘുവംശി തിരികെ ക്രീസിലേക്ക് ഓടുന്നതിനിടെ ഫീൽഡറുടെ ത്രോ അദ്ദേഹത്തിന്റെ ദേഹത്ത് തട്ടി വിക്കറ്റിൽ കൊള്ളുന്നത് ഇല്ലാതായി. ഇതോടെ ലഖ്നൗ താരങ്ങൾ ശക്തമായി അപ്പീൽ ചെയ്തു. ഇതോടെ അംപയർ തീരുമാനം തേർഡ് അംപയർക്ക് വിടുകയായിരുന്നു.

രഘുവംശി പിച്ചിന്റെ മറുവശത്തു കൂടിയാണ് തിരികെ ക്രീസിലേക്ക് ഓടിയത്. അതിനിടെ പന്ത് കിട്ടിയ മുഹമ്മദ് ഷമി രഘുവംശിയെ റണ്ണൗട്ടാക്കാനായി എറിഞ്ഞപ്പോൾ ക്രീസിലേക്ക് ഡൈവ് ചെയ്തു ഔട്ട് ഒഴിവാക്കാൻ കെകെആർ ബാറ്റർ ശ്രമിച്ചു. എന്നാൽ ക്രീസിലേക്ക് വീഴുന്നതിനിടെ ദേഹത്ത് തട്ടി താരത്തിന്റെ അടിയിലായി പന്ത് അവിടെ കുടുങ്ങി നിന്നു. പിന്നാലെയാണ് ലഖ്നൗ താരങ്ങൾ അപ്പീൽ ചെയ്തത്. പന്തിന്റെ ദിശ മനസിലാക്കി ഔട്ടാകുന്നത് ഒഴിവാക്കാൻ രഘുവംശി മനപ്പൂർവം ഫീൽഡിങ് തടസപ്പെടുത്തിയെന്നായിരുന്നു ലഖ്നൗ താരങ്ങളുടെ പരാതി.

ദൃശ്യങ്ങൾ പരിശോധിച്ച തേർഡ് അംപയർ രഘുവംശി പിച്ചിലൂടെ മനപ്പൂർവം ലൈൻ മാറി ഓടിയെന്നു കണ്ടെത്തി. പന്ത് നോക്കിയാണ് താരം ഓടിയതെന്നും അംപയർ വിധിച്ചു. അതോടെ പന്ത് കീപ്പറുടെ അടുത്തേക്ക് എത്തുന്നത് തടഞ്ഞെന്നും അംപയർ വിലയിരുത്തി. പിന്നാലെ ഔട്ടും വിളിച്ചു.

​ഗ്രീനും രഘുവംശിയും ഫീൽഡ് അംപയർമാരുമായി സംസാരിക്കുന്നത് കാണാമായിരുന്നു. എന്നാൽ അംപയർമാർ താരത്തോടു ​ഗ്രൗണ്ടിൽ നിന്നു മടങ്ങിപ്പോകാൻ നിർദ്ദേശിച്ചു. പുറത്തായതിന്റെ അമർഷത്തിൽ ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെ രഘുവംശി തന്റെ ഹെൽമറ്റ് വലിച്ചെറിഞ്ഞു പ്രതിഷേധിച്ചു. ബൗണ്ടറി കുഷ്യനിൽ ബാറ്റ് ശക്തമായി അടിച്ചും താരം കലിപ്പ് തീർത്തു. അതിനിടെ ഫോർത്ത് അംപയറുമായി കൊൽക്കത്ത പരിശീലകൻ അഭിഷേക് നായർ തർക്കിക്കുന്നതും കണാമായിരുന്നു.

കളിയുടെ ​ഗതി തന്നെ തിരിച്ച അപൂർവ തീരുമാനം ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കുമാണ് തിരികൊളുത്തിയിരിക്കുന്നത്. യൂസുഫ് പഠാൻ, അമിത് മിശ്ര, രവീന്ദ്ര ജഡേജ എന്നിവരാണ് ഐപിഎല്ലിൽ നേരത്തെ ഇത്തരത്തിൽ പുറത്തായിട്ടുള്ള താരങ്ങൾ. ഈ പട്ടികയിലേക്കാണ് അം​ഗ്കൃഷ് രഘുവംശിയും എത്തിയിരിക്കുന്നത്.

News Now

Summary

IPL 2026: kkr star Angkrish Raghuvanshi was dismissed for obstructing the field

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates