ബിസിസിഐ ക്രിക്കറ്റില്‍ രാഷ്ട്രീയം കലര്‍ത്തുന്നുവെന്നു പാകിസ്ഥാന്‍

No 'Pakistan' On Team India Jersey
ടീം ഇന്ത്യ ജേഴ്സിSource by : എക്സ്
Last Updated :21 January 2025, 10:30 am IST

News Now

മുംബൈ: ഇന്ത്യയുടെ മത്സരങ്ങള്‍ നടത്തുന്നതു സംബന്ധിച്ച വിവാദങ്ങള്‍ അവസാനിച്ച് ചാംപ്യന്‍സ് ട്രോഫി പോരാട്ടങ്ങള്‍ക്കു ടീമുകള്‍ ഒരുങ്ങുന്നു. ഇപ്പോള്‍ പുതിയ വിവാദമാണ് ഉയരുന്നത്. ചാംപ്യന്‍സ് ട്രോഫി പോരാട്ടങ്ങള്‍ക്കുള്ള ജേഴ്‌സിയില്‍ ആതിഥേയ രാജ്യമായ പാകിസ്ഥാന്റെ പേര് പ്രിന്റ് ചെയ്യരുതെന്ന ആവശ്യവുമായി ബിസിസിഐ രംഗത്തെത്തി. പിന്നാലെ ഇതിനെ എതിര്‍ത്ത് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും വന്നതോടെയാണ് പുതിയ വിവാദം ഉയര്‍ന്നിരിക്കുന്നത്.

'ബിസിസിഐ ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരുന്നു. ഇത് കളിയ്ക്ക് ഒട്ടും നല്ലതല്ല. ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് വരാന്‍ വിസമ്മതിച്ചു. ഉദ്ഘാടന ചടങ്ങിന് ഇന്ത്യ ക്യാപ്റ്റനെ അയയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല. ഇപ്പോള്‍ ഇന്ത്യന്‍ ജേഴ്സിയില്‍ ആതിഥേയ രാജ്യത്തിന്റെ (പാകിസ്ഥാന്‍) പേര് അച്ചടിക്കാനും അവര്‍ ആഗ്രഹിക്കുന്നില്ല എന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഐസിസി ഇക്കാര്യം അനുവദിക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. ഐസിസി പാകിസ്ഥാനെ പിന്തുണയ്ക്കുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു'- ഒരു പിസിബി അംഗം പ്രതികരിച്ചു.

പാകിസ്ഥാനില്‍ കളിക്കില്ലെന്ന ഇന്ത്യയുടെ തീരുമാനത്തില്‍ മാറ്റം വന്നിരുന്നില്ല. ഇതോടെ ഇന്ത്യയുടെ മത്സരങ്ങള്‍ യുഎഇയിലാണ് അരങ്ങേറുന്നത്. ഹൈബ്രിഡ് മോഡലിനെ പാകിസ്ഥാന്‍ എതിര്‍ത്തെങ്കിലും ഐസിസി അതിനു പരിഗണന നല്‍കിയില്ല. ഇതോടെ പാകിസ്ഥാനു ഇക്കാര്യത്തില്‍ വഴങ്ങേണ്ടി വന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates