ആധാറിലെ പേരു മാറ്റണോ?, വ്യവസ്ഥകളില്‍ മാറ്റം; അറിയേണ്ടതെല്ലാം

ആധാര്‍ കാര്‍ഡിലെ പേരു മാറ്റുന്നതിന് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് യുഐഡിഎഐ.

Aadhaar
Aadhaar ANI
Last Updated :6 October 2026, 5:58 pm IST
Edited by :Dhanoj AM

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിലെ പേരു മാറ്റുന്നതിന് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് യുഐഡിഎഐ. പേര് മാറ്റത്തിന്റെ സ്വഭാവമനുസരിച്ച് വ്യത്യസ്ത വ്യവസ്ഥകളും രേഖകളുമാണ് അതോറിറ്റി ആവശ്യപ്പെടുന്നത്. പുതിയ മാര്‍ഗനിര്‍ദേശം സെപ്റ്റംബര്‍ 18ന് പ്രാബല്യത്തില്‍ വന്നു.

2021ലെ പഴയ രീതിയ്ക്ക് പകരമാണ് പുതിയ മാര്‍ഗനിര്‍ദേശം. ചെറിയ അക്ഷരത്തെറ്റുകള്‍, ഡാറ്റ എന്‍ട്രി പിശകുകള്‍, വിവാഹശേഷമോ, വിവാഹ മോചനത്തിന് ശേഷമോ വീട്ടുപേരിലോ ഇനിഷ്യലിലോ ഉള്ള മാറ്റങ്ങള്‍, പ്രാദേശിക ഭാഷാ തിരുത്തലുകള്‍, വലിയ രീതിയിലുള്ള പേര് മാറ്റങ്ങള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി തിരിച്ചാണ് മാര്‍ഗനിര്‍ദേശം നല്‍കിയിരിക്കുന്നത്. ദുരുപയോഗവും വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടാക്കുന്നതും തടയുന്നതിനായി അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന രേഖകള്‍, സത്യവാങ്മൂലങ്ങള്‍, ഗസ്റ്റ് വിജ്ഞാപനങ്ങള്‍ എന്നിവ കര്‍ശനമായി പരിശോധിക്കുന്നതാണെന്നും യുഐഡിഎഐ വ്യക്തമാക്കി.

പുതിയ മാര്‍ഗനിര്‍ദേശം അനുസരിച്ച് ആധാറില്‍ ചേര്‍ക്കുന്ന പേരുകള്‍ വലിയ അക്ഷരത്തില്‍ ആയിരിക്കണം. പദവികളോ, അപര നാമങ്ങളോ, ഔദ്യോഗിക പദവികളോ, പ്രത്യേക ചിഹ്നങ്ങളോ ഉപയോഗിക്കാന്‍ പാടില്ല. അപേക്ഷകന്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖയിലുള്ള പേര് അതേപടി തന്നെ ആധാറിലും ചേര്‍ക്കപ്പെടും എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.

ചെറിയ പേര് മാറ്റം

ഇനിഷ്യലുകള്‍ വികസിപ്പിക്കുക, മിഡില്‍ നെയിമോ ലാസ്റ്റ്് നെയിമോ ഉള്‍പ്പെടുത്തുക തുടങ്ങിയ ചെറിയ പേര് മാറ്റത്തിന് തിരിച്ചറിയല്‍ രേഖയോ 18 വയസില്‍ താഴെയുള്ള കുട്ടികള്‍ ആണെങ്കില്‍ ബന്ധം തെളിയിക്കുന്ന രേഖയോ സമര്‍പ്പിച്ചാല്‍ മതിയാകും. ചെറിയ അക്ഷരത്തെറ്റുകളും ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കിയാല്‍ മാറ്റി തരുന്നതാണ്.

വിവാഹ ശേഷമോ വിവാഹ മോചന ശേഷമോ ഉള്ള പേര് മാറ്റങ്ങള്‍ക്ക് തിരിച്ചറിയല്‍ രേഖയും സത്യവാങ്മൂലവും സമര്‍പ്പിക്കേണ്ടതാണ്. വലിയ പേര് മാറ്റങ്ങള്‍ക്ക് ഗസ്റ്റ് വിജ്ഞാപനം നിര്‍ബന്ധമാണ്. ഇതുകൂടാതെ സാധാരണ തിരിച്ചറിയല്‍ രേഖകളും സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകന്റെ പഴയ പേരുകള്‍ പരിശോധിക്കുകയും സമര്‍പ്പിച്ച ഗസ്റ്റ് വിജ്ഞാപനവും സത്യവാങ്മൂലങ്ങളും വ്യാജമല്ലെന്ന് യുഐഡിഎഐ ഉറപ്പുവരുത്തുകയും ചെയ്യും. നിലവിലെ ചട്ടം അനുസരിച്ച് ഒരു വ്യക്തിക്ക് തന്റെ ആധാറില്‍ രണ്ടു തവണ മാത്രമേ പേര് മാറ്റാന്‍ സാധിക്കുകയുള്ളൂ. പേര് മാറ്റത്തിന് അടുത്ത ആധാര്‍ സേവാ കേന്ദ്രത്തിലോ ആധാര്‍ എന്‍ റോള്‍മെന്റ് സെന്ററിലോ ആണ് പോകേണ്ടത്.

News Now

Summary

UIDAI Issues New Rules For Aadhaar Name Corrections

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates