ജഡേജയെ റിലീസ് ചെയ്യുന്നു? ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് 

ഐപിഎല്‍ 2023 സീസണിന് മുന്‍പായുള്ള താര ലേലം ഡിസംബര്‍ 16ന് ബെംഗളൂരുവില്‍ നടക്കും

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 9:07 am IST
Edited by :migrator

ന്യൂഡല്‍ഹി: ഐപിഎല്‍ 2023 സീസണിന് മുന്‍പായുള്ള താര ലേലം ഡിസംബര്‍ 16ന് ബെംഗളൂരുവില്‍ നടക്കും. താര ലേലത്തിന് മുന്‍പായി റിലീസ് ചെയ്യുന്ന കളിക്കാരുടെ പട്ടിക സമര്‍പ്പിക്കാന്‍ നവംബര്‍ 15 വരെയാണ് ഫ്രാഞ്ചൈസികള്‍ക്ക് സമയം. ഇതോടെ രവീന്ദ്ര ജഡേജയും ചെന്നൈ സൂപ്പര്‍ കിങ്‌സും വഴി പിരിയുമോ എന്ന ചോദ്യം ശക്തമാവുന്നു. 

ജഡേജയും ചെന്നൈയും തമ്മിലുള്ള ബന്ധം നല്ല നിലയില്‍ അല്ല എന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ഏതാനും മാസമായി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സന്ദേശങ്ങള്‍ക്കോ ഫോണ്‍ കോളുകള്‍ക്കോ ജഡേജ മറുപടി നല്‍കിയിട്ടില്ല. എന്നാല്‍ ഇരുവരും തമ്മില്‍ ഇപ്പോഴും കരാര്‍ ഉണ്ട്. ജഡേജയെ ബന്ധപ്പെടാന്‍ ഒരു വട്ടം കൂടി ചെന്നൈ സൂപ്പര്‍ കിങ്‌സ് ശ്രമിക്കും. ഈ സമയം ജഡേജ പ്രതികരിച്ചില്ലെങ്കില്‍ ഓള്‍റൗണ്ടറെ ചെന്നൈ റിലീസ് ചെയ്യും, ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. 

അടുത്ത 5-6 ദിവസത്തിനുള്ളില്‍ ജഡേജയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് സമീപിക്കും എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ പരിക്കിനെ തുടര്‍ന്ന് എന്‍സിഎയില്‍ പരിശീലനത്തിലാണ് ജഡേജ. ട്വന്റി20 ലോകകപ്പ് ജഡേജയ്ക്ക് നഷ്ടമായി. കഴിഞ്ഞ ഐപിഎല്‍ സീസണിന്റെ തുടക്കത്തിലാണ് ജഡേജയെ ചെന്നൈ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. എന്നാല്‍ ടീം തോല്‍വികളിലേക്ക് വീണതോടെ ധോനി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്തി. ബാറ്റിങ്ങിലും ബൗളിങ്ങിലും മികവ് കാണിക്കാനും ജഡേജയ്ക്ക് കഴിഞ്ഞില്ല. 

മിനി താര ലേലത്തില്‍ ഫ്രാഞ്ചൈസികളുടെ ചിലവാക്കാവുന്ന തുക 90 കോടിയില്‍ 95 കോടിയായി ഉയര്‍ത്തിയിട്ടുണ്ട്. രവീന്ദ്ര ജഡേജയെ ചെന്നൈ റിലീസ് ചെയ്താല്‍ 19.45 കോടി രൂപ കൂടി അവര്‍ക്ക് ചിലവാക്കാനാവും. 2012 മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമാണ് ജഡേജ.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now