'ഐപിഎല്ലിനെക്കുറിച്ച് കുക്കിന് വലിയ പിടിയില്ല, ഈ തണുപ്പില്‍ കൗണ്ടി കളിച്ചിട്ട് എന്തു കാര്യം'

ബേതേലിനെ ചൊല്ലി കൊമ്പുകോര്‍ത്ത് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍മാര്‍

 Jacob Bethell training
Jacob Bethellx
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :23 ഏപ്രിൽ 2026, 9:33 pm IST

ബംഗളൂരു: ടി20 ലോകകപ്പില്‍ ശ്രദ്ധേയ പ്രകടനം നടത്തിയ ഇംഗ്ലണ്ട് താരം ജേക്കബ് ബേതേല്‍ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരമാണ്. എന്നാല്‍ ഇതുവരെയായി താരത്തിനു കാര്യമായ അവസരങ്ങള്‍ കിട്ടിയിട്ടില്ല. ഈ പശ്ചാത്തലത്തില്‍ ബേതേല്‍ ഐപിഎല്‍ ഒഴിവാക്കി ഇംഗ്ലണ്ടിലേക്ക് തിരിച്ചു വന്ന് കൗണ്ടി ക്രിക്കറ്റ് കളിക്കണമെന്നു മുന്‍ ഇംഗ്ലണ്ട് നായകനും ഇതിഹാസ താരവുമായ അലിസ്റ്റര്‍ കുക്ക് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുക്കിന്റെ ഈ അഭിപ്രായത്തോടെ വിയോജിപ്പുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്‌സന്‍ രംഗത്തെത്തിയതോടെ ചര്‍ച്ച കേറിയങ്ങ് കൊളുത്തിയിരിക്കുകയാണ് ഇപ്പോള്‍.

കുക്ക് അങ്ങനെയൊരു നിര്‍ദ്ദേശം വച്ചെങ്കിലും ബേതേല്‍ ഐപിഎല്ലില്‍ തുടരാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. അതിനിടെയാണ് കുക്കിന്റെ അഭിപ്രായം തള്ളി പീറ്റേഴ്‌സന്‍ രംഗത്തു വന്നത്.

കരിയറില്‍ ഇതുവരെ ഐപിഎല്‍ കളിക്കാത്ത താരമാണ് കുക്ക്. അതിനാല്‍ തന്നെ അദ്ദേഹത്തിനു ഐപിഎല്ലില്‍ എന്താണ് നടക്കുന്നത് എന്നതിനെപ്പറ്റി വലിയ ധാരണയൊന്നുമില്ലെന്നും ബേതേല്‍ ഐപിഎല്ലില്‍ തുടരണമെന്നും പീറ്റേഴ്‌സന്‍ വ്യക്തമാക്കി.

'ഐപിഎല്‍ എങ്ങനെയാണെന്നു അലിസ്റ്റര്‍ കുക്കിനു ഒരു ധാരണയുമില്ല. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ക്കിടയില്‍ ദിവസങ്ങളോളം കഴിയുന്നതിന്റെ അനുഭവമൊന്നും കുക്കിനെ സംബന്ധിച്ച് ഇല്ല. അതിനാല്‍ തന്നെ ബേതേലിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യത്തിനു ആരു വില കല്‍പ്പിക്കുന്നു. ജേക്കബ് നീ ഇന്ത്യയില്‍ തന്നെ തുടരുക. നിനക്ക് ഇപ്പോള്‍ അവസരം കിട്ടുന്നില്ലായിരിക്കാം. കളിക്കുന്നില്ലെങ്കില്‍ പോലും നിനക്ക് വലിയ കാര്യങ്ങള്‍ പഠിക്കാനുള്ള അവസരമാണ് മുന്നിലുള്ളത്. അതില്‍ നിന്നു പാഠങ്ങള്‍ ഉള്‍ക്കൊണ്ട് കൂടുതല്‍ മികച്ച താരമായി മാറുമെന്നു എനിക്കുറപ്പാണ്'- പീറ്റേഴ്‌സന്‍ എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി.

അതിനിടെ കുക്കിനെ അനുകൂലിച്ച് സംസാരിച്ച ഒരു ആരാധകനു പീറ്റേഴ്‌സന്‍ ശക്തമായ ഭാഷയില്‍ മറുപടി നല്‍കുന്നുമുണ്ട്. കുക്കിന്റെ അഭിപ്രായത്തോടാണ് തനിക്ക് യോജിപ്പെന്നായിരുന്നു ആരാധകന്റെ കമന്റ്. കെപി താങ്കളോട് യോജിക്കാന്‍ സാധിക്കില്ലെന്നും ആരാധകന്‍ പറയുന്നു. എല്ലാ മത്സരത്തിലും പുറത്തിരിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് എന്തുകാര്യമെന്നും കളിക്കാന്‍ അവസരം കിട്ടുകയാണു വേണ്ടതെന്നും അല്ലാതെ നെറ്റ്‌സില്‍ റണ്‍സ് അടിച്ചതുകൊണ്ടു കാര്യമില്ലെന്നും ആരാധകന്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് പീറ്റേഴ്‌സന്‍ നല്‍കിയ മറുപടി ഇങ്ങനെ.

'ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ക്കൊപ്പം പരിശീലക്കാന്‍ അവസരമുണ്ട്. ലോകത്തെ മികച്ച താരങ്ങളുടെ ക്രിക്കറ്റ് ഏറ്റവും അടുത്തു നിന്നു കാണാം. ലോകത്തിലെ ഏറ്റവും മികച്ച പരിശീലകരോടു നിരന്തരം സംസാരിക്കാനുള്ള അവസരമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളുമായി ദീര്‍ഘകാലത്തേക്ക് സൗഹൃദമുണ്ടാക്കാനുള്ള അവസരവും ലഭിക്കുന്നു. ഭാവിയില്‍ ഇന്ത്യയില്‍ പര്യടനത്തിനു വരുന്ന ഇംഗ്ലണ്ട് ടീമില്‍ ബേതേലുമുണ്ടാകും. അപ്പോള്‍ അദ്ദേഹത്തിനു ഇവിടുത്തെ സാഹചര്യങ്ങളുമായി എളുപ്പം പരിചിതമാകാന്‍ ഐപിഎല്‍ സഹായകമാകും. ഏപ്രില്‍ മാസത്തെ തണുപ്പില്‍ ഡെര്‍ബിയില്‍ പോയി കൗണ്ടി കളിക്കുന്നതാണ് ഐപിഎല്ലിനേക്കാള്‍ മികച്ചത് എന്നാണ് നിങ്ങള്‍ കരുതുന്നത് എങ്കില്‍ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല'- പീറ്റേഴ്‌സന്‍ വ്യക്തമാക്കി.

ഐപിഎല്ലില്‍ ഇലവനില്‍ അവസരം കിട്ടിയിട്ടില്ലെങ്കിലും ഇത്രയും ദിവസം കൊണ്ടു തന്നെ തന്റെ കളിയില്‍ പ്രകടമായ വ്യത്യാസം വന്നിട്ടുണ്ടെന്നാണ് ബേതേലും പറയുന്നത്. അതിനാല്‍ തുടര്‍ന്നും ആര്‍സിബിക്കൊപ്പം തുടരാന്‍ തന്നെയാണ് തന്റെ തീരുമാനമെന്നും ബേതേല്‍ വ്യക്തമാക്കി.

News Now

Summary

IPL 2026: Kevin Pietersen has defended Jacob Bethell's IPL stint

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates