സിക്‌സടിച്ച് ഉറപ്പാക്കി; തുടര്‍ച്ചയായി നാലാം വിജയം; പഞ്ചാബിനെയും തകര്‍ത്ത് ഹൈദരാബാദ്

വിജയത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദിനായി ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്‍ ഒഴികെയുള്ളവര്‍ തിളങ്ങിയതോടെ ഒട്ടും വേവലാതി ഇല്ലാതെ തന്നെ വിജയം പിടിക്കാന്‍ കഴിഞ്ഞു

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 9:00 am IST
Edited by :migrator

മുംബൈ: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. സീസണില്‍ അവര്‍ നേടുന്ന തുടര്‍ച്ചയായ നാലാം വിജയമാണ് ഇത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ 151 റണ്‍സിന് പുറത്തായപ്പോള്‍ ഹൈദരാബാദ് മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 152 റണ്‍സ് എടുത്ത് വിജയം സ്വന്തമാക്കുകയായിരുന്നു.

വിജയത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദിനായി ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്‍ ഒഴികെയുള്ളവര്‍ തിളങ്ങിയതോടെ ഒട്ടും വേവലാതി ഇല്ലാതെ തന്നെ വിജയം പിടിക്കാന്‍ കഴിഞ്ഞു. വില്ല്യംസന്‍ മൂന്ന് റണ്‍സുമായി കൂടാരം കയറി. 

പിന്നീട് ക്രീസില്‍ ഒന്നിച്ച അഭിഷേക് ശര്‍മ (31), രാഹുല്‍ ത്രിപാഠി (34) എന്നിവരും എയ്ഡന്‍ മാര്‍ക്രം (പുറത്താകാതെ 41) നിക്കോളാസ് പൂരന്‍ (പുറത്താകാതെ 35) എന്നിവരും ചേര്‍ന്നാണ് വിജയ തീരത്തെത്തിച്ചത്. 77 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഹൈദരാബാദിനെ മാര്‍ക്രം- പൂരന്‍ സഖ്യം കൂടുതല്‍ നഷ്ടങ്ങളില്ലാതെ വിജയ തീരത്തെത്തിക്കുകയായിരുന്നു. ഏഴ് പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു ഹൈദരാബാദിന്റെ വിജയം. 19ാം ഓവറിലെ അഞ്ചാം പന്ത് സിക്‌സിന് തൂക്കി മാര്‍ക്രം ജയം ഉറപ്പിക്കുകയായിരുന്നു.

പഞ്ചാബിനായി രാഹുല്‍ ചഹര്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. കഗിസോ റബാഡയ്ക്ക് ഒരു വിക്കറ്റ് കിട്ടി.

നേരത്തെ ടോസ് നേടി ഹൈദരാബാദ് പഞ്ചാബിനെ ബാറ്റിങിന് വിടുകയായിരുന്നു. മായങ്ക് അഗര്‍വാളിന് പകരം ശിഖര്‍ ധവാനാണ് ടീമിനെ നയിച്ചത്. 

ബാറ്റിങിന് ഇറങ്ങിയ പഞ്ചാബിന് അത്ര സുഖകരമായ തുടക്കമല്ല കിട്ടിയത്. ധവാന്‍, പ്രഭുസിമ്രാന്‍ സിങ്, ജോണി ബെയര്‍സ്‌റ്റോ എന്നിവര്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും അധികം ആയുണ്ടായില്ല. 61 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായ അവരെ ലിയാം ലിവിങ്സ്റ്റണിന്റെ തകര്‍പ്പന്‍ ബാറ്റിങാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്.

33പന്തുകള്‍ നേരിട്ട് അഞ്ച് ഫോറുകളും നാല് സിക്‌സും സഹിതം താരം 60 റണ്‍സ് കണ്ടെത്തി. ഷാരൂഖ് ഖാന്‍ 26 റണ്‍സുമായി ലിവിങ്സ്റ്റണിനെ പിന്തുണച്ചതോടെയാണ് പഞ്ചാബ് രക്ഷപ്പെട്ടത്. 

ധവാന്‍ (8), പ്രഭുസിമ്രാന്‍ (14), ജോണി ബെയര്‍സ്‌റ്റോ (12), ജിതേഷ് ശര്‍മ (11), ഒഡീന്‍ സ്മിത്ത് (13), രാഹുല്‍ ചഹര്‍, വൈഭവ് അറോറ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ സംപൂജ്യരായി മടങ്ങി. കഗിസോ റബാഡ റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു. 

അവസാന ഓവര്‍ എറിഞ്ഞ ഉമ്രാന്‍ മാലിക് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. അവസാന പന്തില്‍ അര്‍ഷ്ദീപ് സിങ് റണ്ണൗട്ടായതോടെ ഈ ഓവറില്‍ റണ്ണൊന്നുമില്ലാതെ നാല് വിക്കറ്റുകള്‍ നിലംപൊത്തി. അവസാന ഓവറിലെ മൂന്ന് വിക്കറ്റടക്കം ഉമ്രാന്‍ നാലോവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റുകള്‍ പിഴുതു. നടരാജന്‍, ജഗദീശ സുചിത് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

News Now