ആര്‍ച്ചര്‍ കളിക്കുന്ന കാര്യം സംശയത്തില്‍; ടി20യിലും ഇംഗ്ലണ്ട് വിയര്‍ക്കും 

ജോഫ്ര ആര്‍ച്ചര്‍/ ഫെയ്സ്ബുക്ക്
Last Updated :20 January 2024, 8:41 am IST

News Now

മുംബൈ: ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ കളിക്കാനിറങ്ങുന്ന ഇംഗ്ലണ്ട് ടീമിന് കനത്ത തിരിച്ചടി. ടി20 സംഘത്തിലെ നിര്‍ണായക സാന്നിധ്യമായ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ കളിക്കുന്ന കാര്യം സംശയത്തിലായതാണ് ടീമിന് തിരിച്ചടിയാകുന്നത്. കൈമുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ആര്‍ച്ചര്‍ വിശ്രമത്തിലാണ്. പരിക്കിനെ തുടര്‍ന്ന് ആര്‍ച്ചര്‍ക്ക് നാലാം ടെസ്റ്റില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. 

അഞ്ച് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്. ഈ മാസം 12, 14, 16, 18, 20തികളിലാണ് മത്സരങ്ങള്‍. എല്ലാ മത്സരങ്ങളും മൊട്ടേരയിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ തന്നെയാണ് അരങ്ങേറുന്നത്. 

ആര്‍ച്ചര്‍ മെഡിക്കല്‍ സംഘത്തിന് നിരീക്ഷണത്തിലാണ്. പരിക്കിന്റെ അവസ്ഥ കണക്കിലെടുത്താണ് കാര്യങ്ങള്‍ തീരുമാനിക്കുക എന്ന് ഇംഗ്ലണ്ട് കോച്ച് ക്രിസ് സില്‍വര്‍വുഡ് വ്യക്തമാക്കി. പരിക്കുണ്ടെങ്കിലും കഴിഞ്ഞ ദിവസം ആര്‍ച്ചര്‍ പരിശീലനത്തിന് ഇറങ്ങിയിരുന്നു. മെഡിക്കല്‍ അംഗങ്ങളുമായി സംസാരിച്ച ശേഷം കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കൈമുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് രണ്ടാം ടെസ്റ്റില്‍ നിന്ന് ആര്‍ച്ചര്‍ വിട്ടുനിന്നിരുന്നു. എല്ലാ ഫോര്‍മാറ്റിലും ആര്‍ച്ചര്‍ ടീമിലുണ്ടാകണമെന്ന് ആഗ്രഹിക്കുന്നതായി സില്‍വര്‍വുഡ് പറയുന്നു. സുദീര്‍ഘവും ഉജ്ജ്വലവുമായ ഒരു ടെസ്റ്റ് കരിയറും അര്‍ച്ചറെ കാത്തിരിക്കുന്നുണ്ടെന്നും സില്‍വര്‍വുഡ് വ്യക്തമാക്കി. അതുകൊണ്ടു തന്നെ പരിക്കിന്റെ അവസ്ഥ അനുസരിച്ചായിരിക്കും താരത്തെ കളിപ്പിക്കണമോ എന്ന് തീരുമാനിക്കുക എന്നും ഇംഗ്ലണ്ട് പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates