അവിടെ കണ്ടത് ഷോട്ട് സെലക്ഷന്റെ പ്രശ്‌നം മാത്രം, ഇനിയും ആക്രമിച്ച് തന്നെ ബാറ്റ് ചെയ്യും: ശൈലി മാറ്റാതെ വെസ്റ്റ് ഇന്‍ഡീസ് 

ആദ്യ കളിയില്‍ നാണം കെട്ടെങ്കിലും ആക്രമിച്ച് ബാറ്റ് ചെയ്യുന്ന ശൈലി തന്നെ തുടരും എന്നാണ് വിന്‍ഡിസ് മുഖ്യ പരിശീലകന്‍ ഫില്‍ സിമ്മണ്‍സ് പറയുന്നത്

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:50 am IST

ദുബായ്: ട്വന്റി20 ലോകകപ്പിലെ തങ്ങളുടെ ഏറ്റവും ചെറിയ ടോട്ടലിലേക്ക് തകര്‍ന്നടിഞ്ഞതിന് പിന്നാലെ ടൂര്‍ണമെന്റിലെ രണ്ടാമത്തെ കളിക്ക് ഇറങ്ങുകയാണ് വെസ്റ്റ് ഇന്‍ഡീസ്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരെയാണ് വിന്‍ഡിസ് ആദ്യ ജയം തേടി ഇറങ്ങുന്നത്. ആദ്യ കളിയില്‍ നാണം കെട്ടെങ്കിലും ആക്രമിച്ച് ബാറ്റ് ചെയ്യുന്ന ശൈലി തന്നെ തുടരും എന്നാണ് വിന്‍ഡിസ് മുഖ്യ പരിശീലകന്‍ ഫില്‍ സിമ്മണ്‍സ് പറയുന്നത്. 

മോശം ഷോട്ട് സെലക്ഷനാണ് ശനിയാഴ്ച കണ്ടത്. ബൗളിങ് പക്ഷേ അങ്ങനെയായിരുന്നില്ല. വളരെ നന്നായി ഞങ്ങള്‍ പന്തെറിഞ്ഞു. ഇംഗ്ലണ്ടിന് എതിരെ നേരത്തെ കളിച്ചിട്ടുള്ള കളിക്കാരാണ് ടീമിലുള്ളത്. അതിനാല്‍ ഇവിടെ മോശം ഷോട്ട് സെലക്ഷന്റെ പ്രശ്‌നം മാത്രമാണ് ഞാന്‍ കാണുന്നത്. ചൊവ്വാഴ്ച ഇറങ്ങുമ്പോള്‍ ആ ഷോട്ട് സെലക്ഷന്‍ പത്തിരട്ടി മെച്ചപ്പെടുത്തണം, വിന്‍ഡിസ് പരിശീലകന്‍ പറഞ്ഞു. 

യുഎഇയിലെ സ്ലോ പിച്ചുകളില്‍ അതിജീവിക്കാന്‍ വഴി കണ്ടെത്തും

ഞങ്ങളുടെ സ്വതസിദ്ധമായ ശൈലി തന്നെ തുടരും. എന്നാല്‍ യുഎഇയിലെ വേഗം കുറഞ്ഞ പിച്ചുകളില്‍ അതിജീവിക്കുന്നതിന് വേണ്ട വഴി സ്വീകരിക്കാന്‍ ബാറ്റ്‌സ്മാന്മാരോട് ആവശ്യപ്പെടും. എങ്കിലും ആക്രമിച്ച് കളിക്കുന്ന ശൈലി തന്നെയാവും പിന്തുടരുക. സാഹചര്യവും കളിയും വിലയിരുത്തുന്നതില്‍ ഇംഗ്ലണ്ടിനെതിരെ പിഴച്ചിരുന്നു. അതിലും മെച്ചപ്പെടേണ്ടതുണ്ടെന്ന് വിന്‍ഡിസ് പരിശീലകന്‍ ചൂണ്ടിക്കാണിച്ചു. 

14.2 ഓവറില്‍ 55 റണ്‍സിനാണ് വിന്‍ഡിസ് ഇംഗ്ലണ്ടിനെതിരെ തകര്‍ന്നടിഞ്ഞത്. 13 റണ്‍സ് നേടിയ ക്രിസ് ഗെയ്ല്‍ ആണ് അവരുടെ ടോപ് സ്‌കോറര്‍. മറ്റൊരു വിന്‍ഡിസ് താരത്തിനും രണ്ടക്കം തൊടാനായില്ല. എന്നാല്‍ ബൗളിങ്ങിലേക്ക് എത്തിയപ്പോള്‍ ചെറിയ വിജയ ലക്ഷ്യമായിട്ടും ഇംഗ്ലണ്ടിനെ വിറപ്പിക്കാന്‍ വിന്‍ഡിസിന് കഴിഞ്ഞു. നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ടിന് വിജയ ലക്ഷ്യം മറികടക്കാനായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now