ലോര്‍ഡ്‌സില്‍ പേസ് വാഴ്ച! ഓസ്‌ട്രേലിയ 212ന് പുറത്ത്, തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ പ്രോട്ടീസ്

ആദ്യ ദിനത്തില്‍ വീണ 14ല്‍ 12 വിക്കറ്റുകളും പേസ് ബൗളര്‍മാര്‍ സ്വന്തമാക്കി

Mitchell Starc at WTC Final 2025
മിച്ചൽ സ്റ്റാർക്ക് (WTC Final 2025)x
Edited by :renjith.k
Last Updated :12 ജൂൺ 2025, 3:50 pm IST

ലണ്ടന്‍: ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ (WTC Final 2025) ആവേശകരമായ രണ്ടാം ദിനത്തിലേക്ക്. ഓസ്‌ട്രേലിയയെ 212 റണ്‍സില്‍ പുറത്താക്കി ദക്ഷിണാഫ്രിക്ക വമ്പന്‍ ബൗളിങുമായി കളം വാണപ്പോള്‍ ഒന്നാം ദിനത്തില്‍ അതേ നാണയത്തില്‍ ഓസീസ് തിരിച്ചടിച്ചു. ദക്ഷിണാഫ്രിക്ക 4 വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സെന്ന നിലയിലാണ് ഒന്നാം ദിനം അവസാനിപ്പിച്ചത്.

രണ്ടാം ദിനത്തില്‍ കരുതലോടെ നീങ്ങുകയാണ് ദക്ഷിണാഫ്രിക്ക. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ അവര്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സെന്ന നിലയിലാണ്. 26 റണ്‍സുമായി ക്യാപ്റ്റന്‍ ടെംബ ബവുമയും 17 റണ്‍സുമായി ഡേവിഡ് ബെഡിങ്ഹാമുമാണ് ക്രീസില്‍. 6 വിക്കറ്റുകള്‍ കൈയിലിരിക്കെ ഓസീസ് സ്‌കോറിനൊപ്പമെത്താന്‍ പ്രോട്ടീസിനു ഇനി 136 റണ്‍സ് കൂടി വേണം.

പേസ് ബൗളര്‍മാരുടെ തേര്‍വാഴ്ചയാണ് ലോര്‍ഡ്‌സില്‍ ഒന്നാം ദിനം കണ്ടത്. ഓസ്‌ട്രേലിയയുടെ പത്തില്‍ എട്ട് വിക്കറ്റുകളും പേസര്‍മാര്‍ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ദിനം നഷ്ടമായ 4 വിക്കറ്റുകളും പേസര്‍മാര്‍ തന്നെ നേടി.

പ്രോട്ടീസിനായി കഗിസോ റബാഡ 5 വിക്കറ്റുകളും മാര്‍ക്കോ യാന്‍സന്‍ 3 വിക്കറ്റുകളും നേടി. ശേഷിച്ച രണ്ട് വിക്കറ്റുകള്‍ സ്പിന്നര്‍മാരായ കേശവ് മഹാരാജും എയ്ഡന്‍ മാര്‍ക്രവും നേടി.

മറുപടി പറയാനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തില്‍ 30 റണ്‍സ് ചേര്‍ക്കുന്നതിനിടെ 4 വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പരുങ്ങിയിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. ആദ്യ ദിനത്തില്‍ വീണ 14ല്‍ 12 വിക്കറ്റുകളും പേസ് ബൗളര്‍മാര്‍ സ്വന്തമാക്കി

ഒന്നാം ഇന്നിങ്‌സില്‍ ഓസീസിനായി ബ്യു വെബ്‌സ്റ്ററും മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും അര്‍ധ സെഞ്ച്വറികള്‍ നേടി. മറ്റാരും കാര്യമായി പൊരുതിയില്ല. വെബ്സ്റ്റര്‍ 72 റണ്‍സും സ്മിത്ത് 66 റണ്‍സും കണ്ടെത്തി.

News Now