
എഐ ഭീമന് ഉപദേശം നല്‍കാന്‍ ഹിന്ദു സന്യാസി? സിലിക്കണ്‍ വാലിയില്‍ സ്വാമി സര്‍വപ്രിയാനന്ദയുമായി ആന്ത്രോപിക്കിന്റെ രഹസ്യ കൂടിക്കാഴ്ച
'ക്ലോഡ്' എഐ മോഡലിന് ധാര്‍മിക മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുക എന്നതായിരുന്നു ഈ സംഗമത്തിന്റെ പ്രധാന ലക്ഷ്യം

ആധുനിക സാങ്കേതികവിദ്യയുടെ ആസ്ഥാനമായ സിലിക്കണ്‍ വാലിയില്‍, ലോകത്തിലെ ഏറ്റവും മികച്ച എഐ കമ്പനികളിലൊന്നായ ആന്ത്രോപിക് രഹസ്യ കൂടിക്കാഴ്ചയ്ക്കായി അതിഥികളെ ക്ഷണിക്കാറുണ്ട്. എന്നാല്‍ ഇത്തവണ അവരുടെ ക്ഷണം സ്വീകരിച്ച് എത്തിയത് കോഡിങ് വിദഗ്ധരോ സാങ്കേതിക പ്രഫസര്‍മാരോ ആയിരുന്നില്ല. കാവി വസ്ത്രമണിഞ്ഞ ഒരു ഹിന്ദു സന്യാസിയായിരുന്നു. വേദാന്ത തത്ത്വചിന്തകനും പ്രഭാഷകനുമായ സ്വാമി സര്‍വപ്രിയാനന്ദയെയാണ് ആന്ത്രോപിക് വിമാന ടിക്കറ്റും താമസസൗകര്യവും നല്‍കി സാന്‍ഫ്രാന്‍സിസ്‌കോയിലെ തങ്ങളുടെ ആസ്ഥാനത്തേക്ക് ക്ഷണിച്ചുവരുത്തിയത്.
എന്തിനായിരുന്നു ഈ കൂടിക്കാഴ്ച?
ആന്ത്രോപിക് നിര്‍മിച്ച 'ക്ലോഡ്' എഐ മോഡലിന് ധാര്‍മിക മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുക എന്നതായിരുന്നു ഈ അപൂര്‍വ സംഗമത്തിന്റെ പ്രധാന ലക്ഷ്യം. രഹസ്യസ്വഭാവമുള്ള കരാറില്‍ ഒപ്പുവെച്ച ശേഷമായിരുന്നു മീറ്റിങ് നടന്നത്. ചര്‍ച്ചയില്‍ സ്വാമി സര്‍വപ്രിയാനന്ദയെ കൂടാതെ കത്തോലിക്കാ സഭ, ജൂതമതം, സിഖ് മതം, ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനിറ്റി എന്നിവയില്‍ നിന്നുള്ള മറ്റ് മത തത്ത്വചിന്തകരും മാനസികാരോഗ്യ വിദഗ്ദ്ധരും പങ്കെടുത്തിരുന്നു.
ചര്‍ച്ചയായ പ്രധാന ചോദ്യങ്ങള്‍
എഐ സംവിധാനങ്ങള്‍ക്ക് ഭാവിയില്‍ ബോധമനസ്സ് ഉണ്ടാകുമോ?
അവയ്ക്ക് സ്വന്തമായി ശരിതെറ്റുകള്‍ തിരിച്ചറിയാനുള്ള ധാര്‍മിക അവബോധം നല്‍കാന്‍ സാധിക്കുമോ?
പൗരാണിക തത്ത്വചിന്തകള്‍ക്ക് ആധുനിക സാങ്കേതികവിദ്യയെ സന്മാര്‍ഗപാതയില്‍ നയിക്കാന്‍ സാധിക്കുമോ?
എന്തുകൊണ്ട് ഹിന്ദു സന്യാസി
സിലിക്കണ്‍ വാലിയിലെ പ്രമുഖ എഐ കമ്പനി കോഡിങ് വിദഗ്ധരെയോ സയന്റിസ്റ്റുകളെയോ വിളിപ്പിക്കുന്നതിന് പകരം ഒരു ഹിന്ദു സന്യാസിയെ തേടിപ്പിടിച്ചതിന് പിന്നില്‍ കാതലായ ചില കാരണങ്ങളുണ്ട്. കേവലം മതപരമായ കാര്യങ്ങള്‍ പറയുന്ന ആളല്ല സ്വാമി സര്‍വപ്രിയാനന്ദ. അദ്വൈത വേദാന്തത്തെയും ഉപനിഷത്തുകളെയും ആധുനിക പാശ്ചാത്യ ശാസ്ത്രത്തോടും തത്ത്വചിന്തയോടും യുക്തിഭദ്രമായി താരതമ്യം ചെയ്ത് സംസാരിക്കാന്‍ അദ്ദേഹത്തിന് സവിശേഷമായ കഴിവുണ്ട്. ആഗോളതലത്തില്‍ ലക്ഷക്കണക്കിന് യുവാക്കളും സാങ്കേതികവിദ്യാ വിദഗ്ധരും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ പിന്തുടരുന്നുണ്ട്.

'യന്ത്രങ്ങള്‍ക്ക് ബുദ്ധിയുണ്ടാകാം, എന്നാല്‍ അവയ്ക്ക് ശരിയായ ദിശാബോധവും മൂല്യങ്ങളും നല്‍കാന്‍ ശാസ്ത്രത്തോടൊപ്പം തത്ത്വചിന്തയും വേണം' എന്ന തിരിച്ചറിവാണ് ഒരു ഹിന്ദു സന്യാസിയെ സിലിക്കണ്‍ വാലിയിലേക്ക് എത്തിച്ചത്
അദ്വൈത വേദാന്ത തത്ത്വചിന്തയില്‍ 'ബോധം' (Consciounsess), 'ആത്മാവ്', 'മനസ്സ്' എന്നിവയെക്കുറിച്ച് നൂറ്റാണ്ടുകളായുള്ള ആഴത്തിലുള്ള പഠനങ്ങളും ചിന്തകളുമുണ്ട്. എഐ സാങ്കേതികവിദ്യ അതിവേഗം വളരുമ്പോള്‍, യന്ത്രങ്ങള്‍ക്ക് എന്നെങ്കിലും സ്വന്തമായി ബോധമനസ്സ് ഉണ്ടാകുമോ എന്ന വലിയ ചോദ്യത്തിന് മുന്നില്‍ ഉത്തരം കണ്ടെത്താന്‍ ഈ പൗരാണിക ഭാരതീയ ചിന്തകള്‍ക്ക് സാധിക്കുമെന്ന് ആന്ത്രോപിക് വിശ്വസിക്കുന്നു.
മനുഷ്യന്‍ വികസിപ്പിക്കുന്ന എഐ ഏത് തരം മൂല്യങ്ങള്‍ പിന്തുടരണം? ഭാരതീയ തത്ത്വചിന്തയിലെ ധര്‍മം, കര്‍മം, അഹിംസ തുടങ്ങിയ സങ്കല്പങ്ങള്‍ സാര്‍വ്വത്രിക നന്മയെയും (Universal Good) ലോകക്ഷേമത്തെയും അധിഷ്ഠിതമാക്കിയുള്ളതാണ്. ഇത് എഐക്ക് ശരിയും തെറ്റും തിരിച്ചറിയാനുള്ള ഒരു മികച്ച ധാര്‍മ്മിക ചട്ടക്കൂട് (Moral Framework) നല്‍കാന്‍ സഹായിക്കും.
എഐ മോഡലുകള്‍ കേവലം പാശ്ചാത്യ സംസ്‌കാരത്തിന്റെയോ ഒരു പ്രത്യേക രാജ്യത്തിന്റെയോ കാഴ്ചപ്പാടില്‍ മാത്രം പരിശീലനം നേടരുത്. അത് ലോകത്തിലെ വിവിധ സംസ്‌കാരങ്ങളെയും മതങ്ങളെയും ഒരുപോലെ മനസ്സിലാക്കണം. അതുകൊണ്ടാണ് കത്തോലിക്ക, ജൂത, സിഖ് പണ്ഡിതന്മാര്‍ക്കൊപ്പം പ്രമുഖ ഹിന്ദു സന്യാസിയായ സ്വാമി സര്‍വ്വപ്രിയാനന്ദയെയും അവര്‍ ചര്‍ച്ചയില്‍ പങ്കാളിയാക്കിയത്. 'യന്ത്രങ്ങള്‍ക്ക് ബുദ്ധിയുണ്ടാകാം, എന്നാല്‍ അവയ്ക്ക് ശരിയായ ദിശാബോധവും മൂല്യങ്ങളും നല്‍കാന്‍ ശാസ്ത്രത്തോടൊപ്പം തത്ത്വചിന്തയും വേണം' എന്ന തിരിച്ചറിവാണ് ഒരു ഹിന്ദു സന്യാസിയെ സിലിക്കണ്‍ വാലിയിലേക്ക് എത്തിച്ചത്.
സൂപ്പര്‍ഇന്റലിജന്‍സ് മനുഷ്യരാശിയെ നശിപ്പിക്കുമോ?
ആര്‍ട്ടിഫിഷ്യല്‍ സൂപ്പര്‍ഇന്റലിജന്‍സ് മനുഷ്യരാശിക്ക് വലിയ ഭീഷണിയാകില്ലെന്നാണ് സിലിക്കണ്‍ വാലിയിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം നടന്ന അഭിമുഖത്തില്‍ സ്വാമി സര്‍വപ്രിയാനന്ദ പ്രതികരിച്ചത്. തത്ത്വചിന്തകനായ നിക്ക് ബോസ്‌ട്രോമിന്റെ 'സൂപ്പര്‍ഇന്റലിജന്‍സ്' എന്ന പുസ്തകം പരാമര്‍ശിച്ച അദ്ദേഹം, മനുഷ്യരും എഐയും തമ്മില്‍ ഉണ്ടായേക്കാവുന്ന പരസ്പരവിരുദ്ധ നിലപാടുകളെക്കുറിച്ച് വിശദീകരിച്ചു. നിലവിലെ എഐ ചില പ്രത്യേക മേഖലകളില്‍ സമര്‍ത്ഥമാണെങ്കിലും പൂര്‍ണശേഷിയുള്ള ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് (AGI) ഇനിയും ഏറെ ദൂരെയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

'എഐ ഭാവിയില്‍ വലിയ വെല്ലുവിളിയായാല്‍ പോലും അത് താത്കാലികം മാത്രമായിരിക്കും'
സൂപ്പര്‍ഇന്റലിജന്‍സ് മനുഷ്യരാശിയെ നശിപ്പിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് വേദാന്ത തത്ത്വങ്ങള്‍ മുന്‍നിര്‍ത്തി അദ്ദേഹം പറഞ്ഞു. പ്രപഞ്ചത്തിലെ ഭൗതിക പദാര്‍ഥങ്ങള്‍ മുതല്‍ സൂപ്പര്‍ഇന്റലിജന്‍സ് വരെയുള്ള സകലതും അന്തിമമായി വലിയൊരു പരമസത്യത്തിന്റെ ഭാഗമാണെന്നും, പ്രപഞ്ചം സംരക്ഷിക്കപ്പെടുന്നു എന്നുമാണ് വേദാന്തം പഠിപ്പിക്കുന്നത്. എഐ ഭാവിയില്‍ വലിയ വെല്ലുവിളിയായാല്‍ പോലും അത് താത്കാലികം മാത്രമായിരിക്കുമെന്നും, ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നാലും മനുഷ്യരാശി ഒടുവില്‍ അതിനെ തരണം ചെയ്ത് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്റര്‍നെറ്റ് യുഗത്തിലെ വിവേകാനന്ദന്‍
അദ്വൈത വേദാന്ത തത്ത്വങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ ലോകമെമ്പാടും എത്തിക്കുന്ന സ്വാമി സര്‍വ്വപ്രിയാനന്ദയെ പലരും 'ഡിജിറ്റല്‍ യുഗത്തിലെ സ്വാമി വിവേകാനന്ദന്‍' എന്നാണ് വിശേഷിപ്പിക്കുന്നത്. ടെക്‌നോളജി ലോകം അസാധാരണ വേഗത്തില്‍ വളരുമ്പോള്‍, അത് മനുഷ്യരാശിക്ക് ഭീഷണിയാകാതിരിക്കാന്‍ ഭാരതീയ ചിന്തകള്‍ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നതിന്റെ തെളിവാണ് സിലിക്കണ്‍ വാലിയില്‍ നടന്ന ഈ അപൂര്‍വ സംഗമം. ലാളിത്യമുള്ള സന്യാസവും അത്യാധുനിക എഐയും നേര്‍ക്കുനേര്‍ കണ്ടുമുട്ടിയ വാര്‍ത്ത ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
News Now
Summary
Anthropic Invites Hindu Monk Swami Sarvapriyananda to San Francisco for Private AI Ethics Discussions
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates








