പലപ്പോഴായി നടന്ന ബ്രാഹ്മണകുടിയേറ്റങ്ങളുടെയും അവര്‍ സ്ഥാപിച്ചെടുത്ത ആവാസലോകത്തിന്റെയും ആചാരലോകത്തിന്റെയും ഫോസിലാണ് കേരളത്തിലെ ഓരോ അഗ്രഹാരവും

Last Updated :20 January 2024, 8:09 am IST

News Now

തമിഴ്‌നാട്ടില്‍നിന്നു കുടിയേറിയവരാണ് കല്‍പാത്തി ഗ്രാമത്തിലെ പൂര്‍വികര്‍. തമിഴ്‌നാട്ടിലെ മധുരയ്ക്ക് സമീപമുള്ള ജൈനമതകേന്ദ്രമായ രാജകല്‍പാത്തിയെ അനുകരിച്ച് കുടിയേറിയ സ്ഥലത്തിന് ഈ പേര് നല്‍കിയതായിരിക്കാം. ഭൂമിശാസ്ര്തക്കാരന്‍ പറയുന്നത് മറ്റൊന്ന്. പാത്തി എന്ന വാക്ക് കൃഷിയുമായി ബന്ധപ്പെട്ടതാണ്. വെള്ളം ദൂരേക്ക് ഒഴുക്കിക്കൊണ്ടുപോകാന്‍ കല്ലിലോ തടിയിലോ ഉണ്ടാക്കുന്ന ചാലാണ് പാത്തി. പാറക്കെട്ടുകള്‍ ഇടതിങ്ങിനില്‍ക്കുകയും അതിന്റെ വിടവുകള്‍ സൃഷ്ടിക്കുന്ന ചാലിലൂടെ നദി ഒഴുകുകയും ചെയ്തതിനാലാവണം കല്‍പാത്തി എന്ന പേര് ലഭിച്ചത്. ഭാരതപ്പുഴയുടെ കൈവഴി കല്‍പാത്തിയിലെത്തുമ്പോള്‍ അതിന് മറ്റെന്തു പേരിടാനാണ്.ഏതായാലും എട്ടുമുതല്‍ പതിനേഴാം നൂറ്റാണ്ടുവരെ നീണ്ട കാലയളവില്‍ പലപ്പോഴായി നടന്ന ബ്രാഹ്മണകുടിയേറ്റങ്ങളുടെയും അവര്‍ സ്ഥാപിച്ചെടുത്ത ആവാസലോകത്തിന്റെയും ആചാരലോകത്തിന്റെയും ഫോസിലാണ് കേരളത്തിലെ ഓരോ അഗ്രഹാരവും.

'അഗ്രോ ഹരശ്ചഹരിശ്ച' എന്നാണ് പഴമൊഴി. ഹാരമായി കിടക്കുന്ന ഗ്രാമങ്ങളുടെ രണ്ടഗ്രങ്ങളിലും ശിവനും വിഷ്ണുവും സാന്നിദ്ധ്യമരുളുന്നുവെന്നര്‍ത്ഥം. വീടിന്റെ മുന്‍വശത്തുനിന്നാല്‍ ശിവനെയോ വിഷ്ണുവിനെയോ ദര്‍ശിക്കാവുന്ന നിലയിലായിരിക്കും വീടുകള്‍. തഞ്ചാവൂര്‍ ശില്പകലയുടെ കമ്മട്ടത്തില്‍ നിര്‍മിച്ച ഗൃഹങ്ങള്‍.ഇപ്പോള്‍ നിങ്ങള്‍ ആനയിക്കപ്പെട്ടിരിക്കുന്നത് അഗ്രഹാരത്തെരുവിലെ ഒരു വീട്ടിലേക്കാണ്. വീട് എന്നല്ല പറയുക. മഠം എന്നാണ്. 

കോലമിട്ട തറയില്‍നിന്ന് വരാന്തയിലേക്ക് കടക്കുമ്പോള്‍ ഇങ്ങനെ നിങ്ങള്‍ സ്വാഗതം ചെയ്യപെ്പടും. 'യാരിത്? വാങ്കോ.... വാങ്കോ...' ഇപ്പോള്‍ പ്രവേശിക്കുന്നത് തമിഴകത്തേക്കു കൂടിയാണെന്ന് നാമറിയുന്നു.വരാന്തയില്‍നിന്ന് കയറിയാല്‍ ഒരു പൂമുഖം. പൂമുഖത്തുനിന്ന് തുടങ്ങുന്ന ഇടനാഴി വീടിന്റെ പിന്‍വശം വരെ നീണ്ടുകിടക്കുന്നു. സ്ത്രീകള്‍ക്ക് അശുദ്ധിയുള്ള ദിവസങ്ങളില്‍ വീടിനകം അശുദ്ധമാക്കാതെ കടന്നുപോകാനാണത്രെ ഈ വഴി!ഈ ഇടനാഴിയില്‍നിന്ന് വലതുവശത്തേക്ക് തുറക്കുന്ന വാതില്‍ വിശാലമായ തളത്തിലേക്ക് തുറക്കുന്നു. 'ഇതാക്കും കൂടം.' കൂടമെന്നാണ് ഇതിന് പേര്. ഊണും ഉറക്കവും തേവാരവും ഇതിനകത്താക്കിയ കാലമുണ്ടായിരുന്നത്രെ. കൂടത്തില്‍നിന്നും അടുക്കളക്കെട്ടിലേക്ക് കടക്കാം. വീടിന്റെ പിന്‍വശത്ത് ഒന്നോ രണ്ടോ തെങ്ങുമാത്രമുള്ള പറമ്പ്. പറമ്പിന്റെ അറ്റത്തായി ശൗചാലയം. പറമ്പില്‍ നിന്ന് പുറത്തേക്കുള്ള വഴിയാകട്ടെ ശൗചാലയം വൃത്തിയാക്കാന്‍ വരുന്ന തോട്ടികള്‍ക്ക് സഞ്ചരിക്കാനുള്ളത്. ഇതാണ് പരമ്പരാഗത അഗ്രഹാരമഠത്തിന്റെ രേഖാചിത്രം. ഓ മറന്നു. ഒന്നുകൂടിയുണ്ട്. 'കോഫി പോടട്ടുമാ' എന്ന വീട്ടുകാരുടെ ചോദ്യം!ഇന്ന് അഞ്ചു കൊച്ചുഗ്രാമങ്ങള്‍ ചേര്‍ന്നതാണ് കല്‍പാത്തി അഗ്രഹാരം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യാരിത്? വാങ്കോ.... വാങ്കോ...', തമിഴിന്റെ നൈര്‍മല്യം പേറി കല്‍പാത്തി