ഇന്നോവ ക്രിസ്റ്റയുടെ അവസാന അപ്ഡേറ്റ്; 2026 പതിപ്പ് വിപണിയില്‍, പ്രാരംഭ വില 19.72 ലക്ഷം രൂപ

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ അവരുടെ ജനപ്രിയ മോഡലായ ഇന്നോവ ക്രിസ്റ്റയുടെ 2026 പതിപ്പ് ഇന്ത്യയില്‍ പുറത്തിറക്കി

2026 Toyota Innova Crysta Launched
2026 Toyota Innova Crysta LaunchedSOURCE: Toyota
Edited by :Dhanoj AM
Last Updated :4 ജൂൺ 2026, 3:07 pm IST

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ അവരുടെ ജനപ്രിയ മോഡലായ ഇന്നോവ ക്രിസ്റ്റയുടെ 2026 പതിപ്പ് ഇന്ത്യയില്‍ പുറത്തിറക്കി. 19.72 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. ജനപ്രിയ എംപിവിയുടെ പുതിയ അപ്ഡേറ്റില്‍ ഡിസൈനിലെ ചെറിയ മാറ്റങ്ങള്‍, കൂടുതല്‍ സൗകര്യപ്രദമായ ഫീച്ചറുകള്‍, പുതുക്കിയ കാബിന്‍ തീം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടൊയോട്ട ഇലക്ട്രിക് വാഹനങ്ങളിലേക്ക് ക്രമേണ മാറുന്നതിനാല്‍ 2027 ഓടേ ഇന്നോവ ക്രിസ്റ്റ നിര്‍ത്തലാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ ഇത് അവസാന അപ്‌ഡേറ്റ് വേര്‍ഷനാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

അപ്‌ഡേറ്റഡ് ഇന്നോവ ക്രിസ്റ്റയ്ക്ക് പുനര്‍രൂപകല്‍പ്പന ചെയ്ത റേഡിയേറ്റര്‍ ഗ്രില്ലും പരിഷ്‌കരിച്ച ഫ്രണ്ട് ബമ്പര്‍ ഗാര്‍ണിഷും ലഭിക്കുന്നു. ഇത് എംപിവിക്ക് കൂടുതല്‍ പ്രീമിയവും ആകര്‍ഷകവുമായ രൂപം നല്‍കുന്നു. കാബിനിലാണ് കൂടുതല്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ഗ്രേസ് കോപ്പര്‍ (Grace Copper) ഫിനിഷിലുള്ള പുതിയ ഡ്യുവല്‍-ടോണ്‍ ലെതര്‍ സീറ്റ് അപ്‌ഹോള്‍സ്റ്ററിയും പരിഷ്‌കരിച്ച ട്രിം ഘടകങ്ങളും ടൊയോട്ട അവതരിപ്പിച്ചു. ഡാഷ്ബോര്‍ഡ്, ഡോര്‍ ട്രിമ്മുകള്‍, വിവിധ ബെസലുകള്‍ എന്നിവയില്‍ ഇപ്പോള്‍ കോപ്പര്‍ ആക്‌സന്റുകളും വുഡ്-പാറ്റേണ്‍ ഇന്‍സെര്‍ട്ടുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഇന്റീരിയറിന് കൂടുതല്‍ ആഡംബരവും ആധുനികവുമായ ലുക്ക് നല്‍കുന്നു.

വയര്‍ലെസ് ചാര്‍ജര്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ കൂടി ഉള്‍പ്പെടുത്തി ഫീച്ചര്‍ ലിസ്റ്റ് വിപുലീകരിച്ചിട്ടുണ്ട്. സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റുകള്‍ എന്നിവയടങ്ങുന്ന നിലവിലെ ഫീച്ചറുകള്‍ക്ക് പുറമെയാണിത്. ഇന്നോവ ക്രിസ്റ്റയ്ക്ക് കരുത്തേകുന്നത് ടൊയോട്ടയുടെ പരീക്ഷിച്ച് വിജയിച്ച 2.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയാണ്. ഇത് 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ ഡീസല്‍ എന്‍ജിന്റെ മികച്ച ലോ-എന്‍ഡ് പെര്‍ഫോമന്‍സ്, സുഖകരമായ ക്രൂയിസിംഗ് കഴിവ്, ദീര്‍ഘദൂര യാത്രകളിലെ സൗകര്യം എന്നിവയാണ് ഈ എംപിവിയുടെ ജനപ്രീതിക്ക് പ്രധാന കാരണം. ലിറ്ററിന് 15 കിലോമീറ്റര്‍ വരെ മൈലേജ് ടൊയോട്ട അവകാശപ്പെടുന്നുണ്ട്.

ഏഴ് എയര്‍ബാഗുകള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, ഇബിഡി (EBD) സഹിതമുള്ള എബിഎസ് (ABS), ബ്രേക്ക് അസിസ്റ്റ് എന്നിവ സുരക്ഷാവിഭാഗത്തില്‍ ഉള്‍പ്പെടുന്നു. പുതുക്കിയ ഇന്നോവ ക്രിസ്റ്റ അഞ്ച് എക്സ്റ്റീരിയര്‍ നിറങ്ങളില്‍ ലഭ്യമാണ്. പ്ലാറ്റിനം വൈറ്റ് പേള്‍, സൂപ്പര്‍ വൈറ്റ്, സില്‍വര്‍ മെറ്റാലിക്, ആറ്റിറ്റിയൂഡ് ബ്ലാക്ക് മൈക്ക, അവന്ത്-ഗാര്‍ഡ് ബ്രോണ്‍സ് മെറ്റാലിക് എന്നി കളറുകളാണ് കാര്‍ വാഗ്ദാനം ചെയ്യുന്നത്. ബ്രാന്‍ഡിന്റെ ഫ്‌ലാഗ്ഷിപ്പ് എംപിവി ആയി ഇന്നോവ ഹൈക്രോസ് മാറിക്കൊണ്ടിരിക്കുമ്പോഴും, മികച്ച ഈട്, പ്രായോഗികത, ദീര്‍ഘദൂര യാത്രാ സുഖം എന്നിവ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കിടയില്‍ ഡീസല്‍ മോഡലായ ക്രിസ്റ്റയ്ക്ക് ഇപ്പോഴും ശക്തമായ ഡിമാന്‍ഡുണ്ട്.

News Now

Summary

2026 Toyota Innova Crysta Launched in India at Rs. 19.72 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates