എഥനോള്‍ വിവാദത്തില്‍ ഗഡ്കരിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന; നാലു ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കെതിരെ കേസ്

പെട്രോളില്‍ 20 ശതമാനം എഥനോള്‍ കലര്‍ന്ന ഇന്ധനവുമായി (ഇ20) ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ പ്രമുഖ യൂട്യൂബര്‍ മനീഷ് കശ്യപ് ഉള്‍പ്പെടെ നാല് സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കെതിരെ കേസ്.

nitin gadkari
നിതിന്‍ ഗഡ്കരി ഫയല്‍
Edited by :Dhanoj AM
Last Updated :15 ജൂലൈ 2026, 12:40 pm IST

മുംബൈ: പെട്രോളില്‍ 20 ശതമാനം എഥനോള്‍ കലര്‍ന്ന ഇന്ധനവുമായി (ഇ20) ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ പ്രമുഖ യൂട്യൂബര്‍ മനീഷ് കശ്യപ് ഉള്‍പ്പെടെ നാല് സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കെതിരെ കേസ്. എഥനോള്‍ ഇന്ധനത്തിന്റെ (E20) ഉപയോഗവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകമായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനും യാതൊരുവിധ അടിസ്ഥാനവുമില്ലാതെ ഗഡ്കരിയുടെ പേര് ഇതിലേക്ക് വലിച്ചിഴച്ച് അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. നാഗ്പൂര്‍ സൈബര്‍ പൊലീസ് ആണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

ബിഹാറില്‍ നിന്നുള്ള പ്രശസ്ത യൂട്യൂബറാണ് മനീഷ് കശ്യപ്. കൂടാതെ ദേശി ബോയ്‌സ് എന്‍സിആര്‍, ഹര്‍ഷിത് രതി, അങ്ക്‌ലേഷ് ഇന്‍വാട്ടെ എന്നിവരാണ് എഫ്‌ഐആറില്‍ പേരുള്ള മറ്റ് മൂന്ന് പേര്‍. എഥനോള്‍ ഉപയോഗവുമായി ബന്ധപ്പെട്ട് വന്‍തോതിലുള്ള തട്ടിപ്പുകളും വ്യാജ ഇടപാടുകളും നടക്കുന്നുണ്ടെന്ന് ആരോപിച്ച് ഈ നാല് ഇന്‍ഫ്‌ലുവന്‍സര്‍മാരും യൂട്യൂബ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വിവാദ വിഡിയോകള്‍ പ്രചരിപ്പിച്ചതായി എഫ്‌ഐആറില്‍ പറയുന്നു. എഥനോള്‍ നയത്തിന്റെ മറവില്‍ നിയമലംഘനം നടക്കുന്നുണ്ടെന്ന് വരുത്തിതീര്‍ക്കാനാണ് ഈ വിഡിയോകളിലൂടെ ഇവര്‍ ശ്രമിച്ചത്. വിഡിയോകളില്‍ അവര്‍ മനഃപൂര്‍വം ഗഡ്കരിയുടെ എഥനോള്‍ നയങ്ങളെ വളച്ചൊടിച്ച് കാണിച്ചതായും ആരോപണമുണ്ട്.

ഇത് ആസൂത്രിതമായ ഒരു അപകീര്‍ത്തിപ്പെടുത്തലാണ് എന്ന് ചൂണ്ടിക്കാട്ടി നാഗ്പൂരിലെ ബിജെപി സോഷ്യല്‍ മീഡിയ സെല്‍ മേധാവി ശിശിര്‍ ത്രിപാഠി നാഗ്പൂര്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.തങ്ങളുടെ വിഡിയോകള്‍ക്ക് വിശ്വാസ്യത ലഭിക്കുന്നതിനായി സാധാരണക്കാരുമായി നടത്തിയ വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ അഭിമുഖങ്ങള്‍ ഇവര്‍ ഉപയോഗിച്ചുവെന്നും പരാതിയില്‍ പറയുന്നു. ഗഡ്കരിയുടെ രാഷ്ട്രീയവും സാമൂഹികവുമായ പ്രതിച്ഛായ തകര്‍ക്കുക എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം. കൂടാതെ ഇത്തരം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചതായും ഇവര്‍ക്കെതിരെ ആരോപണമുണ്ട്.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ പ്രചരിപ്പിച്ച വിവരങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. ഈ വിഡിയോകളുടെ ഉറവിടത്തെക്കുറിച്ചും ഇതിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചും വിശദമായി അന്വേഷിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

News Now

Summary

E20 Row: 4 Influencers Charged For 'Tarnishing' Nitin Gadkari's Image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates