30 ആണോ പ്രായം?, പിപിഎഫില്‍ നിക്ഷേപിച്ചാല്‍ കോടീശ്വരനാകാം; ഒരു ലക്ഷം രൂപ പെന്‍ഷന്‍ ലഭിക്കാനും വഴി, ചെയ്യേണ്ടത് ഇത്രമാത്രം

ജനങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പബ്ലിക് പ്രോവിഡന്റ് ഫണ്ട് പോലെയുള്ള പദ്ധതികള്‍ ആരംഭിച്ചത്

PPF investment
PPF investmentപ്രതീകാത്മക ചിത്രം
Edited by :dhanojam
Last Updated :6 മേയ് 2026, 1:03 pm IST

ജനങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പബ്ലിക് പ്രോവിഡന്റ് ഫണ്ട് പോലെയുള്ള പദ്ധതികള്‍ ആരംഭിച്ചത്. ഇതില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നികുതി ഇളവ് ലഭിക്കുമെന്നതിനാല്‍ ഈ ഉദ്ദേശത്തോടെ നിക്ഷേപം നടത്തുന്നവരും കുറവല്ല. നിലവില്‍ 7.1 ശതമാണ് പിപിഎഫിന്റെ വാര്‍ഷിക പലിശനിരക്ക്. 500 രൂപ മാത്രമേ കൈവശം ഉള്ളൂ എങ്കിലും പദ്ധതിയില്‍ ചേരാന്‍ സാധിക്കും.

15 വര്‍ഷമാണ് കാലാവധി. അതിന് ശേഷവും നിക്ഷേപകന്റെ ഇഷ്ടാനുസരണം കാലാവധി നീട്ടാവുന്നതാണ്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ പുതുക്കാവുന്ന നിലയിലാണ് പദ്ധതി. ഈ സമയത്ത് നിക്ഷേപം നടത്തണമെന്ന് നിര്‍ബന്ധമില്ല. ഇതിനായി ഫോം 16-എച്ച് എന്ന പേരിലുള്ള പുതുക്കല്‍ ഫോം പൂരിപ്പിച്ച് നല്‍കണം. പ്രതിവര്‍ഷം പരമാവധി ഒന്നരലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതുമാണ്. പിപിഎഫ് അക്കൗണ്ട് സ്വന്തം പേരില്‍ മാത്രമേ തുറക്കാന്‍ കഴിയൂ. ജോയിന്റ് അക്കൗണ്ടിന് ഓപ്ഷന്‍ ഇല്ല. നിക്ഷേപിച്ച തുകയുടെ 25 ശതമാനം വായ്പ എടുക്കാനുള്ള സൗകര്യവുമുണ്ട്.

നഷ്ടസാധ്യത കുറവാണ്, നികുതി ഇളവ് ലഭിക്കും, മെച്ചപ്പെട്ട പലിശനിരക്ക് എന്നിവയാണ് ഇതിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. പ്രതിമാസം 5,000, 10,000, അല്ലെങ്കില്‍ 12,000 നിക്ഷേപിക്കുന്നവര്‍ക്ക് 15 വര്‍ഷത്തിന് ശേഷം (കാലാവധി നീട്ടുകയാണെങ്കില്‍ അതിലധികവും) വലിയൊരു തുക സമ്പാദ്യമായി നേടിയെടുക്കാന്‍ സാധിക്കും. നിക്ഷേപം തുടരുന്നതിലൂടെ നിലവിലുള്ള തുകയ്ക്ക് പലിശ ലഭിക്കുന്നതോടൊപ്പം പുതിയ നിക്ഷേപങ്ങള്‍ നടത്താനും നിക്ഷേപകര്‍ക്ക് സാധിക്കുന്നു.

പി.പി.എഫ് നിക്ഷേപങ്ങള്‍ തവണകളായോ (ഒരു സാമ്പത്തിക വര്‍ഷത്തില്‍ 12 തവണ വരെ) അല്ലെങ്കില്‍ ഒറ്റത്തവണയായോ നടത്താം. പ്രതിമാസ നിക്ഷേപമാണ് നടത്തുന്നതെങ്കില്‍ ഓരോ മാസവും 5-ാം തീയതിക്കും മാസാവസാനത്തിനും ഇടയിലുള്ള ഏറ്റവും കുറഞ്ഞ ബാലന്‍സ് തുകയ്ക്കാണ് പലിശ കണക്കാക്കുന്നത്. അതിനാല്‍ മാസത്തിന്റെ 5-ാം തീയതിക്ക് മുന്‍പായി തുക നിക്ഷേപിക്കുന്നതാണ് ഏറ്റവും ഉചിതം.

പിപിഎഫ് കാല്‍ക്കുലേറ്റര്‍

ഒരു വ്യക്തി 30-ാം വയസ്സില്‍ പിപിഎഫ് അക്കൗണ്ട് ആരംഭിക്കുകയും മൂന്ന് തവണ അത് നീട്ടുകയും ചെയ്താല്‍, ആ വ്യക്തിക്ക് ആകെ 30 വര്‍ഷം പിപിഎഫില്‍ നിക്ഷേപം നടത്താന്‍ സാധിക്കും. നിക്ഷേപകന്‍ വര്‍ഷം തോറും 1.50 ലക്ഷം വീതം പിപിഎഫ് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നു എന്ന് കരുതുക. ഈ 30 വര്‍ഷ കാലയളവില്‍ ശരാശരി 7.10 ശതമാനം വാര്‍ഷിക പലിശ നിരക്ക് ലഭിക്കുകയാണെങ്കില്‍, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന തുക 1,54,50,911 ആയിരിക്കും.

ഈ തുക എങ്ങനെ പ്രയോജനപ്പെടുത്താം?

30 വര്‍ഷത്തെ നിക്ഷേപത്തിന് ശേഷം നിക്ഷേപകന് 60 വയസ്സ് തികയുകയും ജോലിയില്‍ നിന്ന് വിരമിക്കേണ്ട സമയമാവുകയും ചെയ്യും. അങ്ങനെയുള്ള സാഹചര്യത്തില്‍, ഈ തുക ഒരു നിശ്ചിത മാസ വരുമാനം ലഭിക്കുന്നതിനായി പ്രയോജനപ്പെടുത്താവുന്നതാണ്.

പിപിഎഫ് കാലാവധി കഴിഞ്ഞു ലഭിക്കുന്ന തുക എസ്ഡബ്ല്യുപി (SWP - Systematic Withdrawal Plan) വഴി പിന്‍വലിക്കാവുന്നതാണ്. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ 7% വരെ വാര്‍ഷിക വരുമാനം നല്‍കുന്നു. ഒരാളുടെ ആയുര്‍ദൈര്‍ഘ്യം 80 വയസ്സ് വരെയാണെന്ന് കണക്കാക്കിയാല്‍, വിരമിച്ച ശേഷം അടുത്ത 20 വര്‍ഷത്തേക്ക് ഒരു നിശ്ചിത വരുമാനം ആവശ്യമാണ്. അതിനാല്‍, ഈ തുക 20 വര്‍ഷത്തേക്ക് എസ്ഡബ്ല്യുപിയില്‍ നിക്ഷേപിച്ച് പ്രതിമാസ വരുമാനം കണ്ടെത്താവുന്നതാണെന്ന് വിദഗ്ധര്‍ പറയുന്നു.

എസ്ഡബ്ല്യൂപി കാല്‍ക്കുലേറ്റര്‍

എസ്ഡബ്ല്യുപി നിക്ഷേപത്തിന് 20 വര്‍ഷത്തേക്ക് പ്രതിവര്‍ഷം 7 ശതമാനം വാര്‍ഷിക പലിശ ലഭിക്കുമെന്ന് കരുതുക. 30 വര്‍ഷം കൊണ്ട് സമ്പാദിച്ച 1,54,50,911 മുഴുവനായും എസ്ഡബ്ല്യുപിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍, അടുത്ത 20 വര്‍ഷത്തേക്ക് ഓരോ മാസവും 1 ലക്ഷം വീതം വരുമാനം ലഭിക്കും. പ്രതിമാസം ഓരോ ലക്ഷം രൂപ വീതം 20 വര്‍ഷം വരെ തുക പിന്‍വലിച്ചതിന് ശേഷവും എസ്ഡബ്ല്യുപി പോര്‍ട്ട്ഫോളിയോയില്‍ ബാക്കി 1,00,05,655 (ഏകദേശം 1 കോടി) അവശേഷിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.

News Now

Summary

PPF investment strategy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates