ഐഫോണ്‍ വാങ്ങാന്‍ ഒരു വര്‍ഷത്തെ ശമ്പളം പോരാ; എന്നിട്ടും ഇന്ത്യയില്‍ വില കുറയ്ക്കാത്തത് എന്തുകൊണ്ട്?

പുതുതായി പുറത്തിറങ്ങിയ ഐഫോണ്‍ 18 പ്രോയുടെ വില ആരംഭിക്കുന്നത് 1,64,900 രൂപ മുതലാണ്

iphone
Why Apple Never Reduce iPhone Prices In India
Edited by :ബിജീഷ് ബാലകൃഷ്ണൻ
Last Updated :10 സെപ്റ്റംബർ 2026, 6:05 pm IST

സാധാരണ സാമ്പത്തികശാസ്ത്ര നിയമങ്ങള്‍ വെച്ച് നോക്കിയാല്‍ ആപ്പിളിന്റെ ഒരു പുതിയ ഐഫോണ്‍ ഇന്ത്യയില്‍ പരാജയപ്പെടേണ്ടതാണ്. എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ല, ഇന്ത്യ ആപ്പിളിന്റെ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണികളില്‍ ഒന്നാണ്. എന്‍ഡിടിവി പുറത്തുവിട്ട പുതിയ ബിസിനസ്സ് റിപ്പോര്‍ട്ടിലാണ് രാജ്യത്തെ ഞെട്ടിക്കുന്ന ഈ വൈരുദ്ധ്യത്തെക്കുറിച്ചും ആപ്പിളിന്റെ രഹസ്യ തന്ത്രങ്ങളെക്കുറിച്ചും വിശദമാക്കുന്നത്.

ഇന്ത്യക്കാരുടെ പ്രതിശീര്‍ഷ വാര്‍ഷിക വരുമാനം ഏകദേശം 2,813 ഡോളറാണ് (ഏകദേശം 2,33,479 രൂപ). എന്നാല്‍, പുതുതായി പുറത്തിറങ്ങിയ ഐഫോണ്‍ 18 പ്രോയുടെ വില ആരംഭിക്കുന്നത് 1,64,900 രൂപ മുതലാണ്. ആപ്പിളിന്റെ ഏറ്റവും പുതിയ ഫോള്‍ഡിങ് ഫ്‌ളാഗ്ഷിപ്പ് മോഡലായ 'ഐഫോണ്‍ ഡ്യുവോ' ആകട്ടെ, 4,49,900 രൂപ വരെ വിലവരുന്നതാണ്! അതായത്, ഒരു സാധാരണ ഇന്ത്യക്കാരന്‍ ഒരു വര്‍ഷം കൊണ്ട് സമ്പാദിക്കുന്നതിന്റെ ഇരട്ടിയോളം വരുമെന്ന് സാരം! അതായത് സാമ്പത്തിക ശാസ്ത്ര നിയമപ്രകാരം ഇന്ത്യക്കാര്‍ ഈ ഫോണ്‍ വാങ്ങാന്‍ പാടില്ലാത്തതാണ്, പക്ഷേ കാര്യങ്ങള്‍ മറിച്ചാണ് നടക്കുന്നത്.

ഇന്ത്യ ഒന്നല്ല, മൂന്നാണ്

ഇന്ത്യയില്‍ ഒറ്റ സമ്പദ്വ്യവസ്ഥയല്ല ഉള്ളത്, മറിച്ച് ഒരേ പാസ്പോര്‍ട്ട് പങ്കിടുന്ന മൂന്ന് വ്യത്യസ്ത ഇന്ത്യകള്‍ ഒന്നിനുമുകളില്‍ ഒന്നായി നിലവിലുണ്ട്.

  • ഇന്ത്യ എ: ജര്‍മ്മനിയിലെ ജനങ്ങളെപ്പോലെ ആഡംബരമായി പണം ചെലവഴിക്കുന്ന അതിസമ്പന്ന വിഭാഗം.

  • ഇന്ത്യ ബി: ബ്രസീലിലെ ജനങ്ങളെപ്പോലെ ആഗ്രഹങ്ങള്‍ക്കായി പണം മുടക്കുന്ന മധ്യവര്‍ഗ്ഗ-ഉയര്‍ന്ന മധ്യവര്‍ഗ്ഗ വിഭാഗം.

  • ഇന്ത്യ സി: ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് സമാനമായ വാങ്ങല്‍ ശേഷിയുള്ള വലിയ ജനവിഭാഗം.

ദേശീയ ശരാശരി വരുമാനം കണക്കാക്കുമ്പോള്‍ ഈ മൂന്ന് വിഭാഗങ്ങളും ഒന്നായി മാറും. എന്നാല്‍ ആപ്പിള്‍ ഒരിക്കലും ആ 'ശരാശരി' ജനങ്ങളെ ലക്ഷ്യമിട്ടല്ല ഫോണ്‍ വില്‍ക്കുന്നത്. അവര്‍ ലക്ഷ്യമിടുന്നത് 'ഇന്ത്യ എ' വിഭാഗത്തെയാണ്.

ഇന്ത്യയിലെ ജനസംഖ്യയുടെ 5 ശതമാനം ആളുകള്‍ മാത്രമാണ് ഐഫോണ്‍ വാങ്ങാന്‍ കഴിവുള്ളവരായി ഉള്ളതെങ്കില്‍ പോലും, അത് ഏകദേശം 7 കോടി വരും! ഇത് യുകെ, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ മൊത്തം ജനസംഖ്യയേക്കാള്‍ വലുതാണ്. അങ്ങനെ നോക്കുമ്പോള്‍, ദരിദ്രരായ ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന, മറ്റൊരു വികസിത രാജ്യത്തിന് തുല്യമായ വന്‍ വിപണിയാണ് ഇന്ത്യയ്ക്കുള്ളില്‍ ആപ്പിള്‍ കണ്ടെത്തിയിരിക്കുന്നത്.

Representational Image of iPhone Duo

Representational Image of iPhone Duo

പണമല്ല, കടം വാങ്ങാനുള്ള ശേഷിയാണ് പ്രധാനം

ഇത്രയും വലിയ തുക കൊടുത്തു ഫോണ്‍ വാങ്ങാന്‍ ആളുകളുടെ കയ്യില്‍ പണമില്ലെങ്കിലും, ഇഎംഐ, ക്രെഡിറ്റ് കാര്‍ഡുകള്‍, മൊബൈല്‍ പേയ്മെന്റുകള്‍ എന്നിവ കാര്യങ്ങള്‍ മാറ്റിമറിച്ചു. 1,64,900 രൂപ ഒറ്റയടിക്ക് നല്‍കുന്നതിന് പകരം, ചെറിയ പ്രതിമാസ അടവുകളാക്കി മാറ്റിയപ്പോള്‍ ആളുകള്‍ക്ക് അത് വലിയ ഭാരമല്ലാതായി മാറി. ഇന്ന് പ്രീമിയം ഫോണ്‍ വാങ്ങുന്നവരില്‍ മൂന്നില്‍ രണ്ടും ഇഎംഐ സംവിധാനത്തെയാണ് ആശ്രയിക്കുന്നത്. ഇത് മുംബൈയിലും ഡല്‍ഹിയിലും മാത്രമല്ല, ടിയര്‍-2, ടിയര്‍-3 നഗരങ്ങളിലേക്കും വ്യാപിച്ചുകഴിഞ്ഞു.

ആപ്പിള്‍ എന്തുകൊണ്ട് വില കുറയ്ക്കുന്നില്ല?

ഐഫോണ്‍ എന്നത് വെറുമൊരു ഫോണ്‍ മാത്രമല്ല, അതൊരു സ്റ്റാറ്റസ് സിംബല്‍ കൂടിയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ വില കുറച്ചാല്‍ ആപ്പിളിന്റെ ആ പ്രീമിയം വാല്യൂ നഷ്ടപ്പെടും. വില കൂടുതലുള്ളത് തന്നെയാണ് ആളുകളെ ആ ഫോണിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം. രാജ്യത്തെ ശരാശരി വരുമാനം കുറവാണെങ്കിലും, ആഡംബര ജീവിതശൈലിയെയും ബ്രാന്‍ഡിനെയും സ്‌നേഹിക്കുന്ന കോടിക്കണക്കിന് ആളുകളും, അവര്‍ക്കായി എളുപ്പത്തില്‍ വായ്പ നല്‍കുന്ന ഫിനാന്‍ഷ്യല്‍ സിസ്റ്റവുമുള്ളതുകൊണ്ടുമാണ് ഇന്ത്യ ആപ്പിളിന്റെ ഏറ്റവും പ്രധാന വിപണിയായി തുടരുന്നത്.

News Now

Summary

Describing The Reason Apple Never Cuts iPhone Prices In India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates