ഇന്റര്‍നെറ്റ് ഇല്ലെങ്കിലും ചാറ്റ് ചെയ്യാം; എന്താണ് സിജെപി പ്രതിഷേധത്തില്‍ ചര്‍ച്ചയായ 'ബിറ്റ്ചാറ്റ്' ആപ്പ്?

ബ്ലൂടൂത്ത് ലോ എനര്‍ജി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്

bitchat app
bitchat app
Edited by :ബിജീഷ് ബാലകൃഷ്ണൻ
Last Updated :24 ജൂലൈ 2026, 5:59 pm IST

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ, ഇന്റര്‍നെറ്റ് ഇല്ലാത്ത സാഹചര്യത്തിലും സന്ദേശങ്ങള്‍ അയക്കാന്‍ സഹായിക്കുന്ന 'ബിറ്റ്ചാറ്റ്' ആപ്പിന്റെ റിപ്പോസിറ്ററികള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഗിറ്റ്ഹബിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ട്വിറ്റര്‍ സഹസ്ഥാപകനായ ജാക്ക് ഡോര്‍സി വികസിപ്പിച്ചെടുത്ത ആപ്പ്, രാജ്യസുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനും വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ (ഐ4സി) നടപടി. ജാക്ക് ഡോര്‍സി തന്നെ ഇന്റര്‍നെറ്റിലൂടെ ഉത്തരവിന്റെ പകര്‍പ്പ് പുറത്തുവിട്ടതോടെ വിഷയം ആഗോള ശ്രദ്ധ നേടി.

എന്താണ് ബിറ്റ്ചാറ്റ്?

മൊബൈല്‍ നെറ്റ്വര്‍ക്കുകളോ ഇന്റര്‍നെറ്റോ സെന്‍ട്രല്‍ സെര്‍വറുകളോ ആവശ്യമില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു ഡീസെന്‍ട്രലൈസ്ഡ് പിയര്‍-ടു-പിയര്‍ മെസ്സേജിങ് ആപ്പാണ് ബിറ്റ്ചാറ്റ് (BitChat). വാട്ട്സ്ആപ്പ്, സിഗ്‌നല്‍, ടെലിഗ്രാം എന്നിവയില്‍ നിന്ന് വ്യത്യസ്തമായി ഫോണ്‍ നമ്പറോ ഇമെയിലോ നല്‍കി ബിറ്റ്ചാറ്റില്‍ അക്കൗണ്ട് തുടങ്ങേണ്ടതില്ല. ബ്ലൂടൂത്ത് ലോ എനര്‍ജി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള അടുത്തടുത്തുള്ള ഫോണുകള്‍ തമ്മില്‍ ബ്ലൂടൂത്ത് വഴി ബന്ധിപ്പിക്കപ്പെടുകയും, ഒരു ഉപയോക്താവില്‍ നിന്ന് മറ്റൊരാളിലേക്ക് സന്ദേശങ്ങള്‍ കൈമാറപ്പെടുകയും ചെയ്യുന്നു. ഒരു വലിയ ജനക്കൂട്ടത്തിനിടയില്‍ ഓരോ ഫോണും ഒരു 'റിലേ പോയിന്റ്' ആയി പ്രവര്‍ത്തിക്കും.

പ്രതിഷേധക്കാരെ എങ്ങനെ സഹായിച്ചു?

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കും പരീക്ഷാ ക്രമക്കേടുകള്‍ക്കുമെതിരെ ഡല്‍ഹിയിലെ ജന്തര്‍ മന്തറിലും പരിസരങ്ങളിലും സിജെപി നടത്തുന്ന പ്രതിഷേധങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് അധികൃതര്‍ പലയിടത്തും താത്കാലികമായി മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധിച്ചിരുന്നു. ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടപ്പോഴും സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കും പ്രതിഷേധക്കാര്‍ക്കും പരസ്പരം വിവരങ്ങള്‍ കൈമാറാനും ഏകോപനം നടത്താനും ബിറ്റ്ചാറ്റ് പോലുള്ള ബ്ലൂടൂത്ത് ആപ്പുകള്‍ സഹായകരമായി. സിഗ്‌നല്‍ ജാമറുകള്‍ നിലനില്‍ക്കുന്ന മേഖലകളില്‍ പോലും അടുത്തുള്ള ഫോണുകള്‍ തമ്മിലുള്ള വിനിമയം വഴി സന്ദേശങ്ങള്‍ തടസ്സമില്ലാതെ കൈമാറാന്‍ കഴിഞ്ഞുവെന്നതാണ് ഈ സാങ്കേതികവിദ്യയുടെ സവിശേഷത.

കേന്ദ്രം എന്തിന് നടപടിയെടുത്തു?

വ്യാഴാഴ്ച നല്‍കിയ നോട്ടീസ് പ്രകാരം, ഐടി ആക്ട് സെക്ഷന്‍ 79(3)(ബി), ഐടി റൂള്‍സ് 2021 3(1)(ഡി) എന്നിവ മുന്‍നിര്‍ത്തിയാണ് ആപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പ് ഉള്‍പ്പെടെയുള്ള പ്രധാന കോഡ് റിപ്പോസിറ്ററികള്‍ നീക്കം ചെയ്യാന്‍ ഗിറ്റ്ഹബിന് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത്. കേന്ദ്രീകൃത സെര്‍വറോ ഐഡന്റിറ്റിയോ ഇല്ലാത്തതിനാല്‍, ആര് ആര്‍ക്കാണ് സന്ദേശം അയച്ചതെന്ന് കണ്ടെത്താനോ വിവരങ്ങള്‍ ട്രാക്ക് ചെയ്യാനോ സാധിക്കില്ല. അടിയന്തര ഘട്ടങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനും, അക്രമങ്ങള്‍ സംഘടിപ്പിക്കുന്നതിനും, ക്രമസമാധാന തകര്‍ച്ചയ്ക്കും ഇത്തരം ഓഫ്ലൈന്‍ ആപ്പുകള്‍ ദുരുപയോഗം ചെയ്യപ്പെടാം എന്ന് ഐ4സി ചൂണ്ടിക്കാട്ടുന്നു.

ഡിജിറ്റല്‍ സ്വകാര്യതയ്ക്കും അടിയന്തര ആശയവിനിമയ സ്വാതന്ത്ര്യത്തിനും വേണ്ടി വാദിക്കുന്നവരും, ക്രമസമാധാനത്തിനും ദേശീയ സുരക്ഷയ്ക്കും മുന്‍ഗണന നല്‍കുന്ന സര്‍ക്കാരും തമ്മിലുള്ള പുതിയൊരു സാങ്കേതിക പോരാട്ടമായി ബിറ്റ്ചാറ്റ് വിഷയം മാറിയിരിക്കുകയാണ്.

News Now

Summary

Why Bitchat matters in CJP protests: The app that works without internet

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates