കാത്തിരിപ്പിന് വിരാമം; ഐഫോണ്‍ 17 സീരീസ് ലോഞ്ച് നാളെ, അറിയാം എട്ടു ഫീച്ചറുകള്‍

സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രമുഖ ടെക് കമ്പനിയായ ആപ്പിളിന്റെ പുതിയ ഐഫോണ്‍ സീരീസിന്റെ ലോഞ്ച് നാളെ

 Awe dropping event has been announced for 9 September 2025
iPhone 17- Awe dropping event has been announced for 9 September 2025 image credit: apple
Edited by :dhanojam
Last Updated :8 സെപ്റ്റംബർ 2025, 2:19 pm IST

ന്യൂഡല്‍ഹി: സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രമുഖ ടെക് കമ്പനിയായ ആപ്പിളിന്റെ പുതിയ ഐഫോണ്‍ സീരീസിന്റെ ലോഞ്ച് നാളെ. അമേരിക്കയിലെ സ്റ്റീവ് ജോബ്സ് തിയറ്ററിലാണ് ഐഫോണ്‍ 17 സീരീസ് ഫോണുകള്‍ അവതരിപ്പിക്കുക. ഐഫോണ്‍ 17 സീരീസില്‍ ഐഫോണ്‍ 17, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്സ്, ഐഫോണ്‍ 17 എയര്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്. ഇന്ത്യയില്‍ സെപ്റ്റംബര്‍ 19 ന് വില്‍പ്പന ആരംഭിക്കും. സെപ്റ്റംബര്‍ 12 ന് പ്രീ-ഓര്‍ഡറുകള്‍ക്ക് തുടക്കമാകും.

ആപ്പിളിന്റെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും കനം കുറഞ്ഞ ഐഫോണായിരിക്കാം ഐഫോണ്‍ 17 എയര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം പ്രോ മോഡലില്‍ മെച്ചപ്പെടുത്തിയ കാമറ, വേഗതയേറിയ എ19 ചിപ്പുകള്‍, അടുത്ത തലമുറ എഐ ഫീച്ചറുകള്‍ ഉള്ള iOS 26 എന്നിവ ഉള്‍പ്പെട്ടേക്കാം. എല്ലാ മോഡലുകളും എ19 ബയോണിക് ചിപ്പില്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് വേഗതയേറിയ പ്രകടനവും മെച്ചപ്പെട്ട ഊര്‍ജ്ജ കാര്യക്ഷമതയും വാഗ്ദാനം ചെയ്യുന്നു. പുതിയ എഐ അധിഷ്ഠിത സവിശേഷതകളോടെയായിരിക്കാം ആപ്പിള്‍ iOS 26 അവതരിപ്പിക്കുക എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പരിഷ്‌കരിച്ച ഫ്ലാറ്റ്-എഡ്ജ് ഡിസൈനിലേക്ക് ഐഫോണ്‍ 17 മാറിയേക്കുമെന്നും വിവരമുണ്ട്.

കാമറയുടെ കാര്യത്തില്‍, ഐഫോണ്‍ 17 പ്രോയിലും പ്രോ മാക്സിലും മെച്ചപ്പെട്ട ഒപ്റ്റിക്കല്‍ സൂം, മികച്ച ലോ-ലൈറ്റ് ഫോട്ടോഗ്രാഫി, മൂര്‍ച്ചയുള്ള 8K വീഡിയോ ശേഷികള്‍ എന്നിവയുള്ള മെച്ചപ്പെട്ട പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സ് ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. ആപ്പിള്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അടിസ്ഥാന ഐഫോണ്‍ 17 ന്റെ പ്രാരംഭ വില ഏകദേശം 79,900 ആയിരിക്കുമെന്നാണ് സൂചന. അതേസമയം ഐഫോണ്‍ 17 പ്രോ 1,29,900 കടന്നേക്കാം.

പ്രധാനപ്പെട്ട ഫീച്ചറുകള്‍ ഒറ്റനോട്ടത്തില്‍

ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ് എന്നിവയില്‍ ഡിസൈന്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് സൂചനയുണ്ട്. ഒന്നാമതായി, സ്മാര്‍ട്ട്ഫോണിന്റെ പിന്‍ പാനലില്‍ അലുമിനിയം, ഗ്ലാസ് ഡിസൈന്‍ ഉണ്ടായിരിക്കാം. ടൈറ്റാനിയത്തിന്റെ ഉപയോഗം ആപ്പിള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനും സാധ്യതയുണ്ട്.

ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ പുനര്‍രൂപകല്‍പ്പന ചെയ്ത കാമറ ഐലന്‍ഡ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിലെ ട്രിപ്പിള്‍ കാമറ സജ്ജീകരണം ഐഫോണിന്് ഒരു പുതിയ രൂപം നല്‍കും.

ഐഫോണ്‍ 17 പ്രോ മോഡലുകള്‍ക്ക് പുതിയ ആന്റി-റിഫ്‌ലെക്റ്റീവ് ഗ്ലാസ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് നിലവിലെ സെറാമിക് ഷീല്‍ഡ് ഡിസ്പ്ലേയേക്കാള്‍ കൂടുതല്‍ സ്‌ക്രാച്ച്-റെസിസ്റ്റന്റ് ആയിരിക്കും.

എ19 പ്രോ ചിപ്പ് ഉപയോഗിച്ച് ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ ആപ്പിള്‍ പ്രധാന പെര്‍ഫോമന്‍സ് അപ്ഗ്രേഡുകള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. TSMC യുടെ 3nm പ്രോസസ്സിന്റെ അപ്ഗ്രേഡ് ചെയ്ത പതിപ്പ് ഉപയോഗിച്ചാണ് ഈ ചിപ്പ് നിര്‍മ്മിക്കുന്നത്. കൂടാതെ, സ്മാര്‍ട്ട്ഫോണുകള്‍ 12GB റാമിലേക്ക് അപ്ഗ്രേഡ് ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.

മെച്ചപ്പെട്ട തെര്‍മല്‍ പെര്‍ഫോമന്‍സിനായി ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ വേപ്പര്‍ ചേമ്പര്‍ കൂളിങ് സിസ്റ്റം സജ്ജീകരിച്ചിട്ടുണ്ടാകും. ഇതുവഴി, ഉപയോക്താക്കള്‍ക്ക് 3D ഗെയിമുകള്‍ കളിക്കുന്നത് അടക്കം നിരവധി കാര്യങ്ങള്‍ പെര്‍ഫോമന്‍സ് പ്രശ്‌നങ്ങള്‍ ഇല്ലാതെ കൂടുതല്‍ നേരം ചെയ്യാന്‍ സാധിക്കും.

ആപ്പിള്‍ ഐഫോണ്‍ 17 പ്രോയില്‍ ടെലിഫോട്ടോ കാമറ 12എംപിയില്‍ നിന്ന് 48എംപിയിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ സാധ്യതയുണ്ട്. ഇതിന് 8x സൂം വരെ വാഗ്ദാനം ചെയ്യാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മറുവശത്ത്, ഇതില്‍ അപ്ഗ്രേഡ് ചെയ്ത 24എംപി സെല്‍ഫി കാമറയും ഉണ്ടായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഐഫോണ്‍ 17 പ്രോ മോഡലുകള്‍ക്ക് 8K വീഡിയോകള്‍ പകര്‍ത്താനും ഡ്യുവല്‍ വീഡിയോ റെക്കോര്‍ഡിങ് സവിശേഷത വാഗ്ദാനം ചെയ്യാനും കഴിയും എന്നതാണ്. ഈ പുതിയ ഫീച്ചര്‍ വഴി ഒരേസമയം പിന്‍ഭാഗത്തുനിന്നും സെല്‍ഫി കാമറയില്‍ നിന്നും വീഡിയോകള്‍ പകര്‍ത്താന്‍ കഴിയും.

അവസാനമായി, പ്രോ മോഡലുകള്‍ക്ക് അപ്ഗ്രേഡ് ചെയ്ത ബാറ്ററി ലൈഫ് ലഭിക്കുമെന്ന് സൂചനയുണ്ട്. ഐഫോണ്‍ 17 പ്രോ മാക്സിന് 5000mAh ബാറ്ററിയുടെ പിന്തുണയുണ്ടെന്ന് അഭ്യൂഹമുണ്ട്. ബാറ്ററി ലൈഫ് മെച്ചപ്പെടുത്തുന്നതിന് സോഫ്റ്റ്വെയര്‍ അധിഷ്ഠിത മെച്ചപ്പെടുത്തലുകളും ആപ്പിള്‍ കൊണ്ടുവന്നേക്കാം.

News Now

Summary

Apple iPhone 17 series launch tomorrow, know 8 features

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates