
ഇടതു കണ്ണു തുടിക്കുന്നത് നല്ലതിനാണോ? ശാസ്ത്രത്തിന് പറയാനുള്ളത് മറ്റൊന്നാണ്
തുടർച്ചയായ കണ്ണ് തുടിപ്പ് ചിലപ്പോൾ ഗൗരവകരമായ നാഡീസംബന്ധമായ പ്രശ്‌നങ്ങളുടെ ലക്ഷണമാകാം.

ഇടയ്ക്കിടെ നമ്മുടെ കൺതടങ്ങൾ തുടിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ. അത് ശുഭകരമാണെന്ന് തരത്തിൽ വിശ്വസിക്കുന്നവരുണ്ട്. എന്നാൽ ശാസ്ത്രത്തിനും അതേസംബന്ധിച്ചു കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. 'മയോക്യമിയ' എന്നാണ് ഈ അവസ്ഥയെ പറയുന്നത്. പേശികളുടെ അനിയന്ത്രിതമായ ചുരുങ്ങൽ മൂലമാണ് ഇത് സംഭവിക്കുന്നത്. ഭൂരിഭാഗം ആളുകളിലും കണ്ണുതുടിക്കുന്നത് അത്ര ഗൗരവമായി കാണേണ്ടതില്ല. അമിത ക്ഷീണം, മാനസിക പിരിമുറുക്കം, കണ്ണിനുണ്ടാകുന്ന ആയാസം എന്നിവ മൂലം ഇങ്ങനെ സംഭവിക്കാം.
ദീർഘനേരം കമ്പ്യൂട്ടറിലോ മൊബൈലിലോ നോക്കിയിരിക്കുന്നവർക്കും ശരിയായ ഉറക്കം ലഭിക്കാത്തവർക്കും കണ്ണ് തുടിക്കുന്നത് പതിവാണ്. കൂടാതെ, ശരീരത്തിൽ ജലാംശം കുറയുന്നതും കഫീൻ അടങ്ങിയ പാനീയങ്ങളുടെ (ചായ, കാപ്പി) അമിത ഉപയോഗവും പേശികളെ ഉത്തേജിപ്പിക്കുകയും കണ്ണിന് ചുറ്റുമുള്ള ചെറിയ പേശികൾ തുടിക്കാൻ കാരണമാവുകയും ചെയ്യുന്നു.
ചില സന്ദർഭങ്ങളിൽ പോഷകാഹാരക്കുറവും ഇതിന് പിന്നിലുണ്ടാകാം. പ്രത്യേകിച്ച് മഗ്‌നീഷ്യം, പൊട്ടാസ്യം അല്ലെങ്കിൽ കാൽസ്യം എന്നിവയുടെ കുറവ് പേശികളുടെ പ്രവർത്തനത്തെ ബാധിക്കാറുണ്ട്. കണ്ണിലെ വരൾച്ച മറ്റൊരു പ്രധാന കാരണമാണ്. പ്രായമായവരിലും ദീർഘനേരം എസി മുറികളിലിരുന്ന് ജോലി ചെയ്യുന്നവരിലും കണ്ണുനീരിന്റെ അളവ് കുറയുന്നത് മൂലം കണ്ണ് തുടിച്ചേക്കാം. കൂടാതെ, നേത്രപടലത്തിലെ അലർജി മൂലമുണ്ടാകുന്ന അസ്വസ്ഥതകളും ഇതിലേക്ക് നയിക്കാം.
തുടർച്ചയായ കണ്ണ് തുടിപ്പ് ചിലപ്പോൾ ഗൗരവകരമായ നാഡീസംബന്ധമായ പ്രശ്‌നങ്ങളുടെ ലക്ഷണമാകാം. മുഖത്തെ പേശികളെ നിയന്ത്രിക്കുന്ന നാഡികൾക്കുണ്ടാകുന്ന തകരാറുകൾ ഇതിന് കാരണമാകാം. കണ്ണ് തുടിപ്പിനൊപ്പം കൺപോളകൾ പൂർണ്ണമായി അടഞ്ഞുപോകുകയോ, മുഖത്തിന്റെ മറ്റ് ഭാഗങ്ങൾ കൂടി തുടിക്കുകയോ, കണ്ണിന് ചുവപ്പോ നീർവീക്കമോ അനുഭവപ്പെടുകയോ ചെയ്യുകയാണെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതാണ്. ഇത് സാധാരണ തുടിപ്പല്ലെന്നും ചികിത്സ ആവശ്യമാണെന്നും ഉള്ളതിന്റെ സൂചനകളാണിവ.
പ്രധാനമായും മൂന്ന് തരത്തിലാണ് ഇത് സംഭവിക്കുന്നത്. ആദ്യത്തേത് കൺപോളകളിൽ ഏതെങ്കിലുമൊന്ന്, അതായത് താഴത്തെയോ മുകളിലത്തെതോ തുടിക്കുന്നത്. വേദനയില്ലാത്തതും ദോഷകരമല്ലാത്തതുമാണിത്. സാധാരണയായി ഒട്ടുമിക്കയാളുകളിലും ഇതുണ്ടാകാറുണ്ട്. ജീവിത ശൈലിയാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. ഉദാഹരണത്തിന് മദ്യപാനം, പുകവലി, കഫീനിന്റെ ഉപയോഗം, ക്ഷീണം, പിരിമുറുക്കം എന്നിവ.
രണ്ടാമത്തേത് നമ്മുടെ ദൈനംദിന ജീവിതത്തെ തടസപ്പെടുത്തുന്ന ഒന്നാണെന്ന് പറയാം. നിരന്തരം രണ്ടു കണ്ണുകളും വിറയ്ക്കുകയോ ചിമ്മിക്കൊണ്ടേയിരിക്കുന്ന ഒരവസ്ഥയാണിത്. വളരെ വിരളമായി മാത്രം ഉണ്ടാകുന്ന ഈ അവസ്ഥയ്ക്ക് ആശ്വാസം ലഭിക്കാൻ മണിക്കൂറുകളോളം കണ്ണുകളടച്ചു വയ്ക്കേണ്ടിവരാറുണ്ട്.
വായയ്ക്കു ചുറ്റുമുള്ള പേശികളും കൺപോളകൾ ഉൾപ്പടെയുള്ള ഭാഗങ്ങൾ വിറയ്ക്കുന്ന അവസ്ഥയാണ് മൂന്നാമത്തേത്. മുഖത്തിന്റെ ഏതെങ്കിലും ഒരു വശത്തു മാത്രമാണിത് സംഭവിക്കുന്നത്. ഇതിന് കാരണമാകുന്നത് മുഖത്തെ ഒരു ചെറിയ ധമനിയാണ്.
ഒഴിവാക്കാൻ മാർഗങ്ങൾ
നിങ്ങൾ ജോലി ചെയ്യുന്ന സമയത്തോ കമ്പ്യൂട്ടറിനു മുന്നിലിരിക്കുന്ന സമയത്തോ ആണ് കണ്ണ് തുടിക്കുന്നത് എങ്കിൽ കുറച്ചു സമയത്തേക്ക് കണ്ണുകൾ അടച്ചുവയ്ക്കുക.
നന്നായി ഉറങ്ങുക
കൈവിരൽ ഉപയോഗിച്ച് കൺപോളയിലൂടെ വൃത്താകൃതിയിൽ മസാജ് ചെയ്യുക.
ധാരാളം വെള്ളം കുടിക്കുക.
കഫീനിന്റെ ഉപയോഗം കുറയ്ക്കുക.
മദ്യപാനം ഒഴിവാക്കുക.
News Now
'നാന, നിങ്ങളുടെ ആ ഉപദേശം മരിക്കുവോളം മറക്കില്ല; ഒരിക്കല്‍ കൂടി തര്‍ക്കിക്കാനും ചായ പങ്കിടാനും സാധിച്ചിരുന്നെങ്കില്‍'; വികാരഭരിതനായി ഷാരൂഖ്

'സഞ്ജു പ്ലെയിങ് ഇലവനിൽ വേണം, മറ്റൊരു ചോദ്യവും ഇല്ല'

Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ
ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം റദ്ദാക്കി; നിര്‍ണായക പരിഷ്കാരങ്ങളുമായി ജിഎസ്ടി കൗണ്‍സില്‍

Summary
Eyes twitching often? this habit may be the reason behind it
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


