
കീമോതെറപ്പിക്കു പകരം പുതിയ സ്മാര്‍ട്ട് മരുന്ന്; കാന്‍സര്‍ ചികിത്സയില്‍ വിപ്ലവമാകാന്‍ ആര്‍കെ-251
ഇന്ത്യന്‍ പരീക്ഷണങ്ങളില്‍ പ്രതീക്ഷയോടെ ശാസ്ത്രലോകം

അര്‍ബുദചികിത്സാ രംഗത്ത് ചരിത്രപരമായ മുന്നേറ്റത്തിന് വഴിതെളിച്ചുകൊണ്ട് പുതിയൊരു മരുന്ന് വികസിപ്പിച്ചെടുത്ത് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. പരമ്പരാഗത കീമോതെറപ്പിക്കു പകരമായി ഉപയോഗിക്കാന്‍ സാധിക്കുന്ന ആര്‍കെ-251 എന്ന സ്മാര്‍ട്ട് കാന്‍സര്‍ മരുന്നാണ് ഇന്ത്യന്‍ ഗവേഷകര്‍ വിജയകരമായി പരീക്ഷിച്ചിരിക്കുന്നത്. ഗുവാഹത്തിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, സയന്‍സ് ആന്‍ഡ് ടെക്നോളജി അഡ്വാന്‍സ്ഡ് സ്റ്റഡി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ വിദഗ്ധര്‍ സംയുക്തമായാണ് ഈ നേട്ടം കൈവരിച്ചത്. എസിഎസ് ജേണല്‍ ഓഫ് മെഡിസിനല്‍ കെമിസ്ട്രിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അര്‍ബുദചികിത്സയില്‍ നിലവിലുള്ള കീമോതെറപ്പി അര്‍ബുദകോശങ്ങളെ നശിപ്പിക്കുന്നതിനൊപ്പം ശരീരത്തിലെ ആരോഗ്യമുള്ള കോശങ്ങളെയും ബാധിക്കാറുണ്ട്. ഇത് രോഗികളില്‍ കടുത്ത പാര്‍ശ്വഫലങ്ങള്‍ക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ക്കും കാരണമാകുന്നു. ഈ പ്രതിസന്ധിക്ക് പരിഹാരമായാണ് ശരീരത്തിലൂടെ സഞ്ചരിക്കുമ്പോള്‍ സാധാരണ കോശങ്ങളില്‍ നിര്‍ജീവമായിരിക്കുകയും, കൃത്യമായി ട്യൂമര്‍ ഭാഗത്ത് എത്തുമ്പോള്‍ മാത്രം സജീവമാവുകയും ചെയ്യുന്ന ചികിത്സാ രീതിക്ക് (Targeted Therapy) ശാസ്ത്രലോകം പ്രാധാന്യം നല്‍കുന്നത്. ഈ ആശയത്തിന്റെ സാക്ഷാത്കാരമാണ് ആര്‍കെ-251.
ആര്‍കെ-251 എങ്ങനെ പ്രവര്‍ത്തിക്കുന്നു?
അര്‍ബുദകോശങ്ങളുടെ സവിശേഷമായ ഒരു ഘടനയെ അടിസ്ഥാനമാക്കിയാണ് ഈ മരുന്ന് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സാധാരണ കോശങ്ങളെ അപേക്ഷിച്ച് അര്‍ബുദകോശങ്ങളില്‍ ഉയര്‍ന്ന അളവില്‍ റിയാക്ടീവ് ഓക്സിജന്‍ സ്പീഷിസ് (ROS) ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഒരു മോളിക്യുലാര്‍ സ്വിച്ച് (പോലെ പ്രവര്‍ത്തിക്കുന്ന ആര്‍കെ-251 മരുന്ന് ഇത്തരം ഉയര്‍ന്ന അളവിലുള്ള ഓക്സിജന്‍ ഘടകങ്ങളുമായി സമ്പര്‍ക്കം വരുമ്പോള്‍ രാസമാറ്റത്തിന് വിധേയമാകുന്നു.
തുടര്‍ന്ന് ഇത് 'NBDHEX' എന്ന ശക്തമായ ആന്റി-കാന്‍സര്‍ ഘടകത്തെ പുറത്തുവിടുകയും, അര്‍ബുദകോശങ്ങളുടെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും കാരണമാകുന്ന പ്രോട്ടീനുകളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അതായത്, ആരോഗ്യകരമായ കോശങ്ങളെ ബാധിക്കാതെ, അര്‍ബുദകോശങ്ങളില്‍ മാത്രം പ്രവേശിച്ച് അവയെ നശിപ്പിക്കാന്‍ ഈ സ്മാര്‍ട്ട് മരുന്നിന് സാധിക്കും.
പ്രീ-ക്ലിനിക്കല്‍ പരീക്ഷണ ഫലം
കടുത്തതും ചികിത്സിക്കാന്‍ ഏറെ പ്രയാസമേറിയതുമായ ട്രിപ്പിള്‍-നെഗറ്റീവ് സ്തനാര്‍ബുദ കോശങ്ങളില്‍ നടത്തിയ പ്രീ-ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ആര്‍കെ-251 മികച്ച ഫലമാണ് കാഴ്ചവെച്ചത്. ആരോഗ്യകരമായ കോശങ്ങളില്‍ ഈ മരുന്ന് കാര്യമായ ദോഷങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
മരുന്നിന്റെ സുരക്ഷിതത്വവും പെരുമാറ്റരീതികളും വിലയിരുത്തുന്നതിനായി സീബ്രമീന്‍ ഭ്രൂണങ്ങളില്‍ (Danio rerio) നടത്തിയ പരീക്ഷണങ്ങളിലും വിഷാംശത്തിന്റെ വ്യക്തമായ ലക്ഷണങ്ങളൊന്നും കണ്ടിട്ടില്ല. റിയാക്ടീവ് ഓക്സിജന്‍ ഘടകങ്ങളുടെ സാന്നിധ്യത്തില്‍ മരുന്ന് കൃത്യമായി ഫ്‌ലൂറസെന്‍സ് പ്രകടിപ്പിക്കുന്നത്, ഇത് കൃത്യമായ ലക്ഷ്യസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നതിന്റെ സൂചനയാണ്.
വെല്ലുവിളിയും തുടര്‍പഠനങ്ങളും
ശാസ്ത്രലോകത്തിന് വലിയ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും, ഈ മരുന്ന് നിലവില്‍ പ്രീ-ക്ലിനിക്കല്‍ ഗവേഷണ ഘട്ടത്തിലാണ്. മനുഷ്യരില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിന് മുമ്പ് മരുന്നിന്റെ സുരക്ഷിതത്വവും ഫലപ്രാപ്തിയും സംബന്ധിച്ച് കൂടുതല്‍ വിപുലമായ പരിശോധനകളും പഠനങ്ങളും ആവശ്യമാണെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. എങ്കിലും, അര്‍ബുദരോഗ ചികിത്സാരംഗത്ത് കീമോതെറപ്പിയുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി പാര്‍ശ്വഫലങ്ങളില്ലാത്ത ഒരു പുതിയ കാലഘട്ടത്തിന് ആര്‍കെ-251 വഴിതെളിക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യമേഖല.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Beyond Chemotherapy: India's New 'Smart' Cancer Drug RK-251 Shines in Early Tests
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍; യുഎഇയില്‍ പുതിയ ടെന്‍ഡര്‍ ക്ഷണിച്ച് ഇന്ത്യന്‍ എംബസി

7000 എംഎഎച്ച് ബാറ്ററി, 20,000 രൂപ വില; വണ്‍പ്ലസ് എന്‍6 ലൈറ്റ് ഉടന്‍ വിപണിയില്‍



