പാർക്കിൻസൺസ് രോഗവും ഒക്യുപ്പേഷണൽ തെറാപ്പിയും: പരിമിതികളെ അതിജീവിച്ച് കരുത്തോടെ മുന്നോട്ട്
ദൈനംദിന ജീവിതത്തിൽ നേരിടുന്ന തടസ്സങ്ങൾ പരിഹരിക്കാൻ ഒരു ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ് സഹായിക്കുന്നു.

വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾക്കപ്പുറം, ഒരാളുടെ ചലനസ്വാതന്ത്ര്യത്തെയും നിത്യജീവിതത്തെയും മെല്ലെ തളർത്തുന്ന അവസ്ഥയാണ് പാർക്കിൻസൺസ് രോഗം. ലളിതമെന്ന് നാം കരുതുന്ന പല കാര്യങ്ങളും ഈ രോഗബാധിതർക്ക് വലിയ വെല്ലുവിളിയായി മാറാറുണ്ട്. എന്നാൽ രോഗനിർണ്ണയത്തിന് ശേഷം ജീവിതം വെറും നിയന്ത്രണങ്ങളിലൊതുങ്ങേണ്ട ഒന്നല്ല.
മറിച്ച് കൃത്യമായ ഒക്യുപ്പേഷണൽ തെറാപ്പിയിലൂടെ ആത്മവിശ്വാസത്തോടെയും സ്വതന്ത്രമായും മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്ന ഒന്നാണ്. ഏപ്രിൽ 11 ലോക പാർക്കിൻസൺസ് ദിനമായി ആചരിക്കുന്നതിനൊപ്പം ഒക്യുപ്പേഷണൽ തെറാപ്പി മാസമായി കൂടി ആചരിക്കുന്ന ഈ ഏപ്രിൽ മാസത്തിൽ പാർക്കിൻസൺസ് രോഗത്തെ നേരിടുന്നതിൽ ഒക്യുപ്പേഷണൽ തെറാപ്പിയുടെ അനിവാര്യതയെക്കുറിച്ച് നമുക്ക് പരിശോധിക്കാം.
എന്താണ് പാർക്കിൻസൺസ് രോഗം?
തലച്ചോറിലെ നാഡീവ്യൂഹങ്ങളെ ബാധിക്കുന്ന ഒരു അവസ്ഥയാണിത്. ഇത് ചലനം, ബാലൻസ്, ഏകോപനം എന്നിവയെ കാര്യമായി ബാധിക്കുന്നു. പ്രധാനമായും താഴെ പറയുന്ന ലക്ഷണങ്ങളാണ് കാണപ്പെടുന്നത്:
കൈകാലുകളിലെ വിറയൽ, പേശികളുടെ കടുപ്പം, ചലനങ്ങളിലെ മന്ദത എന്നിവ നിത്യേനയുള്ള ജോലികളെ പ്രയാസകരമാക്കുന്നു.
ശാരീരികമായ ബുദ്ധിമുട്ടുകൾക്ക് പുറമെ കഠിനമായ ക്ഷീണം, ഓർമ്മക്കുറവ് അല്ലെങ്കിൽ മാനസികാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയും രോഗികളെ അലട്ടാറുണ്ട്.
വെളിച്ചം കുറഞ്ഞ ഇടനാഴികളോ സാധനങ്ങൾ ക്രമം തെറ്റി കിടക്കുന്ന വീടോ രോഗികളുടെ വീഴ്ചയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
ഒക്യുപ്പേഷണൽ തെറാപ്പി: ജീവിതത്തിലേക്കുള്ള വഴികാട്ടി
ഒക്യുപ്പേഷണൽ തെറാപ്പി എന്നത് കേവലം ശാരീരിക വ്യായാമങ്ങൾ മാത്രമല്ല, മറിച്ച് ഒരു വ്യക്തിക്ക് തൻ്റെ ദൈനംദിന കാര്യങ്ങൾ സ്വയം ചെയ്യാൻ പ്രാപ്തനാക്കുന്ന ശാസ്ത്രീയമായ രീതിയാണ്. മരുന്നുകൾ രോഗലക്ഷണങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുമ്പോൾ, ഒക്യുപ്പേഷണൽ തെറാപ്പി രോഗിയുടെ ജീവിതത്തെ മൊത്തത്തിലാണ് നോക്കിക്കാണുന്നത്.
വസ്ത്രം ധരിക്കുക, ഭക്ഷണം കഴിക്കുക, ജോലികൾ ചെയ്യുക, വിനോദങ്ങളിൽ ഏർപ്പെടുക തുടങ്ങിയ എല്ലാ കാര്യങ്ങളിലും നേരിടുന്ന തടസ്സങ്ങൾ പരിഹരിക്കാൻ ഒരു ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ് സഹായിക്കുന്നു.
തെറാപ്പിയിലൂടെ ലഭിക്കുന്ന സഹായങ്ങൾ:
ദൈനംദിന കാര്യങ്ങൾക്കായുള്ള പരിശീലനം: എഴുതുക, ഭക്ഷണം കഴിക്കുക, മരുന്നുകൾ എടുക്കുക തുടങ്ങിയ ലളിതമായ എന്നാൽ മുടക്കാൻ പറ്റാത്ത ജോലികൾക്കായി പ്രത്യേക പരിശീലനവും ഉപകരണങ്ങളും നൽകുന്നു.
ശരീരഭാവം ശരിയാക്കുന്നതിനുള്ള വ്യായാമങ്ങൾ: നടത്തത്തിലും ഇരിപ്പിലും നിൽക്കുന്ന രീതിയിലുമുള്ള അപാകതകൾ പരിഹരിക്കാനും നട്ടെല്ലിന്റെയും ശരീരത്തിന്റെയും ശരിയായ ആകൃതി നിലനിർത്താനുമുള്ള പ്രത്യേക പരിശീലനങ്ങൾ.
സുരക്ഷിതമായ സ്ഥാനമാറ്റത്തിനുള്ള പരിശീലനം: ഉദാഹരണത്തിന്, കട്ടിലിൽ നിന്ന് കസേരയിലേക്കോ തിരിച്ചോ വീഴ്ചകൾ ഒഴിവാക്കി സുരക്ഷിതമായി മാറുന്നതിനുള്ള രീതികൾ പഠിപ്പിക്കുന്നു.
ഗെയ്റ്റ് ട്രെയിനിങ്: കൃത്യമായ സൂചനകൾ നൽകിക്കൊണ്ടുള്ള നടത്ത പരിശീലനമാണിത്. തറയിൽ വരച്ച വരകൾക്ക് മുകളിലൂടെ ചുവടുവെച്ച് നടക്കാൻ പഠിപ്പിക്കുന്നത് വഴി നടത്തത്തിലെ വേഗതയും താളവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ഓർമ്മശക്തിയും മാനസികാരോഗ്യവും: ഓർമ്മക്കുറവ് നേരിടുന്നവർക്കായി ചെക്ക്‌ലിസ്റ്റുകൾ, വിഷ്വൽ റിമൈൻഡറുകൾ എന്നിവയിലൂടെ ദൈനംദിന കാര്യങ്ങൾ ക്രമീകരിക്കാൻ സഹായിക്കുന്നു.
സുരക്ഷിതമായ ജീവിതസാഹചര്യം: വീഴ്ചകൾ ഒഴിവാക്കാൻ ബാത്ത്റൂമിലും മറ്റും 'ഗ്രാബ് ബാറുകൾ' ഘടിപ്പിക്കുക, തെന്നൽ കുറക്കുന്ന ചവിട്ടികൾ പോലുള്ളവ ഉപയോഗിക്കാം. വീടിന്റെ എല്ലാ ഭാഗങ്ങളിലും ആവശ്യമായ വെളിച്ചം കൃത്യമായി ലഭിക്കുന്നുണ്ട് എന്നുറപ്പാക്കാം. ഫർണിച്ചറുകളുടെ അറ്റങ്ങൾ മൂർച്ചയുള്ളതാവാതെ വട്ടത്തിലോ പരന്നതോ ആക്കുന്നതും, മൂർച്ചയുള്ള വസ്തുക്കൾ ഒഴിവാക്കുന്നതും തുടങ്ങിയ ശരിയായ ക്രമീകരണങ്ങൾ ഉണ്ടായേക്കാവുന്ന വീഴ്ചയുടെ ആഘാതം കുറക്കാനും സഹായിക്കും.
ഊർജ്ജ സംരക്ഷണം: അമിതമായ ക്ഷീണം ഒഴിവാക്കാൻ ജോലികൾക്കിടയിൽ വിശ്രമം ഉൾപ്പെടുത്താനും ഊർജ്ജം ലാഭിക്കാനുമുള്ള വിദ്യകൾ പഠിപ്പിക്കുന്നു. ഓരോ ദിവസത്തെയും ജോലികൾ മുൻകൂട്ടി പ്ലാൻ ചെയ്യുകയും, ഏറ്റവും പ്രധാനപ്പെട്ടവയ്ക്ക് ആദ്യം മുൻഗണന നൽകുകയും, അമിതമായി ആയാസപ്പെടാതെ പതുക്കെ ജോലികൾ പൂർത്തിയാക്കുകയും ചെയ്യുക.
സാധ്യമാകുമ്പോഴെല്ലാം നിന്ന് ചെയ്യുന്നതിന് പകരം ഇരുന്നു ചെയ്യുക. കുളിക്കുമ്പോഴോ ഭക്ഷണം പാകം ചെയ്യുമ്പോഴോ പോലെ നിൽക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ, കസേരയോ സ്റ്റൂളോ ഉപയോഗിച്ച് ഇരുന്നു കൊണ്ട് ജോലി ചെയ്യുന്നത് ക്ഷീണം കുറയ്ക്കാൻ സഹായിക്കും. ഇടയ്ക്കിടെ വിശ്രമവേളകൾ ഉൾപ്പെടുത്തുക. ഒരു ജോലി പൂർണ്ണമായി തീരുന്നത് വരെ കാത്തുനിൽക്കാതെ, ഇടവേളകളിൽ ചെറിയ വിശ്രമം എടുക്കുന്നത് ശരീരത്തിന് അമിത ഭാരം വരുന്നത് ഒഴിവാക്കാൻ സഹായിക്കും.
വൈകാരികമായ ശാക്തീകരണം
രോഗികളിലെ ശാരീരിക ബുദ്ധിമുട്ടുകൾക്കൊപ്പം തന്നെ അവരുടെ മാനസികമായ ഉന്മേഷത്തിനും ഒക്യുപ്പേഷണൽ തെറാപ്പി മുൻഗണന നൽകുന്നു. വിവിധ രീതികളിലൂടെ സ്വയം കാര്യങ്ങൾ നിർവഹിക്കാൻ പരിശീലനം നൽകുന്നു. ആത്മവിശ്വാസം വീണ്ടെടുക്കാനും അവർക്ക് സന്തോഷം നൽകുന്ന വിനോദങ്ങളിൽ ഏർപ്പെടാനും ബന്ധങ്ങൾ നിലനിർത്താനും സഹായിക്കുന്നതിലൂടെ അവർക്ക് സ്വന്തം വ്യക്തിത്വത്തെയും അന്തസ്സിനെയും വീണ്ടെടുക്കാൻ സഹായിക്കുന്നു.
നേരത്തെയുള്ള തെറാപ്പിയുടെ പ്രാധാന്യം
പാർക്കിൻസൺസ് രോഗത്തിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ ഒക്യുപ്പേഷണൽ തെറാപ്പി ആരംഭിക്കുന്നത് ഏറെ ഗുണകരമാണ്. ഇത് ബുദ്ധിമുട്ടുകൾ തീവ്രമാകുന്നതിന് മുൻപ് തന്നെ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള ശീലങ്ങൾ വളർത്താൻ സഹായിക്കുന്നു.
ചുരുക്കത്തിൽ, പാർക്കിൻസൺസ് രോഗബാധിതർക്ക് നിരാശപ്പെടേണ്ടതില്ല. ഒക്യുപ്പേഷണൽ തെറാപ്പി എന്ന മികച്ച പിന്തുണയിലൂടെ ലക്ഷ്യബോധമുള്ളതും അന്തസ്സുള്ളതുമായ ജീവിതം അവർക്കും സ്വയം നയിക്കാൻ സാധ്യമാണ്.

Dr. Joseph Sunny Kunnassery - .
തയ്യാറാക്കിയത്: ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി, കൊച്ചിയിലെ പ്രമുഖ മൾട്ടി ഡിസിപ്ലിനറി സെന്ററായ, പ്രയത്ന സെന്റർ ഫോർ ചൈൽഡ് ഡെവലപ്‌മെന്റ് സ്ഥാപകനും ഓൾ ഇന്ത്യ ഒക്യുപേഷണൽ തെറാപ്പിസ്റ്റ്സ് അസോസിയേഷൻ ഓണററി സെക്രട്ടറിയുമാണ്.
News Now
വാഹനം, വസ്തു എന്നിവയുമായുള്ള ഇടപാടുകളില് ശ്രദ്ധിക്കുക

Today's Rashi Phalam October 07|സുഹൃത്തിൽ നിന്ന് ലഭിക്കുന്ന വിവരം നിങ്ങളുടെ ആശങ്ക മാറ്റും, മാറ്റി വച്ചിരുന്ന ഒരു യാത്രയ്ക്ക് സാധ്യത തെളിയും

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്ഗ്രസ് പ്രതിഷേധം

'നാല് ആന്ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

Summary
Occupational Therapy for People with Early Parkinson's Disease
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




