കളത്തറ ഗോപന്റെ മൂന്നു കവിതകൾ

Premium
illustration
ചിത്രീകരണംSource by : സചീന്ദ്രന്‍ കാറഡുക്ക
Last Updated :7 October 2026, 12:37 pm IST

News Now

1. അപൂർണം

ഒരുജന്മവും പൂർത്തിയാവുന്നില്ല

ഒരുപാടുപേർ ചേർന്നാണ്

ഒരുജന്മം പലരീതിയിൽ പൂർത്തീകരിക്കുന്നത്?

സംശയമുണ്ടെങ്കിൽ മരിച്ചവരുടെ

ഓർമകളുമായ് സംസാരിച്ചു നോക്കൂ.

ഓർമകളെ തെരഞ്ഞെടുക്കാനും

ഒരു മിടുക്കൊക്കെ വേണം.

അവർ പറയും

ഞാൻ പുതിയൊരു കവിതാസമാഹാരത്തിന്റെ

പണിപ്പുരയിലായിരുന്നു.

ഞാനൊരു സിനിമ സംവിധാനം

ചെയ്യാനിരിക്കയായിരുന്നു.

ഞാനൊരു പെണ്ണിനെ പ്രണയിക്കാനിരിക്കയായിരുന്നു.

ഞാനൊരു കണ്ടെത്തൽ നടത്താനിരിക്കയായിരുന്നു എന്നൊക്കെ.

മരിച്ചവർ ബാക്കിവച്ച പ്രവൃത്തി

അവരുടെ ഭാവനയ്ക്കനുസരിച്ച്

ആരുംതന്നെ തുടരുന്നുണ്ടാവില്ല.

അങ്ങനെയായിരുന്നെങ്കിൽ

ലോകം മറ്റൊന്ന് ആയേനെ.

2. അനേകൻ

ഒന്നും ഒന്നായി നിലനില്‍ക്കുന്നില്ല.

ഭൂമി, ഭൂമി മാത്രമല്ല

സൂര്യനും ചന്ദ്രനും കൂടി ചേർന്നതാണ്.

ഏകാന്തത താല്‍ക്കാലികമാണ്.

വായിച്ച ഒരു പുസ്തകം

കൂട്ടിനുണ്ടെങ്കിൽ

നമ്മൾ ഏകനാണോ?

ഒരു കവിതയ്ക്ക്

നമ്മുടെ ഏകാന്തത അപ്പാടെ മാറ്റാനാകും.

ഒരു മഴനനഞ്ഞതോ

വെയിൽ കൊണ്ടതോ

ഒരു മരത്തണലിൽ ഇത്തിരി

നേരമിരുന്നതോ

ഒരു നിലാവിൽ നമ്മൾ

അല്പം നടന്നതോ

പുലരിമഞ്ഞിനിടയിൽക്കൂടി

സൂര്യൻ നമ്മെ വന്നു തൊട്ടതോ

അകലെ പാടവരമ്പിൽക്കൂടി

ഒരു പെൺകുട്ടി നടന്നുമറഞ്ഞതോ

നമ്മൾ അനുഭവിച്ചിട്ടുണ്ടെങ്കിൽ

നമ്മൾ ഏകനാണെന്ന്

എങ്ങനെ പറയാനാകും?

മനുഷ്യനെക്കുറിച്ചുമാത്രം

ചിന്തിക്കുമ്പോഴാണ്

ഏകാന്തത പ്രശ്നമാകുന്നത്.

സത്യത്തിൽ നമ്മെ പ്രകൃതി

ഏകനായിരിക്കാൻ ഒട്ടും അനുവദിക്കുന്നില്ല.

അതു നമ്മെ എപ്പോഴും

കൂട്ടുകൂടാൻ വിളിക്കുന്നു.

കൂട്ടുകൂടി കൂട്ടുകൂടി

ഒറ്റയായി പോകാൻ അനുവദിക്കുന്നു.

3. ഗ്ലോബ്

റോണാൾഡോ തട്ടുന്ന

പന്തിനെ

മെസ്സി ഗോളാക്കാൻ

ശ്രമിക്കുന്നു.

ആ പന്തിന്റെ ഏതോ

ഒരു കോണിലാണ്

എന്റെ വീട്.

വീട് വിറയ്ക്കുന്നുണ്ട്

മരങ്ങളും

കെട്ടിടങ്ങളും

ഇളകിവരുന്നുണ്ട്.

സമുദ്രം അലയടിച്ച് ഇങ്ങ് കയറിവരുമോ?

ഞാൻ പെട്ടെന്നെഴുന്നേറ്റ്

ലൈറ്റിട്ടു.

ഒരു മീൻ ഫ്ലോറിൽ കിടന്ന്

പിടയ്ക്കുന്നു.

മേശപ്പുറത്തിരിക്കുന്ന

ഗ്ലോബ് നിശ്ചലം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates