വിഷരഹിത പുതിന ഇനി സ്വയം വളര്‍ത്താം; എളുപ്പത്തില്‍ കൃഷി ചെയ്യാം ഈ ഔഷധച്ചെടി

നമ്മുടെ മണ്ണും കാലാവസ്ഥയും പുതിന കൃഷിക്ക് ഏറെ അനുയോജ്യമാണ്

mint
MintAI Generated Image
Edited by :ബിജീഷ് ബാലകൃഷ്ണൻ
Last Updated :22 ഓഗസ്റ്റ് 2026, 1:56 pm IST

ഒരു പിടി പുതിനയിലയ്ക്കായി ഇനി കടകളിലേക്ക് കണ്ണുംനട്ടിരിക്കേണ്ടതില്ല. വിത്തോ തൈയോ തേടി അലയാതെ, മാര്‍ക്കറ്റില്‍നിന്ന് വാങ്ങുന്ന പുതിനച്ചെടിയുടെ തണ്ടുകള്‍ ഉപയോഗിച്ച് ആര്‍ക്കും വളരെ എളുപ്പത്തില്‍ വിഷരഹിത പുതിന വീട്ടില്‍ വളര്‍ത്തിയെടുക്കാം. നമ്മുടെ മണ്ണും കാലാവസ്ഥയും പുതിന കൃഷിക്ക് ഏറെ അനുയോജ്യമാണ്.

മാര്‍ക്കറ്റില്‍നിന്ന് വാങ്ങുന്ന പുതിനയുടെ നേര്‍ത്ത വേരുകളുള്ള നല്ല ആരോഗ്യകരമായ തണ്ടുകള്‍ ഇതിനായി തെരഞ്ഞെടുക്കാം. ഗ്രോബാഗിലോ ചെടിച്ചട്ടിയിലോ മേല്‍മണ്ണ് നിറച്ച് ഉപയോഗിക്കുക. നേര്‍ത്ത നനവുള്ള മണ്ണില്‍ 50 ഗ്രാം പൊടിഞ്ഞ കുമ്മായം ചേര്‍ത്ത് നന്നായി ഇളക്കിവെക്കുക. കുമ്മായം ചേര്‍ത്ത് പതിനഞ്ചു ദിവസത്തിനുശേഷം പൊടിഞ്ഞ ചാണകവളമോ കമ്പോസ്റ്റോ 1:1 അനുപാതത്തില്‍ മണ്ണുമായി ചേര്‍ക്കാം. ഭാഗികമായ തണലും മിതമായ നനയുമാണ് പുതിനയ്ക്ക് ആവശ്യം. രണ്ടോ മൂന്നോ ചട്ടിയില്‍ നട്ടാല്‍ത്തന്നെ ഒരു കുടുംബത്തിന് ആവശ്യമായ പുതിന എപ്പോഴും വീട്ടില്‍ ലഭിക്കും.

ആരോഗ്യഗുണങ്ങളുടെ കലവറ

രുചി കൂട്ടാന്‍ മാത്രമല്ല, ഔഷധഗുണങ്ങളുടെ കാര്യത്തിലും പുതിന മുന്നിലാണ്. ഇതിലടങ്ങിയിരിക്കുന്ന മെന്തോള്‍ ജലദോഷം, ചുമ, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് പെട്ടെന്ന് ആശ്വാസം നല്‍കുന്നു. ദഹനത്തെ സഹായിക്കുന്ന നാരുകള്‍ നിറഞ്ഞ ഈ സസ്യത്തില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, മാംഗനീസ്, ഫോളേറ്റ് എന്നിവ ധാരാളമുണ്ട്. കലോറി വളരെ കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത് മികച്ചതാണ്.

mint

mint

പുതിനയില കുറച്ച് വെള്ളം ചേര്‍ത്ത് അരച്ച്, നാരങ്ങാനീരോ ഓറഞ്ചുനീരോ ചേര്‍ത്ത് വെറുംവയറ്റില്‍ കുടിക്കുന്നത് ജലദോഷത്തിനും അസ്വസ്ഥതകള്‍ക്കും നല്ലൊരു ഔഷധമാണ്. സ്വാദിനായി അല്‍പ്പം തേനോ പഞ്ചസാരയോ ചേര്‍ക്കാം. സാലഡുകള്‍, കറികള്‍, ബിരിയാണി, പുലാവ് എന്നിവയുടെ രുചിയും മണവും കൂട്ടാനും പുതിന ആവശ്യമാണ്. വിഷാംശമില്ലാതെ വീട്ടില്‍ത്തന്നെ വളര്‍ത്തിയെടുക്കുന്ന പുതിനയ്ക്ക് കടകളില്‍ കിട്ടുന്നവയേക്കാള്‍ സുഗന്ധവും ഗുണവുമുണ്ടാകും.

News Now

Summary

Grow Organic Mint Easily at Home: A Simple Guide to Kitchen Gardening and Health Benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates