76ാം വയസില്‍ രത്തന്‍ ടാറ്റ കണ്ടെത്തിയ സൗഹൃദം; പത്ത് വര്‍ഷമായി ഒന്നിച്ച്; ശാന്തനു നായിഡു എന്ന ഉറ്റസുഹൃത്ത്

86കാരനായ രത്തന്‍ ടാറ്റയുടെ 30കാരനായ ഉറ്റസുഹൃത്ത്

Shantanu Naidu, ratan tata
രത്തൻ ടാറ്റയും ശാന്തനുവും, ശാന്തനു രത്തൻ ടാറ്റയുടെ സംസ്കാര ചടങ്ങിൽ എക്സ്, പിടിഐ
Last Updated :11 October 2024, 9:55 am IST
Edited by :Manju

മുംബൈ: തെരുവു നായ്ക്കളോടുള്ള സ്‌നേഹമാണ് രത്തന്‍ ടാറ്റയേയും ശാന്തനു നായിഡുവിനേയും ഒന്നിപ്പിക്കുന്നത്. 86കാരനായ രത്തന്‍ ടാറ്റയുടെ 30കാരനായ ഉറ്റസുഹൃത്ത്. 56 വയസിന്റെ പ്രായവ്യത്യാസമൊന്നും ഈ സൗഹൃദത്തിന് തടസമായില്ല. ആദ്യ കൂടിക്കാഴ്ചയോടെ തന്നെ രത്തന്‍ ടാറ്റയുടെ ഹൃദയം കവര്‍ന്ന ശാന്തനു അദ്ദേഹത്തിന്റെ സന്തത സഹചാരിയായി ശാന്തനു മാറി.

Shantanu Naidu, ratan tata

രത്തന്‍ ടാറ്റയ്ക്ക് വിടപറഞ്ഞുകൊണ്ട് ശാന്തനു കുറിച്ച വാക്കുകളില്‍ തന്നെയുണ്ട് ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം. 'ഈ സൗഹൃദം എന്നില്‍ അവശേഷിപ്പിച്ച വിടവ് നികത്താന്‍ എന്റെ ജീവിതകാലം മുഴുവന്‍ വേണ്ടിവരും. സ്‌നേഹത്തിന് നല്‍കുന്ന വിലയാണ് ദുഃഖം. എന്റെ പ്രിയപ്പെട്ട വിളക്കുമാടത്തിനു വിട.'- രത്തന്‍ ടാറ്റയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ശാന്തനു കുറിച്ചു.

രത്തന്‍ ടാറ്റയുടെ സൗഹൃദം ആരംഭിക്കുമ്പോള്‍ 20 വയസ് മാത്രമായിരുന്നു ശാന്തനുവിന്. പത്ത് വര്‍ഷം മുന്‍പ് 2014ലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് ഒരു എന്‍ജിഒയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു ശാന്തനു. തെരുവു നായ്ക്കള്‍ അപകടത്തില്‍പ്പെടുന്നത് തടയാനുള്ള ഒരു പ്രൊജക്റ്റ് ഇവര്‍ തയ്യാറാക്കി. ഇത് നടപ്പാക്കാനുള്ള സാമ്പത്തിക പ്രശ്‌നത്തെ തുടര്‍ന്ന് സഹായം അഭ്യര്‍ത്ഥിച്ച് ശാന്തനു രത്തന്‍ ടാറ്റയ്ക്ക് ഒരു കത്തെഴുതി. ശാന്തനുവിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് രണ്ട് മാസത്തിനു ശേഷം രത്തന്‍ ടാറ്റയുടെ ഒരു മറുപടി കത്ത് ലഭിച്ചു. മുംബൈയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു കത്ത്. ആ കൂടിക്കാഴ്ചയിലാണ് രത്തന്‍ ടാറ്റ തന്റെ ഉറ്റ സുഹൃത്തിനെ കണ്ടെത്തുന്നത്.

രത്തൻ ടാറ്റയുടെ ശവ സംസ്കാര ചടങ്ങിൽ ശാന്തനു

രത്തൻ ടാറ്റയുടെ ശവ സംസ്കാര ചടങ്ങിൽ ശാന്തനു - പിടിഐ

രത്തന്‍ ടാറ്റയുടെ സഹായത്തോടെ മോട്ടോപോ എന്ന കമ്പനി ശാന്തനു സ്ഥാപിച്ചു. ഇരുവരും തമ്മിലുള്ള സൗഹൃദം വളരാന്‍ ഇത് സഹായിച്ചു. എന്നാല്‍ അതിനിടെ എംബിഎ ചെയ്യാന്‍ ശാന്തനുവിന് യുഎസില്‍ പോകേണ്ടിവന്നു. പഠനം കഴിഞ്ഞ് തിരിച്ചെത്തി വീണ്ടും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് രത്തന്‍ ടാറ്റയ്ക്ക് ശാന്തനു ഉറപ്പു നല്‍കിയിരുന്നു. ആ വാക്ക് ശാന്തനു പാലിച്ചു. തിരിച്ചെത്തിയപ്പോള്‍ ശാന്തനുവിനെ കാത്തിരുന്നത് രത്തന്‍ ടാറ്റയുടെ അസിസ്റ്റന്റിന്റെ ജോലിയാണ്. കൂടാതെ ടാറ്റ ട്രസ്റ്റിന്റെ മാനേജരായും നിയമിച്ചു. ആ സ്ഥാനത്തേക്ക് എത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയായി ശാന്തനു മാറി. വാക്ക് നിറവേറ്റിയതിനു പകരമായി രത്തന്‍ ടാറ്റ ശാന്തനുവിന്റെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്തു.

രത്തന്‍ ടാറ്റയുടെ അസിസ്റ്റന്റ് ആയതോടെ ഇരുവരും എന്തിനും ഒന്നിച്ചായി. മുടിവെട്ടുന്നതുമുതല്‍ സിനിമ കാണുന്നതുവരെ ഒന്നിച്ചായിരുന്നു. ആക്ഷന്‍ കോമഡി പടങ്ങളാണ് ഇരുവരും ഏറ്റവും ആസ്വദിച്ചിരുന്നത് എന്നാണ് ശാന്തനു പറയുന്നത്. സാമൂഹികമാധ്യമങ്ങളിൽ ഇടപഴകാൻ നായിഡു ടാറ്റയെ സഹായിച്ചു. ഇതുവഴി രത്തൻ ടാറ്റ ഇൻസ്റ്റഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകളിൽ ജനപ്രിയനായി. ടാറ്റയുമായുള്ള ബന്ധം പ്രായമാകുന്നവരെ ചേർത്തുനിർത്താനുള്ള ഒരു ചുവടുവെപ്പു നടത്താൻ ശാന്തനുവിനെ പ്രേരിപ്പിച്ചു. മുതിർന്നവർക്കുള്ള സ്റ്റാര്‍ട്ട്അപ് ആയ ‘ഗുഡ്ഫെലോസി’നെ രൂപപ്പെടുത്തുന്നത് അങ്ങനെയാണ്.

മില്ലേനിയല്‍ ഡബ്ബിള്‍ഡോര്‍ എന്നാണ് തന്റെ ഉറ്റ സുഹൃത്തിനെ ശാന്തനു വിശേഷിപ്പിച്ചിരുന്നത്. ഹാരി പോട്ടര്‍ കഥാപാത്രത്തെ പോലെ പ്രായമായെങ്കിലും അദ്ദേഹത്തിന്റെ ഹൃദയം എപ്പോഴും ചെറുപ്പമായിരുന്നു എന്നാണ് ശാന്തനു പറഞ്ഞത്. രത്തന്‍ ടാറ്റയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് കെയിം അപ്പോണ്‍ എ ലൈറ്റ്ഹൗസ് എന്ന പുസ്തകവും ശാന്തനു പുറത്തിറക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now