
ഇടുക്കിയിൽ സുരക്ഷാവീഴ്ച വരുത്തുന്ന സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾക്കെതിരെ കർശന നടപടി
News Now
ഇരുചേരികളായി നിലയുറപ്പിക്കും, തിരുമാന്ധാംകുന്നിലെ ആട്ടങ്ങയേറ്; അറിയാം ഐതിഹ്യം

സൈബർ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടാൽ 24 മണിക്കൂറിനകം അറിയിച്ചാൽ ബാങ്കിന് ബാധ്യത; ഇടപാടുകാരിക്ക് 3.73 ലക്ഷം രൂപ തിരികെ നൽകാൻ എസ്ബിഐയോട് ഹൈക്കോടതി

പിണറായി അനുകൂല നിലപാട് സര്ക്കാര് പുനഃപരിശോധിക്കണം; യുഡിഎഫ് നിലപാടിന് വിരുദ്ധം; പരസ്യവിമര്ശനവുമായി കെകെ രമ

ഒരുമയുടെ നൃത്തച്ചുവടുകളുമായി വനിതാ കൗൺസിലർമാർ; കണ്ണൂർ ദസറ വേദിയിൽ തകർപ്പൻ ഫ്യൂഷൻ ഡാൻസ്
ഇടുക്കി: മൂന്നാർ മേഖലയിലെ അനിയന്ത്രിതവും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾക്കെതിരെ നടപടികൾ കടുപ്പിച്ച് ജില്ലാ ഭരണകൂടം. പള്ളിവാസലിലെ സ്വകാര്യ കേന്ദ്രത്തിൽ പ്രവർത്തിച്ചിരുന്ന ഹോട്ട് എയർ ബലൂൺ സർവീസുകൾ നിരോധിച്ചതിനൊപ്പം, അപകടങ്ങൾ തുടർക്കഥയായ ഉടുമ്പൻചോലയിലെ തൂവൽ വെള്ളച്ചാട്ടത്തിലേക്ക് പൊതുജനങ്ങൾ പ്രവേശിക്കുന്നതിനും ജില്ലാ കളക്ടർ ദിനേശൻ ചെറുവട്ട് കർശന വിലക്കേർപ്പെടുത്തി.
വിനോദസഞ്ചാരികളുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ അശാസ്ത്രീയമായി പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾക്കെതിരെ ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടറുടെ അടിയന്തര നടപടി. ആനച്ചാലിൽ പ്രവർത്തിക്കുന്ന സ്കൈ ഡൈനിങ് കേന്ദ്രത്തിൽ യന്ത്രത്തകരാറിനെ തുടർന്ന് രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് വിനോദസഞ്ചാരികൾ നാല് മണിക്കൂറിലധികം കുടുങ്ങിക്കിടന്ന സംഭവം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
വൈദ്യുതി ലൈനിൽ തട്ടി ബലൂൺ; പള്ളിവാസലിൽ വിലക്ക്
പള്ളിവാസൽ തട്ടത്തിമുക്കിൽ പ്രവർത്തിക്കുന്ന ക്ലൗഡ് ഡെക്ക് എന്ന സാഹസിക വിനോദസഞ്ചാര കേന്ദ്രത്തിലെ ഹോട്ട് എയർ ബലൂൺ പ്രവർത്തനങ്ങൾക്കാണ് കളക്ടർ നിരോധനമേർപ്പെടുത്തിയത്. ദേവികുളം സബ് കളക്ടർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ആഗസ്റ്റ് 31-ന് ഇവിടെ സർവീസ് നടത്തിയ ഹോട്ട് എയർ ബലൂൺ സമീപത്തെ വൈദ്യുതി ലൈനുമായി കൂട്ടിയിടിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കാറ്റിന്റെ ദിശയിലും വേഗതയിലുമുണ്ടാകുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ബലൂണിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ ഇടയാക്കുമെന്നും, സമീപത്തെ ഹൈടെൻഷൻ വൈദ്യുതി ലൈനുകളിൽ തട്ടി ഷോക്കേൽക്കാനും വൻ തീപിടിത്തങ്ങൾക്കും ദുരന്തങ്ങൾക്കും സാധ്യതയുണ്ടെന്നും കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.
13 പേരുടെ ജീവനെടുത്ത തൂവൽ വെള്ളച്ചാട്ടത്തിലേക്ക് പ്രവേശനമില്ല
തുടർച്ചയായ മുങ്ങിമരണങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഉടുമ്പൻചോല താലൂക്കിലെ തൂവൽ വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികൾ പ്രവേശിക്കുന്നത് തടഞ്ഞത്. വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് പോകുന്നതിനും അപകടസാധ്യതയുള്ള പാറക്കെട്ടുകളിൽ കയറുന്നതിനും കുളിക്കുന്നതിനും മറ്റ് വിനോദ പരിപാടികൾക്കും പൂർണ്ണ വിലക്കുണ്ട്.
പ്രദേശത്ത് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളോ, മുന്നറിയിപ്പ് ബോർഡുകളോ, പ്രവേശന നിയന്ത്രണങ്ങളോ നിലവിലില്ലെന്ന് ഉടുമ്പൻചോല തഹസിൽദാർ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. ജലാശയത്തിന്റെ ആഴം, അടിയൊഴുക്കിന്റെ ശക്തി, വഴുക്കലുള്ള പാറക്കെട്ടുകൾ എന്നിവ തിരിച്ചറിയാൻ കഴിയാത്തതാണ് വിനോദസഞ്ചാരികൾ അപകടത്തിൽപ്പെടാൻ കാരണം. കഴിഞ്ഞ ആഴ്ച അശ്വിൻ എന്ന യുവാവ് ഉൾപ്പെടെ ഇതുവരെ 13-ലധികം പേരാണ് ഇവിടെ മുങ്ങിമരിച്ചത്.
കുഞ്ചിത്തണ്ണി, ആനച്ചാൽ മേഖലകളിൽ ടൂറിസത്തിന്റെ മറവിൽ വ്യാപകമായ അനധികൃത നിർമ്മാണങ്ങളും കയ്യേറ്റങ്ങളും നടക്കുന്നതായി പരാതിയുണ്ട്. അനുമതിയില്ലാതെ നിർമ്മിച്ച ആനച്ചാലിലെ 75 മീറ്റർ ഗ്ലാസ് ബ്രിഡ്ജ് റവന്യൂ വകുപ്പ് നേരത്തെ അടച്ചുപൂട്ടിയിരുന്നു. ഗ്ലാസ് ബ്രിഡ്ജ് പദ്ധതിക്കായി സർക്കാർ പുറമ്പോക്ക് ഭൂമി കയ്യേറിയെന്ന പരാതിയിൽ വിരുദ്ധ റിപ്പോർട്ടുകൾ നൽകിയതിന് മുൻ ദേവികുളം താലൂക്ക് സർവേയർ അഫ്സൽ ബിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. സുരക്ഷാ മുൻകരുതലുകളില്ലാതെ വിനോദസഞ്ചാരികളുടെ ജീവൻ പന്താടുന്ന ഇത്തരം കേന്ദ്രങ്ങൾക്കെതിരെ പരിശോധനകൾ തുടരുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.
Summary
Cracking down on unsafe and unauthorized adventure tourism ventures in the Munnar belt, the Idukki district administration has prohibited hot air balloon operations at Cloud Deck in Pallivasal
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
