തട്ടിപ്പിൽ പങ്കാളിയല്ലെന്ന് തെളിഞ്ഞാൽ ഇടപാടുകാർക്ക് 'സീറോ ലയബിലിറ്റി'

kerala high court
kerala high court
Last Updated :19 October 2026, 11:10 am IST
Guest Author :Damodaran K

News Now

കൊച്ചി: ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ പണം നഷ്ടപ്പെട്ട് 24 മണിക്കൂറിനകം ബാങ്കിലും പൊലീസിലും വിവരമറിയിച്ച ഇടപാടുകാരിക്ക് നഷ്ടപ്പെട്ട തുകയായ 3.73 ലക്ഷം രൂപ തിരികെ നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് കേരള ഹൈക്കോടതി ഉത്തരവിട്ടു. തട്ടിപ്പിൽ ഇടപാടുകാരിക്ക് യാതൊരുവിധ പങ്കുമില്ലെന്ന് വ്യക്തമാകുമ്പോഴും, കൃത്യസമയത്ത് വിവരം അറിയിച്ച സാഹചര്യത്തിലും അവർക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 'സീറോ ലയബിലിറ്റി' വ്യവസ്ഥയ്ക്ക് അർഹതയുണ്ടെന്ന് ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ വ്യക്തമാക്കി. ഇടപാടുകാരിയുടെ പരാതി തള്ളിയ ബാങ്കിങ് ഓംബുഡ്സ്മാന്റെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി.

ചിപ്പില്ലാത്ത പഴയ ഡെബിറ്റ് കാർഡുകൾ എസ്ബിഐ ബ്ലോക്ക് ചെയ്യുമെന്ന വിവരത്തിന് പിന്നാലെയാണ് പരാതിക്കാരിക്ക് തട്ടിപ്പ് സന്ദേശം ലഭിച്ചത്. കാർഡ് ബ്ലോക്ക് ആകാതിരിക്കാൻ ഓൺലൈനായി വിവരങ്ങൾ പുതുക്കണമെന്ന് ആവശ്യപ്പെട്ട് വന്ന എസ്എംഎസിന് പിന്നാലെ അതേ നമ്പറിൽ നിന്ന് ഫോൺ കോളുമെത്തി. 'സ്റ്റേറ്റ് ബാങ്ക് സെക്യൂർ ആപ്പ്' ഇൻസ്റ്റാൾ ചെയ്യാനെന്ന വ്യാജേന വിളിച്ചയാൾ ആവശ്യപ്പെട്ട ഒടിപി പരാതിക്കാരി കൈമാറിയ ഉടൻ തന്നെ അക്കൗണ്ടിൽ നിന്ന് 3.75 ലക്ഷം രൂപ നഷ്ടപ്പെടുകയായിരുന്നു. തട്ടിപ്പ് മനസ്സിലായ ഉടൻ തന്നെ കസ്റ്റമർ കെയർ വഴിയും ബാങ്ക് ബ്രാഞ്ചിലും പരാതിപ്പെടുകയും നെറ്റ് ബാങ്കിങ് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു.

പരാതിക്കാരി അന്നുതന്നെ പൊലീസിലും പരാതി നൽകി. തുടർന്ന് നടത്തിയ പൊലീസ് അന്വേഷണത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയായ സന്ദീപ് ബൗരിയാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തി. എന്നാൽ നഷ്ടപ്പെട്ട പണം തിരികെ നൽകാൻ ബാങ്ക് തയ്യാറാവാതിരുന്നതിനെ തുടർന്ന് ഇവർ ബാങ്കിങ് ഓംബുഡ്സ്മാനെ സമീപിച്ചു. ഒടിപി പങ്കുവെച്ചതിനാൽ ഇടപാടുകാരിയുടെ അശ്രദ്ധയാണെന്നും അവർക്കും തട്ടിപ്പിൽ അറിവുണ്ടായിരുന്നുവെന്നും വിലയിരുത്തി ഓംബുഡ്സ്മാൻ പരാതി തള്ളുകയായിരുന്നു. തുടർന്നാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.

തട്ടിപ്പ് നടന്ന് മൂന്ന് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ വിവരം ബാങ്കിനെ അറിയിച്ചാൽ ഇടപാടുകാരന് ബാധ്യതയില്ലെന്ന് വ്യക്തമാക്കുന്ന ആർബിഐ മാസ്റ്റർ സർക്കുലറിലെ 6(ii) വകുപ്പ് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരി വാദിച്ചത്. സ്റ്റേറ്റ് ബാങ്ക് സെക്യൂർ ആപ്പിനെക്കുറിച്ച് ആവശ്യത്തിന് ബാങ്ക് ബോധവൽക്കരണം നടത്തിയിരുന്നില്ലെന്നും, ഒടിപി നൽകിയാൽ ആപ്പിൽ കയറാൻ മാത്രമേ കഴിയൂ എന്നും പണം പിൻവലിക്കാൻ വീണ്ടും ഒടിപി വരുമെന്നുമായിരുന്നു താൻ കരുതിയതെന്നും അവർ ബോധിപ്പിച്ചു. എന്നാൽ ഉപഭോക്താവിന്റെ അശ്രദ്ധയാൽ രഹസ്യവിവരങ്ങൾ പങ്കുവെച്ചാൽ വിവരമറിയിക്കുന്നതുവരെയുള്ള നഷ്ടം ഇടപാടുകാരൻ തന്നെ സഹിക്കണമെന്ന ആർബിഐ വ്യവസ്ഥ ചൂണ്ടിക്കാട്ടി ബാങ്ക് ഇതിനെ എതിർത്തു.

സമാനമായ കേസിൽ ഗുവാഹത്തി ഹൈക്കോടതി ഉത്തരവിറക്കുകയും ആ വിധി സുപ്രീം കോടതി ശരിവെക്കുകയും ചെയ്ത സാഹചര്യം ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ വിധിന്യായത്തിൽ എടുത്തുപറഞ്ഞു. തട്ടിപ്പ് നടന്ന അന്നുതന്നെ പരാതി നൽകിയിട്ടും തുക അക്കൗണ്ടിലേക്ക് തിരികെ നിക്ഷേപിക്കാൻ ബാങ്ക് യാതൊരു നടപടിയും സ്വീകരിച്ചില്ല. പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടും ബാങ്ക് തുടർനടപടികൾ ഉണ്ടായില്ല. പരാതിക്കാരിക്ക് തട്ടിപ്പിൽ പങ്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ കേസ് ആർബിഐ സർക്കുലറിന്റെ പരിധിയിൽ വരുമെന്നും ഉത്തരവിൽ വ്യക്തമാക്കി. പരാതിക്കാരിക്ക് നഷ്ടപ്പെട്ട 3.73 ലക്ഷം രൂപ നാലാഴ്ചയ്ക്കകം ബാങ്ക് തിരികെ നൽകണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

Summary

In a significant ruling for victims of online financial fraud, the Kerala High Court directed the State Bank of India to refund ₹3.73 lakh to a customer who promptly reported a cyber scam within 24 hours

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates