
മന്ത്രി ഒജെ ജനീഷിന്റെ കാറിന് നേരെ ചാടിവീണ് കല്ലുകൊണ്ടിടിച്ചു; അകമ്പടി പോയ പൊലീസ് ജീപ്പിന്റെ താക്കോലൂരി ; നീലേശ്വരത്ത് ലാത്തിച്ചാർജ്ജ്
തളിപ്പറമ്പിൽ കാറിന്റെ ഫ്ലാഗ് പോളും റെയിൻ ഗാർഡും തകർത്തു
കണ്ണൂർ: തിരുവനന്തപുരത്തുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായി വടക്കൻ കേരളത്തിൽ മന്ത്രി ഒ.ജെ. ജനീഷിന് നേരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധം. തളിപ്പറമ്പിൽ വെച്ച് മന്ത്രി സഞ്ചരിച്ച ഇന്നോവ കാറിന് നേരെ ചാടിവീണ് തടഞ്ഞുനിർത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ കല്ലുകൊണ്ട് വാഹനത്തിൽ ഇടിച്ച് കേടുപാടുകൾ വരുത്തുകയും അകമ്പടി പോയ പൊലീസ് ജീപ്പിന്റെ താക്കോലൂരുകയും ചെയ്തു. കാസർകോട് നീലേശ്വരത്തും കാഞ്ഞങ്ങാടും മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച് തടയാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
വ്യാഴാഴ്ച ഉച്ചയോടെയാണ് തളിപ്പറമ്പിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. നാടുകാണിയിലെ സഫാരി പാർക്കുമായി ബന്ധപ്പെട്ട ഔദ്യോഗിക അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷം കാസർകോട്ടേക്ക് പോകുകയായിരുന്നു മന്ത്രി. തളിപ്പറമ്പിൽ വെച്ച് റോഡിലേക്ക് ചാടിവീണ ഡിവൈഎഫ്ഐ പ്രവർത്തകർ മന്ത്രിയുടെ വാഹനം തടയുകയായിരുന്നു. പ്രതിഷേധത്തിനിടെ കല്ലുകൊണ്ട് ഇടിച്ച് വാഹനത്തിന്റെ ഫ്ലാഗ് പോളും റെയിൻ ഗാർഡും തകർത്തതായി മന്ത്രിക്കൊപ്പമുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് നേതാവ് വി.പി. അബ്ദുൾ റഷീദ് പറഞ്ഞു. ഇതിനിടെ മന്ത്രിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസ് ജീപ്പിന്റെ താക്കോൽ പ്രതിഷേധക്കാർ ഊരിയെടുക്കുകയും ചെയ്തു.
തുടർന്ന് കാസർകോട് ജില്ലയിലേക്ക് പ്രവേശിച്ച മന്ത്രിക്ക് നേരെ നീലേശ്വരത്തും കാഞ്ഞങ്ങാടും ഡിവൈഎഫ്ഐ കരിങ്കൊടി വീശി. തളിയിൽ ക്ഷേത്രത്തിന് സമീപത്തുവെച്ച് വാഹനവ്യൂഹത്തിന് നേരെ അപ്രതീക്ഷിതമായി പാഞ്ഞടുത്ത പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റി. എന്നാൽ മന്ത്രി പങ്കെടുത്ത നീലേശ്വരം പാലസ് ഗ്രൗണ്ടിൽ കൂടുതൽ പ്രവർത്തകർ സംഘടിച്ചെത്തി വാഹനം വളഞ്ഞു. പ്രതിഷേധം കനത്തതോടെ മന്ത്രിക്ക് പുറത്തിറങ്ങാനാവാതെ അല്പസമയം വാഹനത്തിൽ തന്നെ കുടുങ്ങിക്കിടക്കേണ്ടി വന്നു. തുടർന്ന് പൊലീസ് പ്രതിഷേധക്കാർക്ക് നേരെ ലാത്തിവീശിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. കാഞ്ഞങ്ങാട് ടൗണിലും മന്ത്രിയുടെ വാഹനം തടയാൻ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. തലസ്ഥാനത്തുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വടക്കൻ ജില്ലകളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ജനാധിപത്യപരമായ പ്രതിഷേധങ്ങളെയോ കരിങ്കൊടി കാണിക്കുന്നതിനെയോ തങ്ങൾ എതിർക്കുന്നില്ലെന്ന് മന്ത്രി ഒ.ജെ. ജനീഷ് കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ സഞ്ചരിക്കുന്ന വാഹനത്തിന് നേരെ പാഞ്ഞടുത്ത് ആക്രമണം നടത്തുന്നത് ഉള്ളിലിരിക്കുന്ന വ്യക്തിയെ ശാരീരികമായി അപായപ്പെടുത്തുക എന്ന ഗൂഢലക്ഷ്യത്തോടെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 102 സീറ്റ് നേടി നേടിയ വൻ വിജയം സിപിഎമ്മിനെ മാനസികമായി തളർത്തിയിരിക്കുകയാണ്. അവർ നടത്തുന്ന സമരങ്ങളൊന്നും ജനങ്ങൾ ഏറ്റെടുക്കുന്നില്ല. അതുകൊണ്ടുതന്നെ അണികളെ തെരുവിലിറക്കി പ്രകോപനമുണ്ടാക്കാനും ഏതെങ്കിലും തരത്തിലുള്ള രക്തസാക്ഷിത്വങ്ങൾ സൃഷ്ടിച്ച് രാഷ്ട്രീയ തിരിച്ചുവരവ് നടത്താനുമാണ് സിപിഎമ്മും ഡിവൈഎഫ്ഐയും നോക്കുന്നതെന്ന് മന്ത്രി തുറന്നടിച്ചു. ദേശീയ തലത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ മുന്നണി കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ പോരാടുമ്പോൾ, കേരളത്തിൽ ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്നും ജനീഷ് ആരോപിച്ചു.
മന്ത്രിക്കെതിരായ അക്രമത്തെ അതിരൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ അപലപിച്ചത്. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് കണ്ണൂരിലും കാസർകോടും മന്ത്രി ഒ.ജെ. ജനീഷിന് നേരെ ആക്രമണം നടന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച ക്രിമിനലുകളെയും അതിന് ചരടുവലിച്ച നേതാക്കളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഎം ഇപ്പോഴും ഒരു ക്രിമിനൽ മാഫിയയെപ്പോലെയാണ് പ്രവർത്തിക്കുന്നത്. ഇത്തരം ഗുണ്ടാ പ്രവർത്തനങ്ങൾ അമർച്ച ചെയ്യാൻ സർക്കാരിന് പൂർണ്ണമായ ഉത്തരവാദിത്തമുണ്ട്. ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർക്കും ബിജെപി സർക്കാരിനുമെതിരെ യൂത്ത് കോൺഗ്രസ് സമരം നയിച്ചതാണോ സിപിഎമ്മിന്റെ പ്രശ്നമെന്നും മുഖ്യമന്ത്രി ചോദിച്ചു. കഴിഞ്ഞ പത്ത് വർഷം കേരളത്തിൽ കണ്ട ഗുണ്ടായിസം ഇനി സംസ്ഥാനത്ത് തുടർന്നുപോകാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ലെന്നും വി.ഡി. സതീശൻ മുന്നറിയിപ്പ് നൽകി.
മന്ത്രിമാരെ വഴിയിൽ തടഞ്ഞു ആക്രമിക്കുന്ന നീചമായ ശൈലിയാണ് തുടക്കം മുതലേ സിപിഎം പിന്തുടരുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. മുൻപ് കണ്ണൂരിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ആക്രമിച്ചതും ഇതിന് ഉദാഹരണമാണ്. ഇപ്പോൾ ഒ.ജെ. ജനീഷിന് നേരെയും അതേ ശൈലി ആവർത്തിക്കുന്നു. ബിജെപിയും സിപിഎമ്മും ഒത്തുചേർന്നാണ് തെരുവിൽ അക്രമങ്ങൾ അഴിച്ചുവിടുന്നത്. കഴിഞ്ഞദിവസം മന്ത്രി കെ.എം. ഷാജിയുടെ വാഹനം പൊതുനിരത്തിൽ തടഞ്ഞ് അക്രമിക്കാൻ യുവമോർച്ചയാണ് ശ്രമിച്ചതെങ്കിൽ വ്യാഴാഴ്ച കണ്ണൂരിൽ ഒജെ ജനീഷിനെ ആക്രമിച്ചത് സിപിഎം-ഡിവൈഎഫ്ഐ ഗുണ്ടകളാണ്. മന്ത്രിയുടെ കാറിലെ ദേശീയ പതാക പോലും അക്രമികൾ തകർത്തുവെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്ന അക്രമികൾക്കെതിരെ ശക്തമായ അന്വേഷണം നടത്തി വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Tensions flared across northern Kerala on Thursday as DYFI activists intensified violent protests and staged coordinated attacks against the convoy of Minister and Youth Congress state president O.J. Janeesh.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


