പഴയ അഞ്ചാം ക്ലാസുകാരന്‍ മന്ത്രിയായി സ്‌കൂളില്‍; കുട്ടികള്‍ക്ക് കൗതുകമായി എന്‍ ഷംസുദ്ധീന് സ്വീകരണം

ക്രിയേറ്റീവ് കോര്‍ണറിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു

N Shamsudheen
തിരൂര്‍ പറവണ്ണ ജി.എം.യു.പി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ.എന്‍.ഷംസുദ്ധീന് നല്‍കിയ സ്വീകരണംI&PRD
Edited by :ബിജീഷ് ബാലകൃഷ്ണൻ
Last Updated :3 ജൂലൈ 2026, 8:58 pm IST

മലപ്പുറം: വെട്ടം ഗ്രാമപഞ്ചായത്തില്‍ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പറവണ്ണ ജിഎം യുപി സ്‌കൂളില്‍ നിന്നും അറിവിന്റെ ആദ്യാക്ഷരങ്ങള്‍ നുകര്‍ന്ന് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ, പൂര്‍വ വിദ്യാര്‍ഥി അഡ്വ. എന്‍ ഷംസുദ്ദീന് വിദ്യാലയത്തില്‍ സ്വീകരണമൊരുക്കിയത് കുട്ടികളില്‍ കൗതുകവും നാട്ടുകാരില്‍ അഭിമാനവുമുണര്‍ത്തി.

കുട്ടികളിലെ തൊഴില്‍ നൈപുണി വികസിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ക്രിയേറ്റീവ് കോര്‍ണറിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. സ്‌കൂളിന്റെ സര്‍വതല സ്പര്‍ശിയായ വികസനത്തിനു വേണ്ടിയുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്നും മതേതര മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് പൊതുവിദ്യാലയങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

കുറുക്കോളി മൊയ്തീന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എല്‍എസ്എസ് വിജയികള്‍, എസ്എസ്എല്‍സി ഫുള്‍ എ പ്ലസ് ലഭിച്ച പൂര്‍വ വിദ്യാര്‍ഥികള്‍, സ്‌കൂളിലെ മികച്ച വിദ്യാര്‍ഥികള്‍, സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയും ചിത്രകാരനുമായ കെപി വാഹിദ് എന്നിവരെ മന്ത്രി ആദരിച്ചു.

ക്രിയേറ്റീവ് കോര്‍ണറുമായി ബന്ധപ്പെട്ടുള്ള പദ്ധതി വിശദീകരണം എസ്എസ്‌കെ ഡിപിഒ എംഡി മഹേഷ് നിര്‍വഹിച്ചു. സ്‌കൂള്‍ അക്കാദമിക് കലണ്ടറിന്റെ പ്രകാശനം ശബ്‌ന കുളങ്ങര വീട്ടിലും തനത് പദ്ധതിയായ അക്ഷര മധുരം പ്ലസിന്റെ മൊഡ്യൂള്‍ വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിപി സക്കീനയും അക്കാദമിക മാസ്റ്റര്‍ പ്ലാനിന്റെ പ്രകാശനം വെട്ടം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചാളക്കപ്പറമ്പിലും നിര്‍വഹിച്ചു.

News Now

Summary

Minister N Shamsudheen visits his old school

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates