ഉദരരോഗങ്ങൾക്ക് ശമനം നൽകുമെന്ന വിശ്വാസം

Koodalmanikyam Temple Mukkudi Naivedyam
Koodalmanikyam Temple Mukkudi Naivedyam
Last Updated :21 October 2026, 5:22 pm IST
Guest Author :Damodaran K

News Now

ഇരിങ്ങാലക്കുട: ഐതിഹ്യപ്പെരുമയും ആചാരവിശുദ്ധിയും നിറഞ്ഞ പ്രസിദ്ധമായ മുക്കുടി നിവേദ്യം സേവിക്കാൻ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹം. തുലാമാസത്തിലെ തിരുവോണ നാളിൽ തൃപ്പൂത്തരി നിവേദ്യം കഴിഞ്ഞ് പിറ്റേന്നാണ് ഭഗവാന് ദിവ്യൗഷധമായ മുക്കുടി നിവേദിക്കുന്നത്. രാവിലെ ഭഗവാന് സമർപ്പിച്ചതിന് പിന്നാലെ പ്രസാദമായി ലഭിക്കുന്ന മുക്കുടി സേവിക്കാനായി അതിരാവിലെ മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രസന്നിധിയിലേക്ക് ഒഴുകിയെത്തിയത്.

തുലാമാസത്തിലെ തിരുവോണനാളിൽ ത്രിപ്പൂത്തരി നിവേദ്യം കഴിച്ച ഭഗവാന് ഉദരസംബന്ധമായ അസ്വസ്ഥതകൾ ഉണ്ടായെന്നും, ഇത് പരിഹരിക്കാൻ വില്വമംഗലം സ്വാമിയാർ പ്രത്യേക മുക്കുടി ഔഷധം തയ്യാറാക്കി നൽകിയെന്നുമാണ് ഐതിഹ്യം. ഈ ഔഷധം സേവിച്ചതോടെ ഭഗവാന്റെ അസുഖം ഭേദമായെന്ന വിശ്വാസത്തിലാണ് നൂറ്റാണ്ടുകളായി ക്ഷേത്രത്തിൽ ഈ അപൂർവ്വ അനുഷ്ഠാനം മുടങ്ങാതെ തുടർന്നുപോരുന്നത്. അതിനാൽ ഭഗവാന്റെ പ്രസാദമായി ലഭിക്കുന്ന മുക്കുടി സേവിച്ചാൽ ഉദരസംബന്ധമായ രോഗങ്ങൾ ശമിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.

പരമ്പരാഗത അവകാശപ്രകാരം കുമാരനെല്ലൂർ കുട്ടഞ്ചേരി മൂസ്സ് കുടുംബമാണ് മുക്കുടിക്കുള്ള അതീവ രഹസ്യമായ ഔഷധക്കൂട്ടുകൾ പ്രത്യേക അനുപാതത്തിൽ തയ്യാറാക്കി ക്ഷേത്രത്തിൽ സമർപ്പിക്കുന്നത്. തലേന്ന് വൈകീട്ട് മൂസ്സ് കുടുംബം പകുതി അരച്ച ഔഷധങ്ങൾ ക്ഷേത്രനടയിൽ സമർപ്പിച്ചു. തുടർന്ന് പുലർച്ചെ കൊട്ടിലാക്കലിൽ വെച്ച് പൂർണ്ണമായി അരച്ചെടുത്ത മരുന്ന് തിടപ്പള്ളിയിലെത്തിച്ച്, കുളമൺ മൂസ്സ് മോരിൽ പ്രത്യേക അളവിൽ കലർത്തിയാണ് മുക്കുടി തയ്യാറാക്കിയത്. ക്ഷേത്രത്തിലെ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഭഗവാന് നിവേദിച്ച ശേഷമാണ് ഭക്തർക്കായി മുക്കുടി വിതരണം തുടങ്ങിയത്. വരിനിൽക്കുന്ന ഭക്തർക്കായി വിപുലമായ ക്രമീകരണങ്ങളാണ് ക്ഷേത്ര ഭരണസമിതി ഒരുക്കിയിരുന്നത്.

Summary

Thousands of devotees thronged the famed Irinjalakuda Koodalmanikyam Temple to partake in the historic 'Mukkudi' offering, revered as a divine Ayurvedic remedy for gastrointestinal ailments

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates