ഔഷധഗുണമുള്ള നാടൻ നെല്ലിനങ്ങളുടെ കൂട്ടിൽ 'പോഷക റൈസ്'; തീൻമേശകളിൽ വിപ്ലവം തീർത്ത് വയനാടൻ കർഷകൻ

മൂന്ന് പതിറ്റാണ്ടിന്റെ വിത്തുസംരക്ഷണം; 10 ഏക്കറിലെ നാടൻ കൃഷി; പ്ലാറ്റിനം, ഗോൾഡ്, സിൽവർ വിഭാഗങ്ങളിലായി വിപണി കീഴടക്കി പ്രസീദ് കുമാർ

Praseed Kumar
Praseed Kumar
Edited by :Damodaran K
Last Updated :14 ഓഗസ്റ്റ് 2026, 5:37 pm IST

സുൽത്താൻ ബത്തേരി: നാടൻ നെൽവിത്തുകൾ സംരക്ഷിക്കാനുള്ള ശ്രമം തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട്. ഇന്ന് ആ ശ്രമം കേരളത്തിനപ്പുറത്തേക്കും എത്തിക്കുകയാണ് വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ പരമ്പരാഗത കർഷകൻ പ്രസീദ് കുമാർ. അപൂർവവും ഔഷധഗുണങ്ങളുള്ളതുമായ നാടൻ നെല്ലിനങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം അവയുടെ കൂട്ടുകൾ തയ്യാറാക്കി ‘പോഷക’ എന്ന പേരിൽ വിപണിയിലെത്തിക്കുകയാണ് പ്രസീദ്.

10 ഏക്കർ സ്ഥലത്താണ് പ്രസീദ് വിവിധ നാടൻ നെൽവിത്തുകൾ കൃഷി ചെയ്യുന്നത്. അപൂർവമായ കറുത്ത നെല്ലും രക്തശാലിയും ഉൾപ്പെടെ നിരവധി ഇനങ്ങൾ അദ്ദേഹത്തിന്റെ കൃഷിയിടത്തിലുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചാണ് പല അപൂർവ നെൽവിത്തുകളും പ്രസീദ് വയനാട്ടിൽ എത്തിച്ചത്. കൃഷിയിൽനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഇത്തരം വിത്തുകൾ സംരക്ഷിക്കണമെന്ന ലക്ഷ്യത്തോടെയാണ് അവയെ കൃഷിയിലേക്ക് കൊണ്ടുവന്നത്.

Poshaka Rice

Poshaka Rice

“രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പലരും അപൂർവമായ നാടൻ നെൽവിത്തുകൾ എനിക്ക് കൊണ്ടുവന്നിട്ടുണ്ട്. അവ കൃഷി ചെയ്ത് സംരക്ഷിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. ഇല്ലെങ്കിൽ ഇത്തരം പല ഇനങ്ങളും കാലക്രമേണ അപ്രത്യക്ഷമാകാൻ സാധ്യതയുണ്ട്,” പ്രസീദ് പറയുന്നു.

മൂന്ന് വർഷം മുൻപാണ് വിവിധ നെല്ലിനങ്ങൾ കൂട്ടിച്ചേർത്ത് പുതിയൊരു പരീക്ഷണം പ്രസീദ് തുടങ്ങിയത്. ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ പല ഇനങ്ങളും കൂട്ടിച്ചേർത്തായിരുന്നു കൃഷി. പരീക്ഷണത്തിന്റെ ഫലം മികച്ചതായതോടെ ആവശ്യക്കാരും എത്തിത്തുടങ്ങി. പിന്നീട് ഇത് ‘പോഷക റൈസ്’ എന്ന പേരിലുള്ള അരി ഉൽപന്നമായി മാറി.

“വ്യത്യസ്ത ഇനങ്ങൾ കൂട്ടിച്ചേർത്തത് ആദ്യം പരീക്ഷണമായിരുന്നു. പ്രതീക്ഷിച്ചതിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. പിന്നീട് ആവശ്യക്കാർ വർധിച്ചു. അങ്ങനെയാണ് പോഷക അരിയെന്ന ആശയം വികസിച്ചത്,” പ്രസീദ് പറയുന്നു.

Poshaka Rice

Poshaka Rice

നിലവിൽ പ്ലാറ്റിനം, ഗോൾഡ്, സിൽവർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് പോഷക അരി ലഭിക്കുന്നത്. പത്ത് നെല്ലിനങ്ങളുടെ കൂട്ടാണ് പ്ലാറ്റിനം വിഭാഗത്തിലുള്ളത്. ഗോൾഡിൽ എട്ട് ഇനങ്ങളും സിൽവറിൽ ആറ് ഇനങ്ങളുമുണ്ട്. മുൻകൂർ ബുക്കിങ്ങിലൂടെയാണ് കേരളത്തിന് പുറമെ വിവിധ സംസ്ഥാനങ്ങളിലേക്കും അരി എത്തിക്കുന്നത്. മൂന്ന് വിഭാഗങ്ങളിലുമായി പ്രതിമാസം ഏകദേശം 1,000 കിലോ പോഷക അരിയാണ് പ്രസീദ് വിൽക്കുന്നത്.

പ്ലാറ്റിനം വിഭാഗത്തിന് കിലോയ്ക്ക് 1,000 രൂപയാണ് വില. ഗോൾഡിന് 500 രൂപയും സിൽവറിന് 300 രൂപയുമാണ്. നാടൻ നെല്ലിനങ്ങളുടെ വിളവ് കുറവായതിനാലാണ് വില കൂടുതലാകുന്നതെന്ന് പ്രസീദ് പറയുന്നു. ജനിതകമാറ്റം വരുത്താതെയാണ് ഇവ കൃഷി ചെയ്യുന്നത്. ഒരേക്കറിൽനിന്ന് ശരാശരി 200 മുതൽ 300 കിലോ വരെ മാത്രമാണ് ലഭിക്കുന്നത്.

“നാടൻ നെല്ലിനങ്ങളുടെ വിളവ് വളരെ കുറവാണ്. ഒരു ഏക്കറിൽനിന്ന് 200 മുതൽ 300 കിലോ വരെ മാത്രമേ ലഭിക്കൂ. അതുകൊണ്ടുതന്നെ കൃഷിച്ചെലവും അരിയുടെ വിലയും കൂടുതലാണ്,” അദ്ദേഹം പറയുന്നു.

സാധാരണ അരിയെ അപേക്ഷിച്ച് പോഷക അരി വളരെ കുറച്ച് മാത്രമേ ഉപയോഗിക്കേണ്ടതുള്ളൂവെന്നും പ്രസീദ് പറയുന്നു. കഞ്ഞിയായാണ് ഇത് കഴിക്കാൻ അദ്ദേഹം നിർദേശിക്കുന്നത്. പാകം ചെയ്യുമ്പോൾ അരിയുടെ അളവ് ഗണ്യമായി വർധിക്കുമെന്നും ഭക്ഷണത്തിന് ശേഷം ഏറെ നേരം വിശപ്പ് അനുഭവപ്പെടില്ലെന്നും അദ്ദേഹം പറയുന്നു.

“ഒരു കുടുംബം ഒരു ദിവസം ഒരു കിലോ സാധാരണ അരി ഉപയോഗിക്കുന്നുണ്ടെങ്കിൽ പോഷക അരി ഏകദേശം 250 ഗ്രാം മാത്രം മതിയാകും. പാകം ചെയ്യുമ്പോൾ അളവ് വളരെ കൂടുതലാകും. കഴിച്ചാൽ ഏറെ നേരം വയറുനിറഞ്ഞ അനുഭവവും ലഭിക്കും,” പ്രസീദ് പറയുന്നു.

പ്രമേഹമുള്ളവർക്കും ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരാൻ ആഗ്രഹിക്കുന്നവർക്കും പോഷക അരി പ്രയോജനകരമാണെന്നാണ് പ്രസീദിന്റെ അവകാശവാദം. വിവിധ നെല്ലിനങ്ങൾക്ക് ഔഷധഗുണങ്ങളുണ്ടെന്നും അദ്ദേഹം പറയുന്നു.

എന്നാൽ പോഷക അരിയുടെ ഓരോ വിഭാഗത്തിലും ഉപയോഗിക്കുന്ന നെല്ലിനങ്ങളുടെയും അവയുടെ കൃത്യമായ കൂട്ടുകളുടെയും വിവരങ്ങൾ പ്രസീദ് പുറത്തുവിടുന്നില്ല. അത് തന്റെ ഉൽപന്നത്തിന്റെ പ്രത്യേകതയും ബിസിനസിന്റെ ഭാഗവുമാണെന്ന് അദ്ദേഹം പറയുന്നു.

“ഓരോ വിഭാഗത്തിലും ഉപയോഗിക്കുന്ന നെല്ലിനങ്ങളുടെയും അവയുടെ കൂട്ടിന്റെയും പേര് ഞാൻ വെളിപ്പെടുത്തില്ല. അത് എന്റെ ഉൽപന്നത്തിന്റെ പ്രത്യേകതയാണ്. വിവരങ്ങൾ പുറത്തുവിട്ടാൽ ബിസിനസിനെ ബാധിച്ചേക്കാം,” അദ്ദേഹം പറയുന്നു.

അരിയുടെ വിൽപനയ്ക്കപ്പുറം നാടൻ നെൽവിത്തുകളുടെ സംരക്ഷണമാണ് പ്രസീദിന്റെ പ്രധാന ലക്ഷ്യം. ഇതിനായി സ്വന്തം കൃഷിയിടത്തിൽ ഒരു നെല്ല് മ്യൂസിയവും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. വിവിധ പരമ്പരാഗത നെൽവിത്തുകൾ ഇവിടെ സംരക്ഷിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നു.

മൂന്ന് പതിറ്റാണ്ടായി തുടരുന്ന കൃഷിയാത്രയിൽ അപൂർവ നെൽവിത്തുകളുടെ സംരക്ഷകനായ പ്രസീദ് ഇപ്പോൾ അവയ്ക്ക് പുതിയ വിപണി കണ്ടെത്തുകയാണ്. മണ്ണിൽനിന്ന് സംരക്ഷിച്ചെടുത്ത നാടൻ നെല്ലിനങ്ങളെ ആധുനിക അടുക്കളകളിലെത്തിക്കുന്നതിലൂടെ പാരമ്പര്യ കൃഷിയെയും പുതുതലമുറ ഭക്ഷണശീലങ്ങളെയും ബന്ധിപ്പിക്കുകയാണ് ഈ കർഷകൻ.

News Now

Summary

Praseed Kumar, a traditional farmer from Sulthan Bathery in Wayanad with over three decades of seed conservation experience, has innovated a unique medicinal rice product named 'Poshaka Rice'.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates