ഞാനത് പറഞ്ഞാല്‍പോലും അത് പുറത്തുവിടാനുള്ള ധൈര്യം നിങ്ങള്‍ക്കുമുണ്ടാകില്ല

Jana Nayagan
Jana Nayagan
Last Updated :31 May 2026, 5:46 pm IST

ആരാധകര്‍ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ജന നായകന്‍. രാഷ്ട്രീയത്തിലേക്ക് കടന്നതോടെ സിനിമ ജീവിതത്തോട് വിട പറയുന്ന വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയില്‍ നാളുകളായി ആരാധകര്‍ ജന നായകനായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ജന നായകന്റെ റിലീസ് അനശ്ചിതത്വത്തിലായിരിക്കുകയാണ്. വിജയ് ആകട്ടെ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും തമിഴ്‌നാട് മുഖ്യമന്ത്രിയാവുകയും ചെയ്തു.

അനശ്ചിതത്വങ്ങള്‍ക്കിടെ ചിത്രത്തിന്റെ സംവിധായകന്‍ എച്ച് വിനോദ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. 'പരിമള ആന്‍ഡ് കോ' എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് വിനോദ് ജനനായകനെക്കുറിച്ച് പ്രതികരിച്ചത്. 'ജനനായകന്‍' എപ്പോള്‍ പുറത്തിറങ്ങും എന്ന ചോദ്യത്തിന്, സത്യം വെളിപ്പെടുത്താന്‍ തനിക്ക് ധൈര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'സത്യം പറയാനുള്ള ധൈര്യം എനിക്കില്ല, അഥവാ ഞാനത് പറഞ്ഞാല്‍പോലും അത് പുറത്തുവിടാനുള്ള ധൈര്യം നിങ്ങള്‍ക്കുമുണ്ടാകില്ല' എന്നാണ് എച്ച്. വിനോദ് പറഞ്ഞത്.

അധികം വൈകാതെ തന്നെ വിനോദിന്റെ വാക്കുകള്‍ ചര്‍ച്ചയായി മാറി. എന്തുകൊണ്ടാണ് വിനോദ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. വിജയ് മുഖ്യമന്ത്രിയായതോടെ ജന നായകന് ബോക്‌സ് ഓഫീസില്‍ വന്‍ വരവേല്‍പ്പോടെയാകും റിലീസ് ചെയ്യുകയെന്നുറപ്പാണ്. എന്നാല്‍ റിലീസ് എന്നുണ്ടാകുമെന്നതില്‍ യാതൊരു തീരുമാനവും അറിവായിട്ടില്ലെന്നത് ആരാധകരെ നിരാശപ്പെടുത്തുകയാണ്.

ഇതിനിടയില്‍ ഏപ്രില്‍ മാസത്തില്‍ ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നത് അണിയറ പ്രവര്‍ത്തകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരുന്നു. അതേസമയം, വിജയ്യുടെ 52-ാം ജന്മദിനമായ ജൂണ്‍ 22-ന് റിലീസ് ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ ഇപ്പോള്‍ ശക്തമാണ്. ഓണ്‍ലൈന്‍ ടിക്കറ്റിംഗ് പ്ലാറ്റ്ഫോമുകള്‍ ജൂണ്‍ 19-ന് ചിത്രം റിലീസ് ചെയ്‌തേക്കാമെന്ന സൂചനകള്‍ നല്‍കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല. വിജയ്‌ക്കൊപ്പം മലയാളി നടി മമിത ബൈജു, ബോബി ഡിയോള്‍, പൂജ ഹെഗ്ഡെ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ജന നായകന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates