'എന്റെ ഫോട്ടോ കണ്ടിട്ടാണ് അദ്ദേഹം സമീപിച്ചത്, കഥ കേൾക്കുന്നതിന് മുൻപ് തന്നെ 'നോ' പറഞ്ഞു'; അൽഫോൺസ് പുത്രന്റെ ഓഫർ നിരസിച്ചതിനെക്കുറിച്ച് ജേസൺ

എന്റെ ഫോട്ടോ കണ്ടിട്ടാണ് അദ്ദേഹം എന്നെ സമീപിച്ചത്.

Jason Sanjay, Alphonse Puthren
Jason Sanjay, Alphonse Puthrenഫെയ്സ്ബുക്ക്, വിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :17 ജൂലൈ 2026, 3:42 pm IST

നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. 'സിഗ്മ'യാണ് ജേസണിന്റെ ആദ്യ ചിത്രം. സംവിധായകൻ അൽഫോൺസ് പുത്രൻ നൽകിയ ഒരു ഓഫർ നിരസിച്ചതിനെക്കുറിച്ച് തുറന്നു പറയുകയാണ് ജേസൺ. 20 വയസുള്ളപ്പോഴാണ് തനിക്ക് അഭിനയിക്കാൻ ഓഫർ വന്നതെന്നും എന്നാൽ അന്ന് അത് താൻ വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും ജേസൺ വെളിപ്പെടുത്തി.

കാനഡയിൽ താൻ ഫിലിംമേക്കിങ് പഠിക്കുന്ന സമയത്താണ് ഈ ഓഫർ വന്നതെന്നും അദ്ദേഹം പറഞ്ഞു. താൻ നായകനായല്ല, മറിച്ച് സംവിധായകനായി സിനിമാ രംഗത്ത് നിലയുറപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ആനന്ദ വികടൻ മാ​ഗസിന് നൽകിയ അഭിമുഖത്തിലാണ് ജേസൺ ഇക്കാര്യം പറഞ്ഞത്. "എനിക്ക് ഏകദേശം 20 വയസുള്ളപ്പോഴാണ് സംവിധായകൻ അൽഫോൺസ് പുത്രൻ അദ്ദേഹത്തിന്റെ ഒരു സിനിമയ്ക്കായി എന്നെ ആലോചിച്ചത്. എന്റെ ഫോട്ടോ കണ്ടിട്ടാണ് അദ്ദേഹം എന്നെ സമീപിച്ചത്. ആ സമയത്ത് ഞാൻ കാനഡയിൽ സിനിമ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. സിനിമയെ ഒരു പ്രൊഫഷണൽ കരിയർ ആയി കാണുന്നതിനെക്കുറിച്ച് ഞാൻ അന്ന് ചിന്തിച്ചിട്ട് പോലുമില്ലായിരുന്നു.

അതിനേക്കാളുപരി, ഞാൻ ഏറെ ആരാധിക്കുന്ന അൽഫോൺസ് പുത്രനെപ്പോലൊരു മികച്ച സംവിധായകന്റെ കഥ കേട്ട ശേഷം, പിന്നീട് അത് ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് അദ്ദേഹത്തെ വിഷമിപ്പിക്കാൻ എനിക്ക് താല്പര്യമില്ലായിരുന്നു. അതുകൊണ്ടാണ് കഥ കേൾക്കുന്നതിന് മുൻപ് തന്നെ ഞാൻ ആ വേഷം നിരസിച്ചത്. പകരം, ആ കഥാപാത്രത്തിന് കൂടുതൽ അനുയോജ്യനായ മറ്റൊരാളെ കണ്ടെത്താൻ അദ്ദേഹം ടീമിനോട് നിർദേശിച്ചു.

അൽഫോൺസ് പുത്രനെ പോലെ നല്ല കഴിവുള്ള ഒരു സംവിധായകൻ എന്നെ പരി​ഗണിച്ചതിൽ എനിക്ക് ശരിക്കും അഭിമാനവും സന്തോഷവും ഉണ്ട്".- ജേസൺ പറഞ്ഞു. 'സിഗ്മ സ്റ്റൈൽ' എന്ന പ്രൊമോഷണൽ വിഡിയോയിൽ അഭിനയിക്കുകയും നൃത്തം ചെയ്യുകയും ചെയ്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ, അത് വെറും വിനോദത്തിന് വേണ്ടിയും ചിത്രത്തിന്റെ പ്രമേയവും ശൈലിയും പ്രേക്ഷകരിലേക്ക് എത്തിക്കാനുമാണ് ചെയ്തതെന്ന് ജേസൺ പറഞ്ഞു.

"സിനിമയുടെ കഥാപാത്രങ്ങൾക്ക് പുറത്തുള്ള ഒന്നാണ് ഈ പാട്ട്. ഞാൻ അത് രസകരമായി ചെയ്തു. സിനിമയിലെ ആളുകളെ പരിചയപ്പെടുത്താനും സിനിമയുടെ തീമും സ്റ്റൈലും പ്രേക്ഷകർക്ക് മനസിലാക്കി കൊടുക്കാനുമുള്ളതാണ് പ്രൊമോഷണൽ ഗാനം. അതുകൊണ്ടാണ് ഞാൻ അതിൽ നൃത്തം ചെയ്തത്.

നിങ്ങൾ ഒരു സംവിധായകനാകുമ്പോൾ, സെറ്റിൽ നടന്മാർക്ക് ഒരു രംഗം വിശദീകരിച്ച് കൊടുക്കുമ്പോൾ... ഉള്ളിൽ ഒരു നടനും കൂടിയുണ്ട്. ഇപ്പോൾ മറ്റെന്തിനേക്കാളും വലിയ ഉത്തരവാദിത്വം സിഗ്മ റിലീസ് ചെയ്യുകയും വിജയിപ്പിക്കുക എന്നതുമാണ്. അതാണ് എന്റെ മുഴുവൻ ശ്രദ്ധയും. സിനിമ റിലീസ് ചെയ്തതിന് ശേഷം മാത്രമേ ഞാൻ അഭിനയിക്കണോ അതോ സംവിധാനം തുടരണോ എന്ന് ചിന്തിക്കൂ".- ജേസൺ പറഞ്ഞു.

സന്ദീപ് കിഷൻ, ഫരിയ അബ്ദുള്ള എന്നിവരാണ് സി​ഗ്മയിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ജൂലൈ 31-ന് ചിത്രം റിലീസ് ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും, വിജയ് ചിത്രം 'ജന നായകൻ' റിലീസ് ചെയ്യുന്ന സാഹചര്യത്തിൽ സിഗ്മയുടെ റിലീസ് ഓഗസ്റ്റിലേക്ക് നീട്ടിയേക്കുമെന്ന റിപ്പോർട്ടുകളുണ്ട്.

News Now

Summary

Director Jason Sanjay refused a movie offer from Alphonse Puthren at age 20.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates