മുഖാമുഖം വന്നത് മൂന്ന് തവണ, മൂന്നിലും പൃഥ്വിയെ ഇടിച്ചിട്ട് നിവിന്‍ പോളി; നാലാം റൗണ്ടില്‍ 'ഓണത്തല്ല്'; ആര് വാഴും?

ഓഗസ്റ്റ് 20 നാണ് ഖലീഫ തിയേറ്ററുകളിലേക്ക് എത്തുക. തൊട്ടു പിന്നാലെ ഓഗസ്റ്റ് 21ന് ബെത്‌ലഹേം കുടുംബ യൂണിറ്റും എത്തും

Prithviraj, Nivin Pauly
Prithviraj, Nivin Pauly
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :13 ഓഗസ്റ്റ് 2026, 4:47 pm IST

ഓണക്കാലമെന്നാല്‍ മലയാളിയ്ക്കത് ആഘോഷത്തിന്റെ നാളുകളാണ്. പൂക്കളമിട്ടും സദ്യയൊരുക്കിയും മാത്രമല്ല മലയാളി ഓണം ആഘോഷിക്കുക. ഓണത്തിന് കുടുംബസമേതം സിനിമ കാണാന്‍ പോകുന്നതും മലയാളിയ്ക്ക് ശീലമാണ്. അതുകൊണ്ട് തന്നെ ഓണക്കാലത്ത് തിയേറ്റര്‍ പിടിക്കുകയെന്നത് താരങ്ങളെ സംബന്ധിച്ച് തങ്ങളുടെ സ്റ്റാര്‍ഡത്തിന് അടിവരയിടുന്ന പരിപാടിയാണ്.

ഓരോ ഓണക്കാലവും മലയാള സിനിമാ ലോകവും ആകാംക്ഷയോടെയാണ് കാത്തിരിക്കുക. ആര് വാഴും, ആര് വീഴുമെന്ന് അറിയാനായി. ഇത്തവണത്തെ മലയാള സിനിമയൊരുക്കുന്നത് ഒന്നൊന്നര ഓണത്തല്ലാണ്. മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളായ പൃഥ്വിരാജ്, നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ മുഖാമുഖം വരുന്നുമ്പോള്‍ ആര്‍ക്കൊപ്പമാകും പ്രേക്ഷകര്‍ എന്ന് കണ്ടറിയാനായിരിക്കുകയായിരുന്നു സിനിമാ ലോകം.

എന്നാല്‍ അപ്രതീക്ഷിതയമായി ദുല്‍ഖര്‍ സല്‍മാന്‍ ഈ ക്ലാഷില്‍ നിന്നും പിന്‍വാങ്ങിയിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഐ ആം ഗെയിം ഓണത്തിന് തിയേറ്ററുകളിലേക്ക് എത്തില്ല. സെപ്റ്റംബര്‍ ആദ്യമായിരിക്കും ചിത്രമെത്തുക. ദുല്‍ഖറിന്റെ പിന്മാറ്റം കളമൊരുക്കിയിരിക്കുന്നത് പൃഥ്വിരാജ്-നിവിന്‍ പോളി ഫെയ്‌സ് ടു ഫെയ്‌സ് ക്ലാഷിനാണ്.

ബോക്‌സ് ഓഫീസിലെ പൃഥ്വിരാജ്-നിവിന്‍ പോളി പോരിന് പിന്നിലൊരു ചരിത്രം തന്നെയുണ്ട്. പക്ഷെ ആ ചരിത്രം പൃഥ്വിരാജിന്റെ ഉറക്കം കെടുത്തുമെന്നുറപ്പാണ്. പൃഥ്വിരാജും നിവിന്‍ പോളിയും ഇതുവരെ മുഖാമുഖം വന്നത് മൂന്ന് തവണയാണ്. മൂന്ന് വട്ടവും വിജയം നിവിന്‍ പോളിയ്ക്കായിരുന്നു. ആ ചരിത്രം നാലാം റൗണ്ടിലെങ്കിലും പൃഥ്വിരാജിന് തിരുത്താന്‍ സാധിക്കുമോ എന്നത് കണ്ടറിയണം.

Khalifa

Khalifa

പൃഥ്വിരാജും നിവിന്‍ പോളിയും ആദ്യം മുഖാമുഖം വരുന്നത് 2014 ലാണ്. ലണ്ടന്‍ ബ്രിഡ്ജുമായാണ് പൃഥ്വിരാജ് വന്നത്. ഫെബ്രുവരി ഒന്നിനായിരുന്നു സിനിമയുടെ റിലീസ്. ആന്‍ഡ്രിയ ജെറമിയ നായികയായ ചിത്രത്തില്‍ പ്രതാപ് പോത്തന്‍, നന്ദിത രാജ്, മുകേഷ് തുടങ്ങിയവരുമുണ്ടായിരുന്നു. അനില്‍ സി മേനോന്റേതായിരുന്നു സംവിധാനം. ഖലീഫയുടെ രചയിതാവായ ജിനു എബ്രഹാം തന്നെയായിരുന്നു ലണ്ടന്‍ ബ്രിഡ്ജിന്റേയും രചനയെന്നതും ശ്രദ്ധേയമാണ്.

ലണ്ടന്‍ ബ്രിഡ്ജ് റിലീസിന്റെ തലേന്ന്, ജനുവരി 31 തന്നെ നിവിന്‍ പോളി തിയേറ്ററുകളിലെത്തിയിരുന്നു. 1983 യുമായിട്ടായിരുന്നു നിവിന്റെ വരവ്. എബ്രിഡ് ഷൈന്‍ ഒരുക്കിയ ചിത്രത്തിന്റെ വിധി എന്തായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. അക്കൊല്ലത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാവുക മാത്രമല്ല, നിവിനെ തേടി മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവുമെത്തി. ശ്രിന്ദ, നിക്കി ഗല്‍റാണി, സൈജു കുറുപ്പ്, അനൂപ് മേനോന്‍, ജോയ് മാത്യു തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍.

രണ്ടാം വട്ടം പൃഥ്വിയും നിവിനും നേര്‍ക്കുനേര്‍ വരുമ്പോള്‍ പൃഥ്വി മുന്നോട്ട് വച്ചത് ആദം ജോണ്‍ ആയിരുന്നു. ഇത്തവണ സംവിധായകന്റെ കുപ്പായത്തിലും ജിനു എബ്രാഹം തന്നെയായിരുന്നു കൂട്ട്. മിഷ്തി ചക്രവര്‍ത്തി, നരേന്‍, രാഹുല്‍ മാധവ്, ഭാവന, ലെന, കെഎപിഎസി ലളിത, രചന ജിനു എബ്രഹാം എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. 2017 സെപ്റ്റംബര്‍ 1 നായിരുന്നു ചിത്രത്തിന്റെ റിലീസ്. അതേ ദിവസം തന്നെ നിവിന്‍ പോളിയുമെത്തി. അല്‍ത്താഫ് സലീം ഒരുക്കിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയുമായി. ശാന്തി കൃഷ്ണ, ലാല്‍, അഹാന കൃഷ്ണ, ഐശ്വര്യ ലക്ഷ്മി, സിജു വില്‍സണ്‍, ശ്രിന്ദ തുടങ്ങിയവരായിരുന്നു ഒപ്പമുണ്ടായിരുന്നു. ഞണ്ടുകള്‍ ബോക്‌സ് ഓഫീസ് വിജയം നേടുക മാത്രമല്ല, ഇന്നും ആരാധകര്‍ റീ-വിസിറ്റ് ചെയ്യുന്നൊരു സിനിമയായി നില്‍ക്കുകയും ചെയ്യുന്നു.

Bethlahem Kudumba Unit

Bethlahem Kudumba Unit

മൂന്നാം തവണ നിവിനും പൃഥ്വിരാജും ഏറ്റുമുട്ടുന്നത് 2019 ലാണ്. സെപ്റ്റംബര്‍ അഞ്ചിന് ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമയുമായി നിവിന്‍ പോളി വന്നു. പിറ്റേന്ന് കലാഭവന്‍ ഷാജോണ്‍ ഒരുക്കിയ ബ്രദേഴ്‌സ് ഡെയുമായി പൃഥ്വിയും. രണ്ടു ചിത്രങ്ങളും വന്‍ താരനിര അണിനിരുമായാണ് വന്നത്. പൃഥ്വിയ്‌ക്കൊപ്പം പ്രസന്ന, ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്റ്റിയന്‍, പ്രയാഗ മാര്‍ട്ടിന്‍. വിജയരാഘവന്‍ തുടങ്ങിയവരായിരുന്നുവെങ്കില്‍ നിവിന്റെ കൂടെയുണ്ടായിരുന്നത് നയന്‍താര, അജു വര്‍ഗീസ്, മല്ലിക സുകുമാരനുടമക്കമുള്ളവര്‍. രണ്ട് സിനിമകളുടേയും സംവിധായകർ നവാഗതരും, നടന്മാരും. പക്ഷെ ബോക്‌സ് ഓഫീസ് നിവിന്‍ പോളിയ്‌ക്കൊപ്പം നിന്നു. ലവ് ആക്ഷന്‍ ഡ്രാമ വന്‍ വിജയമായി മാറി. ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം പിന്നീടൊരു ബോക്‌സ് ഓഫീസ് വിജയത്തിന് വേണ്ടി നിവിന്‍ പോളിയ്ക്ക് കാത്തിരിക്കേണ്ടി വന്നത്, ആറ് വര്‍ഷമാണ്. 2025 ല്‍ പുറത്തിറങ്ങിയ സര്‍വ്വം മായ വരെ.

കാല ചക്രമൊന്ന് കറങ്ങി വരുമ്പോള്‍ പൃഥ്വിയും നിവിനും വീണ്ടും മുഖാമുഖം വരികയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം സര്‍വ്വം മായയിലൂടെ തിരിച്ചുവന്നതിന്റെ ആവേശത്തിലാണ് നിവിന്‍ പോളി. ഇടയ്ക്ക് വന്ന ബേബി ഗേള്‍ വിജയിച്ചില്ലെങ്കിലും സര്‍വ്വം മായയുടെ വന്‍ വിജയം നിവിന്റെ ബോക്‌സ് ഓഫീസ് പൊട്ടന്‍ഷ്യല്‍ വ്യക്തമാക്കുന്നതാണ്. തരക്കേടില്ലാത്ത സിനിമയാണെങ്കില്‍ പോലും, പ്രേക്ഷകര്‍ നിവിന്‍ പോളി ചിത്രത്തെ ഏറ്റെടുത്തോളുമെന്നാണ് പറയാറുള്ളത്. നിവിന് കുടുംബ പ്രേക്ഷകര്‍ക്കും യുവാക്കള്‍ക്കുമിടയിലുള്ള സ്വീകാര്യതയാണ് അതിന് കാരണം.

ആ സ്വീകാര്യത മുതലെടുക്കാന്‍ തന്നെയാണ് സംവിധായകന്‍ ഗിരീഷ് എഡിയുടെ ലക്ഷ്യമിടുന്നത് എന്നാണ് ബെത്ലഹേം കുടുംബ യൂണിറ്റിന്റെ ട്രെയിലറും മറ്റും നല്‍കുന്ന സൂചന. പ്രേമലു കഴിഞ്ഞാണ് ഗിരീഷ് വരുന്നത്. ഗിരീഷിന്റെ സിനിമാ ലോകത്തിന്റെ ഭാഗമാകാന്‍ നിവിന്‍ പോളിയ്ക്ക് ഒരു ഷര്‍ട്ടും മുണ്ടുമെടുത്തിടുകയേ വേണ്ടൂ. കൂട്ടിനുള്ളത് തെന്നിന്ത്യയിലാകെ നിറഞ്ഞു നില്‍ക്കുന്ന മമിത ബൈജുവാണ്. വിജയ്‌ക്കൊപ്പം അഭിനയിച്ച ജന നായകന്റെ വന്‍ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് മമിത വരുന്നത്. സൂര്യ ചിത്രവും മമിതയുടേതായി വരും നാളുകളില്‍ തിയേറ്ററുകളിലെത്താനുണ്ട്.

അതേസമയം പൃഥ്വിരാജ് വരുന്നത് തുടര്‍ പരാജയങ്ങളുടെ ക്ഷീണവുമായാണ്. വിലായത്ത് ബുദ്ധയും ഐ, നോബഡിയും ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു. പള്ളിച്ചട്ടമ്പിയിലെ കഥാപാത്രം കടുത്ത ട്രോളുകള്‍ ഏറ്റുവാങ്ങി. ഹിന്ദിയില്‍ ചെയ്ത സിനിമകളും പരാജയപ്പെട്ടു. പക്ഷെ ഖലീഫയില്‍ പൃഥ്വിരാജിന് പ്രതീക്ഷ വെക്കാനുള്ളതുണ്ട്. ആദ്യ കാരണം ചിത്രത്തിന്റെ സംവിധായകന്റെ പേരാണ്. കൊമേഷ്യല്‍ ചിത്രമൊരുക്കുന്നതില്‍ ഈ തലമുറയിലെ പേരുകേട്ട സംവിധായകന്‍, വൈശാഖ്. പിന്നെ, മറ്റാര്‍ക്കും വട്ടം വെക്കാന്‍ സാധിക്കാത്ത എല്‍ ഫാക്ടര്‍ ആയ മോഹന്‍ലാലും. ചിത്രത്തില്‍ വില്ലനാകുന്നത് ബോളിവുഡ് താരം നീല്‍ നിതിന്‍ മുകേഷ് ആണ്. മാളവിക ശര്‍മയാണ് ചിത്രത്തിലെ നായിക. കൃതി ഷെട്ടിയും ചിത്രത്തിലുണ്ട്. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. യാനിക് ബെന്‍ ആണ് സംഘട്ടനം ഒരുക്കിയത്. രണ്ട് ഭാഗങ്ങളായിട്ടാണ് ഖലീഫ തിയേറ്ററുകളിലെത്തുക.

ഓഗസ്റ്റ് 20 നാണ് ഖലീഫ തിയേറ്ററുകളിലേക്ക് എത്തുക. തൊട്ടു പിന്നാലെ ഓഗസ്റ്റ് 21ന് ബെത്‌ലഹേം കുടുംബ യൂണിറ്റും എത്തും. പൃഥ്വിയ്ക്ക് മേലുള്ള ആധിപത്യം തുടരാന്‍ നിവിന്‍ പോളിയ്ക്ക് സാധിക്കുമോ, അതോ നാലാം റൗണ്ടില്‍ നിവിനെ പൃഥ്വിരാജ് നോക്കൗട്ട് ചെയ്യുമോ എന്ന് കണ്ടറിയണം.

News Now

Summary

Prithviraj and Nivin Pauly to have their fourth face off this onam. All previous clashes were won by Nivin.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates