ഇന്നും പൊട്ടിച്ചിരിപ്പിക്കുന്ന മണവാളൻ! 'പുലിവാൽ കല്യാണ'ത്തിൽ ഇടാൻ വച്ചിരുന്ന കോമഡിയാണ് 'തൊമ്മനും മക്കളി'ലും ഇട്ടത്, കഥ പറഞ്ഞ് സലിം കുമാർ

അത് ശരിക്കും 'പുലിവാൽ കല്യാണ'ത്തിൽ ഇടാൻ വച്ചതാണ്.

Pulival Kalyanam
Pulival Kalyanamവിഡിയോ സ്ക്രീൻഷോട്ട്
Last Updated :7 June 2026, 4:18 pm IST
Edited by :Hima Prakash

നായകനെ നൈസ് ആയി സൈഡ് ആക്കിയിട്ട് സലിം കുമാർ കയറി സ്കോർ ചെയ്ത പടമായിരുന്നു 'പുലിവാൽ കല്യാണം'. സലിം കുമാറിന്റെ കരിയറിലെ തന്നെ ഐക്കണിക് കഥാപാത്രങ്ങളിലൊന്നായിരുന്നു 'പുലിവാൽ കല്യാണ'ത്തിലെ മണവാളൻ. ബോംബയിൽ നിന്നുള്ള വണ്ടി കേരളത്തിലേക്ക് എത്തുന്നതോടെ സിനിമയുടെ റേഞ്ച് തന്നെ വേറെ ലെവലിലേക്ക് മാറുകയാണ്.

ധർമേന്ദ്ര (കൊച്ചിൻ ഹനീഫ) യും മണവാളനും തമ്മിലുള്ള ​ഗംഭീര പെർഫോമൻസാണ് പ്രേക്ഷകർ പിന്നീട് കണ്ടത്. കോമഡികളുടെ ഒരു ചാകര തന്നെയാണ് സിനിമയിലുള്ളത്. മണവാളന്റെ സീനുകൾ എത്ര തവണ ആവർത്തിച്ചു കണ്ടിട്ടുണ്ടെന്ന് മലയാള സിനിമാ പ്രേക്ഷകരോട് ചോദിച്ചാൽ ഒരുപക്ഷേ അവർക്ക് കണക്ക് പറയാൻ പറ്റിയില്ലെന്ന് വരും.

'പുലിവാൽ കല്യാണ'ത്തിലെ കോമഡിയെക്കുറിച്ച് സലിം കുമാർ തന്നെ ഒരിക്കൽ പറഞ്ഞതു കേട്ടാൽ ഏതൊരാൾക്കും അതിശയം തോന്നും. "പുലിവാൽ കല്യാണത്തിലെ പല കോമഡികളും ഇടാൻ സ്ഥലം ഇല്ലാത്തതു കാരണം നമ്മൾ മാറ്റി വച്ച് പൊതിഞ്ഞിട്ട് വേറെ പടത്തിൽ കൊണ്ടുപോയി ഇട്ടിട്ടുണ്ട്.

അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്, 'തൊമ്മനും മക്കളി'ലും ഒരു സംഭവമുണ്ട്. എന്റെ അമ്മാവന്റെ മകൾ മീൻ വാങ്ങിക്കാൻ പോയപ്പോൾ ഒരു തമിഴ് ലോറി ഇടിച്ച് മരിച്ചു എന്ന് പറയുന്ന ഒരു രം​ഗമുണ്ട്. അത് ശരിക്കും 'പുലിവാൽ കല്യാണ'ത്തിൽ ഇടാൻ വച്ചതാണ്.

പക്ഷേ സ്ഥലമില്ല ഇടാൻ. അതിന് മുൻപൊരു കഥയുണ്ട്. 'ചതിക്കാത്ത ചന്തു'വിൽ ഇതേ തമാശ ഷൂട്ട് ചെയ്തിട്ടുണ്ട്. നവ്യ നായരുടെ അടുത്ത് പോയി ഞാൻ പറയും, എന്റെ അമ്മാവന്റെ മകൾ ചെമ്പഴന്തിയെ പോലെയാണ് നീയെന്ന്. ഡാൻസ് മാസ്റ്റർ പ്രണയം പറയുന്നതാണ്. ഇത് നമ്മൾ ഷൂട്ട് ചെയ്തു.

ഡബ്ബിങ്ങിന്റെ സമയത്ത് ഈ സാധനമില്ല. അപ്പോൾ റാഫിക്കയും ലാലേട്ടനും പറഞ്ഞു, ശരിയല്ലത്. നമ്മൾ സിനിമാക്കാരെ തന്നെ മോശമാക്കി ചിത്രീകരിക്കുന്ന പോലെയാകുമതെന്ന്".- സലിം കുമാർ പറഞ്ഞു.

'ഇത്തവണ മഴ നേരത്തെ എത്തും.."താൻ എന്താ ഈ കാണിക്കുന്നത്..... എൻ്റെ മാതൃഭൂമി വരെ നനഞ്ഞല്ലോടോ. സീ മിസ്റ്റർ രാജേഷ് ഖന്ന ഇപ്പറുത്ത് ഒരാൾ ഇരിക്കുമ്പോ അപ്പുറത്ത് നിന്ന് വെള്ളം ഒഴിക്കമോ ? എൻ്റെ ഭാഗത്തും തെറ്റുണ്ട് മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം കാർ കഴുകുമ്പോൾ ഒരിക്കലും ലെഫ്റ്റ് സൈഡിൽ ഇരിക്കാൻ പാടില്ല മാറി ഇരുന്നേക്കാം..' എന്നൊക്കെയുള്ള മണവാളന്റെ ഡയലോ​ഗുകളുടെ തട്ട് എന്നും താഴ്ന്ന് തന്നെയിരിക്കും.

'പടക്കങ്ങൾ എന്നും എന്റെ ഒരു വീക്ക്നെസ് ആയിരുന്നു', 'ഫിനാൻഷ്യേഴ്സിന്റെ ഇടയിൽ ഞാനൊരു കന്യകനാണ്', 'എല്ലാം വിധിയുടെ വിളയാട്ടം'- എന്നൊക്കെയുള്ള ഡയലോ​ഗുകൾ ഇന്നും സൂപ്പർ ഹിറ്റാണ്. ഒരിക്കൽ ഒരഭിമുഖത്തിൽ 'പുലിവാൽ കല്യാണ'ത്തിലെ നായകനായ ജയസൂര്യ പറഞ്ഞതും മലയാളികൾ ആഘോഷമാക്കി മാറ്റിയിരുന്നു.

"പുലിവാൽ കല്യാണം ഒരിക്കലും നായകന്റെ സിനിമയല്ല എന്നാണ് എനിക്ക് ഇപ്പോൾ തോന്നുന്നത്. അത് സലിം കുമാറിന്റെ ഒരു സിനിമയായിട്ടാണ് എനിക്കിപ്പോൾ തോന്നുന്നത്. അദ്ദേഹം ആ സിനിമയ്ക്കായി സംഭാവന ചെയ്തിരിക്കുന്നത് അത്ര മാത്രമാണ്".- എന്നായിരുന്നു ജയസൂര്യ പറഞ്ഞത്. 2003 ൽ ഉദയ്കൃഷ്ണ- സിബി കെ തോമസിന്റെ തിരക്കഥയിൽ ഷാഫി സംവിധാനം ചെയ്ത ചിത്രമാണ് 'പുലിവാൽ കല്യാണം'. ബോക്സ് ഓഫീസിലും ചിത്രം സൂപ്പർ ഹിറ്റായി മാറി.

News Now

Summary

Salim Kumar talks about Pulival Kalyanam movie comedy scenes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates