'അപ്പു അധ്യാപകൻ ആകുമെന്നാണ് വിചാരിച്ചത്; വർഷത്തിൽ രണ്ട് പടമെങ്കിലും ചെയ്യണമെന്ന് ഞാൻ പറയാറുണ്ട്'

ഒരു സ്ഥലത്ത് അപ്പുവിനെ പിടിച്ചു വയ്ക്കാൻ പറ്റില്ല.

Pranav, Suchitra Mohanlal
Pranav, Suchitra Mohanlalവിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :22 ഓഗസ്റ്റ് 2026, 12:19 pm IST

സിനിമയിൽ അഭിനയിക്കാൻ പ്രണവിനെ ഒരിക്കലും മാതാപിതാക്കളെന്ന നിലയിൽ തങ്ങൾ സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്ന് സുചിത്ര മോഹൻലാൽ. പഠനമൊക്കെ കഴിഞ്ഞപ്പോൾ പ്രണവ് അധ്യാപകനാകുമെന്നാണ് താൻ വിചാരിച്ചതെന്നും സുചിത്ര വ്യക്തമാക്കി. ഒരു കൊല്ലത്തിൽ രണ്ട് പടമെങ്കിലും ചെയ്യാൻ താൻ പ്രണവിനോട് പറയാറുണ്ടെന്നും സുചിത്ര കൂട്ടിച്ചേർത്തു. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുചിത്ര.

"അപ്പുവിന്റെ കാര്യത്തിൽ എല്ലാവരും പറയുന്നത് ഞങ്ങൾ സമ്മർദ്ദം ചെലുത്തിയിട്ടാണ് അവൻ സിനിമയിൽ വന്നതെന്നാണ്. എന്നാൽ ഞങ്ങൾ സമ്മർദ്ദത്തിലാക്കിയിട്ടില്ല. അവൻ ഫിലോസഫിയാണ് ചെയ്തത്. അതുകഴിഞ്ഞപ്പോൾ ഞാൻ വിചാരിച്ചും അവൻ അധ്യാപകനാകുമെന്ന്. ഞാൻ ജപ്പാനിൽ പോയി ഇം​ഗ്ലീഷ് പഠിപ്പിക്കും എന്നൊക്കെയാണ് ആ സമയത്ത് അവൻ പറഞ്ഞിരുന്നത്.

പിന്നെ അത് നടന്നില്ല. അപ്പോൾ ഞാൻ നോക്കുമ്പോൾ ചുമ്മാ വീട്ടിൽ ഇരിക്കുന്നു, ഒന്നും ചെയ്യുന്നില്ല. മാതാപിതാക്കളെന്ന നിലയിൽ നമുക്ക് അത്തരം കാര്യങ്ങളിൽ കരുതലുണ്ടാകുമല്ലോ. അപ്പോഴാണ് ഞാൻ ചോദിച്ചത്, നിനക്ക് എന്തുകൊണ്ട് ശ്രമിച്ചു കൂടാ എന്ന്. ഒരു ദിവസം പറഞ്ഞു, ശരി ഞാൻ അസിസ്റ്റന്റ് ഡയറക്ടറായി ജോയിൻ ചെയ്യാം. അങ്ങനെ ജീത്തുവിന്റെ കൂടെ അസിസ്റ്റന്റ് ഡയറക്ടറായി പോയി.

പിന്നെ അവനത് ഇഷ്ടമായി. അപ്പോൾ ഞാൻ പറഞ്ഞു, 9 മണി മുതൽ 5 മണി വരെയുള്ള ഒരു ജോലിയും നീ ചെയ്യില്ല എന്ന് എനിക്കറിയാം എന്ന്. ഒരു സ്ഥലത്ത് അപ്പുവിനെ പിടിച്ചു വയ്ക്കാൻ പറ്റില്ല. ഇതാണെങ്കിൽ നിനക്ക് ഒരുപാട് സ്ഥലങ്ങൾ കാണാം, ഒരുപാട് ആൾക്കാരെ കാണാം, വ്യത്യസ്തമായ കഥാപാത്രങ്ങളൊക്കെ ചെയ്യാമെന്ന് ഞാൻ പറഞ്ഞു.

ഓരോ സിനിമയ്ക്കും പോകുമ്പോൾ പല തരത്തിലുള്ള കൗതുകവും ആയിരിക്കുമല്ലോ. അപ്പോൾ നീ ശ്രമിച്ച് നോക്ക്. അങ്ങനൊയൊക്കെ പറഞ്ഞിട്ടാണ്, ഓക്കെ ശരി ഞാൻ ട്രൈ ചെയ്യാമെന്ന് അവൻ പറയുന്നത്. അപ്പുവിന് മ്യൂസിക് ഭയങ്കര ഇഷ്ടമാണ്. ഇപ്പോൾ തന്നെ അവന്റെ കസിൻസും സുഹൃത്തുക്കളുമൊക്കെ ചേർന്ന് കുറേ പാട്ടുകളൊക്കെ കമ്പോസ് ചെയ്തിട്ടുണ്ട്.

അവർ ​ഗിറ്റാർ, ജാം ഒക്കെ റെക്കോർഡ് ചെയ്യുന്നുണ്ട്. അതൊരു ആൽബം ആക്കാനുള്ള പ്ലാനിലാണ്. അതൊരു സൈഡിൽ നടക്കുന്നുണ്ട്. പിന്നെ ഒരു നോവൽ എഴുതുന്നുണ്ട്. അതെവിടെ വരെയായി എന്ന് എനിക്കറിയില്ല. അവനെപ്പോഴും എല്ലാത്തിലുമൊരു സ്പെയ്സുണ്ട്.

ഞാനെപ്പോഴും അവനോട് പറയും, എടാ ഒരു കൊല്ലത്തിൽ രണ്ട് പടമെങ്കിലും ചെയ്യ് എന്ന്. അമ്മാ ഞാനെന്റെ സ്പെയ്സിൽ നിന്നു കൊണ്ട് ചെയ്തോളാം എന്ന് അവൻ പറഞ്ഞു. പിന്നെ ഞാൻ വിചാരിച്ചു, അവൻ പറയുന്നതും കറക്ടാണ്. അവനൊരു ബാലൻസ് കണ്ടുപിടിച്ചിട്ടുണ്ട്, അതും ഇതുമായിട്ട്".- സുചിത്ര പറഞ്ഞു.

News Now

Summary

Suchitra Mohanlal opens up about Pranav career.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates