
ചാറ്റ്ജിപിടി, ക്ലോഡ് എന്നിവ ഉപയോഗിച്ചാണ് ഇവര് വിശകലന പ്രബന്ധങ്ങള് തയ്യാറാക്കിയതെന്ന് അധികൃതര്

News Now
നടന് ടൈഗര് ഷറോഫിന് നേരെ വെടിവയ്പ്പ്; രക്ഷപെട്ടത് തലനാരിഴയ്ക്ക്, രണ്ട് പേര്ക്ക് പരിക്ക്

കൊടുംകുറ്റവാളികളുമായി വഴിവിട്ട ബന്ധം; പൊലീസ് ഉദ്യോഗസ്ഥനെ സര്വീസില് നിന്ന് പിരിച്ചുവിട്ടു

പാൽ കുടുങ്ങി അല്ല, ആലപ്പുഴയിൽ 2 വയസുകാരൻ മരിച്ചത് പോഷകാഹാരം കിട്ടാതെ
സച്ചിൻ ബേബിക്ക് സെഞ്ച്വറി, ക്രീസിൽ അസ്ഹറുദ്ദീൻ! പൊരുതിക്കയറി കേരളം

ജമ്മു: ദേശീയ സുരക്ഷാ വിഷയങ്ങളില് ചൈനീസ് രഹസ്യാന്വേഷണ ഏജന്സികള്ക്കായി രഹസ്യ വിവരങ്ങള് ശേഖരിക്കുകയും വിശകലന റിപ്പോര്ട്ടുകള് തയ്യാറാക്കുകയും ചെയ്തെന്നാരോപിച്ച് സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യക്കെതിരെ ജമ്മുവില് കേസ് രജിസ്റ്റര് ചെയ്തു. എഐ ടൂളുകളായ ചാറ്റ്ജിപിടി, ക്ലോഡ് എന്നിവ ഉപയോഗിച്ചാണ് ഇവര് വിശകലന പ്രബന്ധങ്ങള് തയ്യാറാക്കിയതെന്ന് അധികൃതര് അറിയിച്ചു.
തെലങ്കാന സ്വദേശിനിയായ യുവതിയാണ് കേസിലെ പ്രതി. 2023ല് ഐക്യരാഷ്ട്രസഭയില് ഐടി ഇന്റേണ്ഷിപ്പ് പൂര്ത്തിയാക്കിയ ഇവര്, നിലവില് ഫ്രീലാന്സ് ഗവേഷകയായി പ്രവര്ത്തിച്ചുവരികയാണ്. ഇവരെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും, എഫ്ഐആര് രജിസ്റ്റര് ചെയ്തതിനെത്തുടര്ന്ന് ചോദ്യം ചെയ്യലിന് വിധേയയാക്കുകയും അന്വേഷണ ഏജന്സികളോട് സഹകരിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉദ്യോഗസ്ഥര് വ്യക്തമാക്കി.
സുരക്ഷ, പ്രതിരോധം, ഭൗമരാഷ്ട്രീയ വിഷയങ്ങളില് വിശകലന പ്രബന്ധങ്ങള് തയ്യാറാക്കാനാണ് യുവതിക്ക് നിര്ദേശം ലഭിച്ചിരുന്നത്. ജമ്മു കശ്മീരിലെ നിയന്ത്രണരേഖയുമായി ബന്ധപ്പെട്ട കാര്യങ്ങള്, അരുണാചല് പ്രദേശിലെ സുപ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികള്, ഡ്രോണ് വിന്യാസം തുടങ്ങിയവയാണ് ഇവര് പ്രധാനമായും കൈകാര്യം ചെയ്തത്.
ഔദ്യോഗിക രഹസ്യ നിയമത്തിലെ ചാരവൃത്തി, അനധികൃത വിവര കൈമാറ്റം എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകളും, ഭാരതീയ ന്യായ സംഹിതയിലെ ഗൂഢാലോചന, ദേശീയ പരമാധികാരത്തിനെതിരെയുള്ള കുറ്റകൃത്യങ്ങള് എന്നിവയും ചുമത്തി വെള്ളിയാഴ്ച ജമ്മുവിലെ ഗാന്ധി നഗര് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മേല്നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
രഹസ്യാന്വേഷണ ഏജന്സി നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്, ഒക്ടോബര് 14ന് പത്താന്കോട്ടിലേക്ക് പോകാന് ജമ്മു താവി റെയില്വേ സ്റ്റേഷനില് എത്തിയ യുവതിയെ പൊലീസും കേന്ദ്ര രഹസ്യാന്വേഷണ ഏജന്സിയും ചേര്ന്ന് തടഞ്ഞുവെക്കുകയായിരുന്നു. തുടര്ന്ന് ചോദ്യം ചെയ്യലിനായി സമീപത്തെ മിലിട്ടറി സ്റ്റേഷനിലേക്ക് മാറ്റി. ഇവരുടെ മൊബൈല് ഫോണ് പിടിച്ചെടുത്ത് വിശദമായ ഫോറന്സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
2022ല് ജനീവയില് നിന്ന് യൂറോപ്യന് ആന്ഡ് ഇന്റര്നാഷണല് ഗവേണന്സില് മാസ്റ്റര് ഓഫ് അഡ്വാന്സ്ഡ് സ്റ്റഡീസ് പൂര്ത്തിയാക്കിയ ഇവര്, 2023 ഒക്ടോബറിലാണ് മേജര് റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചത്. 2021ല് ബംഗളൂരുവിലെ സര്വകലാശാലയില് നിന്ന് ഇന്റര്നാഷനല് റിലേഷന്സില് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
ന്യൂഡല്ഹിയിലെ സെന്റര് ഫോര് ലാന്ഡ് വാര്ഫെയര് സ്റ്റഡീസില് ഓണ്ലൈന് ഇന്റേണ്ഷിപ്പ് ചെയ്തിട്ടുള്ള ഇവര് നിരവധി ഗവേഷണ ലേഖനങ്ങളും എഴുതിയിട്ടുണ്ട്. യുഎന് ഇന്റേണ്ഷിപ്പ് കാലയളവില് നിരവധി വിദേശ പൗരന്മാരുമായി ഇവര് ബന്ധപ്പെട്ടിരുന്നുവെന്നും, വാട്സ്ആപ്പ് വഴി ചൈനീസ് പൗരനുമായി നിരന്തരം ബന്ധം പുലര്ത്തിയിരുന്നുവെന്നും ചോദ്യം ചെയ്യലില് വ്യക്തമായതായി അധികൃതര് പറയുന്നു.
കണ്സള്ട്ടന്സി നടത്തിയിരുന്ന മലേഷ്യന് പൗരനുമായും 2024ല് ഇവര് സമൂഹമാധ്യമങ്ങള് വഴി ബന്ധപ്പെട്ടിരുന്നുവെന്നും, ഇയാള് ചൈനീസ് രഹസ്യാന്വേഷണ ഏജന്സികള്ക്ക് വേണ്ടിയാണ് പ്രവര്ത്തിച്ചിരുന്നതെന്നും ഉദ്യോഗസ്ഥര് ആരോപിക്കുന്നു. എന്നാല് താന് തയ്യാറാക്കിയ വിവരങ്ങളെല്ലാം ഓപ്പണ് സോഴ്സ് ഗവേഷണങ്ങളെയും ചാറ്റ്ജിപിടി, ക്ലോഡ് തുടങ്ങിയ എഐ പ്ലാറ്റ്ഫോമുകളെയും അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് ചോദ്യം ചെയ്യലില് യുവതിയുടെ വാദം.
പിടിച്ചെടുത്ത മൊബൈല് ഫോണില് നിന്ന് ലഭിച്ച പ്രഥമിക വിവരങ്ങള് പ്രകാരം മനേക്ഷാ സെന്ററിലെ ഇന്ത്യ-ഇറ്റലി പ്രതിരോധ മീറ്റിങ്, ഇന്ത്യന് ആര്മി മേധാവിയുടെ യുഎസ് സന്ദര്ശനം, ഇന്ത്യ-റഷ്യ പ്രതിരോധ കരാര്, അരുണാചല് പ്രദേശിലെ കലായ്-II ഹൈഡ്രോഇലക്ട്രിക് ആന്ഡ് കമലാ പദ്ധതികള്, കോള്ഡ് സ്റ്റാര്ട്ട് സിദ്ധാന്തം, ഇന്ത്യ-സീഷെല്സ് ബന്ധം, അസമിലെ പദ്ധതികള്, ഇന്ത്യ-ചൈന ബന്ധം തുടങ്ങിയ വിഷയങ്ങളിലെ രേഖകള് ഇവര് തയ്യാറാക്കിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഫ്രീലാന്സ് ഗവേഷണത്തിന്റെ മറവില് പ്രതി ഏതെങ്കിലും തരത്തിലുള്ള വ്യവസ്ഥാപിത വിവരശേഖരണവും വിദേശ കോണ്ടാക്റ്റുകളുമായി രഹസ്യ വിവരങ്ങള് പങ്കിടലും നടത്തിയിട്ടുണ്ടോ എന്ന് അന്വേഷണ ഉദ്യോഗസ്ഥര് പരിശോധിച്ചു വരികയാണ്. ഡിജിറ്റല് ഉപകരണങ്ങളുടെയും സാമ്പത്തിക ഇടപാടുകളുടെയും സമഗ്രമായ ഫോറന്സിക് പരിശോധന പുരോഗമിക്കുകയാണെന്നും അധികൃതര് അറിയിച്ചു.


