പ്രയാസമുള്ള പരീക്ഷകള്‍ പിന്നീട് എഴുതാന്‍ അവസരം: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ വര്‍ഷത്തില്‍ രണ്ടുതവണ 2026 ജൂണ്‍ മുതല്‍?

വര്‍ഷത്തില്‍ രണ്ടുതവണ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ നടത്തണമെന്ന ശുപാര്‍ശ 2026 ജൂണ്‍ മുതല്‍ നടപ്പാക്കുന്നത് കേന്ദ്രത്തിന്റെ പരിഗണനയില്‍

CBSE’s second board exam
ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് ആണ് ഇക്കാര്യം ശുപാര്‍ശ ചെയ്തത്പ്രതീകാത്മക ചിത്രം
Last Updated :18 July 2024, 1:05 pm IST
Edited by :dhanojam

ന്യൂഡല്‍ഹി: വര്‍ഷത്തില്‍ രണ്ടുതവണ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ നടത്തണമെന്ന ശുപാര്‍ശ 2026 ജൂണ്‍ മുതല്‍ നടപ്പാക്കുന്നത് കേന്ദ്രത്തിന്റെ പരിഗണനയില്‍. സ്‌കൂള്‍ വിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് ആണ് ഇക്കാര്യം ശുപാര്‍ശ ചെയ്തത്.

നിലവില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് ബോര്‍ഡ് പരീക്ഷ എഴുതുന്നത്. മെയ് മാസത്തില്‍ ഫലം പ്രഖ്യാപിച്ചതിന് ശേഷം ജൂലൈയില്‍ നടക്കുന്ന സപ്ലിമെന്ററി പരീക്ഷകളിലൂടെ ഒരു വിഷയത്തില്‍ അവരുടെ പ്രകടനം മെച്ചപ്പെടുത്താനും വിവിധ വിഷയങ്ങളില്‍ തോറ്റ് 'കംപാര്‍ട്ട്മെന്റ്' ആയി പ്രഖ്യാപിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും സപ്ലിമെന്ററി പരീക്ഷ എഴുതാം. ഈ വര്‍ഷം പന്ത്രണ്ടാം ക്ലാസിലെ സപ്ലിമെന്ററി പരീക്ഷ ജൂലായ് 15നാണ് നടന്നത്. പുതിയ ദേശീയ വിദ്യാഭ്യാസ നയം 2020 അനുസരിച്ച് 2026 മുതല്‍ പ്രതിവര്‍ഷം രണ്ട് ബോര്‍ഡ് പരീക്ഷകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം തയ്യാറാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം സിബിഎസ്ഇയോട് ആവശ്യപ്പെട്ടു.

രണ്ട് ബോര്‍ഡ് പരീക്ഷാ സമ്പ്രദായം സംബന്ധിച്ച് കേന്ദ്രം അന്തിമ രൂപം നല്‍കിയിട്ടില്ലെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് ജൂണില്‍ രണ്ടാം സെറ്റ് പരീക്ഷ എഴുതാന്‍ അനുവദിക്കുക എന്ന ഓപ്ഷനാണ് കേന്ദ്രത്തിന്റെ പരിഗണനയിലുള്ളത്. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വിഷയത്തില്‍ മാത്രം പ്രകടനം മെച്ചപ്പെടുത്തുന്നതിന് സപ്ലിമെന്ററി പരീക്ഷ നടത്തുന്ന നിലവിലെ സമ്പ്രദായത്തിന് പകരം, ജൂണ്‍ മാസത്തില്‍ അവര്‍ക്ക് ഇഷ്ടമുള്ള ഏതെങ്കിലും അല്ലെങ്കില്‍ എല്ലാ വിഷയങ്ങളിലും വീണ്ടും പരീക്ഷ എഴുതാനുള്ള ഓപ്ഷനാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്.

രണ്ടാം സെറ്റ് പരീക്ഷകള്‍ നടത്താന്‍ സിബിഎസ്ഇക്ക് ഏകദേശം 15 ദിവസം വേണ്ടി വരും. ഈ ഓപ്ഷന്‍ പ്രകാരം ഫലം പ്രഖ്യാപിക്കാന്‍ ഒരു മാസവും വേണ്ടിവരും. അതിനാല്‍, രണ്ടാം ബോര്‍ഡ് പരീക്ഷയുടെ ഫലം ഓഗസ്റ്റില്‍ പ്രഖ്യാപിക്കുന്ന രീതിയിലാണ് രണ്ടാമത്തെ ബോര്‍ഡ് പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിലവിലെ സാഹചര്യത്തില്‍ എല്ലാ വിദ്യാര്‍ത്ഥികളും രണ്ടാം ബോര്‍ഡ് പരീക്ഷയില്‍ എല്ലാ വിഷയങ്ങളും എഴുതാന്‍ അപേക്ഷ നല്‍കാന്‍ സാധ്യത കുറവായിരിക്കും. പരമാവധി രണ്ടോ മൂന്നോ വിഷയങ്ങള്‍ തെരഞ്ഞെടുത്തേക്കാം. അത്തരമൊരു സാഹചര്യത്തില്‍, രണ്ടാം പരീക്ഷയുടെ മൂല്യനിര്‍ണ്ണയ ലോഡ് ആദ്യ പരീക്ഷയുടെ മൂല്യനിര്‍ണ്ണയ ലോഡിന്റെ ഏകദേശം അഞ്ചു ശതമാനം വരെയാകാം. തുടക്കത്തില്‍ 'ബുദ്ധിമുട്ടുള്ള' പേപ്പറുകള്‍ക്കായി രണ്ടാം പരീക്ഷ എഴുതാനുള്ള ഓപ്ഷന്‍ സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയേക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now