
'ഞങ്ങൾ എവിടെ ഇരിക്കണം? ഇന്ത്യ ഗേറ്റിലോ ജന്തർ മന്ദറിലോ? ഒരിടം പറയൂ'; പോലീസിനെ ചോദ്യം ചെയ്ത് രാഹുൽ; ആകാശവാണി ഭവനിലേക്ക് ഇരച്ചുകയറി പ്രതിപക്ഷ നേതാക്കളും
അഖിലേഷ് യാദവും അഭിഷേക് ബാനർജിയും കസ്റ്റഡിയിൽ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റിൽ നിന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് 'ഇന്ത്യ' മുന്നണി നടത്തിയ പ്രതിഷേധ മാർച്ചിൽ തലസ്ഥാന നഗരിയെ വിറപ്പിച്ച നാടകീയ രംഗങ്ങൾ. നിർവാചൻ സദനിലേക്ക് മാർച്ച് ചെയ്ത പ്രതിപക്ഷ നേതാക്കളെ നിതി ആയോഗ് ഓഫീസിന് സമീപം ബാരിക്കേഡുകൾ സ്ഥാപിച്ച് ഡൽഹി പൊലീസ് തടഞ്ഞതോടെ വൻ സംഘർഷാവസ്ഥ ഉടലെടുത്തു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച നേതാക്കൾക്കിടയിൽ നിന്ന് രാഹുൽ ഗാന്ധിയും തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയും പോലീസ് ബാരിക്കേഡിന് മുകളിൽ കയറിനിന്ന് പ്രതിരോധം തീർത്തു.
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഫോം 6-ൽ വരുത്തിയ മാറ്റങ്ങളിൽ സുപ്രീം കോടതി നടത്തിയ രൂക്ഷമായ പരാമർശങ്ങൾ ആയുധമാക്കിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ തെരുവിലിറങ്ങിയത്. പാർലമെന്റിന്റെ മകര ദ്വാരത്തിൽ നിന്നാരംഭിച്ച മാർച്ച് നിതി ആയോഗ് ഓഫീസിന് സമീപം പാർലമെന്റ് സ്ട്രീറ്റിൽ വെച്ച് വൻ പൊലീസ് സന്നാഹം തടഞ്ഞു. തുടർന്ന് നേതാക്കൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനിടെ പൊലീസ് പ്രിയങ്കാ ഗാന്ധിയെ തടഞ്ഞുവെച്ച് കസ്റ്റഡി ബസിലേക്ക് മാറ്റിയെങ്കിലും, അവർ പെട്ടെന്നുതന്നെ ബസിൽ നിന്നിറങ്ങി സഹോദരനൊപ്പം ചേർന്നു. പൊലീസിന്റെ പ്രതിരോധ വലയം ഭേദിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ദീപേന്ദർ ഹൂഡയും റിസപ്ഷൻ ഗേറ്റ് വഴി ആകാശവാണി ഭവൻ വളപ്പിലേക്ക് കടക്കുകയും അവിടുത്തെ മരച്ചുവട്ടിൽ കുത്തിയിരുന്ന് സമരം തുടരുകയും ചെയ്തു.
"ഞങ്ങൾക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റ് രണ്ട് കമ്മീഷണർമാരെയും നേരിൽക്കണ്ട് തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സംശയങ്ങൾക്ക് മറുപടി തേടണം. ഇരിക്കാൻ ഒരിടം തരാതെ എല്ലായിടത്തുനിന്നും എന്നെ മാറ്റുകയാണ്. എനിക്ക് എവിടെ ഇരിക്കാം? ഇന്ത്യ ഗേറ്റിൽ ഇരിക്കണമോ, അതോ ജന്തർ മന്ദറിലോ? ഈ റോഡിൽ ഇരിക്കാൻ സമ്മതിക്കുമോ? നിങ്ങൾ ഒരു സ്ഥലം പറയൂ, ഞാൻ അവിടെ ഇരിക്കാം," എന്ന് രാഹുൽ ഗാന്ധി സുരക്ഷാ ഉദ്യോഗസ്ഥരെ നോക്കി രോഷത്തോടെ ചോദിച്ചു.

INDIA Bloc Protest Election Commission HQ
അതേസമയം, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, തൃണമൂൽ നേതാക്കളായ ഡെറക് ഒബ്രിയൻ, അഭിഷേക് ബാനർജി തുടങ്ങിയവരെ പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ബസിൽ മാറ്റി. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സച്ചിൻ ശർമ്മയുടെ നേതൃത്വത്തിലുള്ള വൻ സന്നാഹം സ്ഥലത്തെത്തിയാണ് പ്രതിഷേധക്കാരെ നീക്കാൻ ശ്രമം നടത്തിയത്. ഗ്യാനേഷ് കുമാർ ആർഎസ്എസ് യൂണിഫോം ധരിച്ച ചിത്രങ്ങളടങ്ങിയ കട്ടൗട്ടുകൾ ഉയർത്തിപ്പിടിച്ച പ്രതിപക്ഷ എംപിമാർ, "ബിജെപി ഹേ സിഇസി ഹേ", "വോട്ട് ചോർ ഗദ്ദി ഛോഡ്", "ജനാധിപത്യം വിൽപ്പനയ്ക്കുള്ളതല്ല" തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി. "ഗ്യാനേഷ്, സമയം കഴിഞ്ഞു സഹോദരാ... രാജി വെക്കൂ" എന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിക്കുകയും ചെയ്തു.
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന ഫോം 6-ൽ വരുത്തിയ മാറ്റങ്ങൾ സുപ്രീം കോടതി ശരിവെച്ചിട്ടില്ലെന്നും കമ്മീഷന്റെ രേഖകൾ കോടതി പരിശോധിക്കുമെന്നുമുള്ള സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണമാണ് പ്രതിപക്ഷത്തിന് വലിയ രാഷ്ട്രീയ ആയുധമായത്. ഫോം 6 നടപടികൾ സുപ്രീം കോടതി അംഗീകരിച്ചുവെന്ന് കാട്ടി സെപ്റ്റംബർ 26-ന് കമ്മീഷൻ ഇറക്കിയ വാർത്താക്കുറിപ്പ് വ്യാജവും രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് സിപിഐ എംപി പി. സന്തോഷ് കുമാർ കുറ്റപ്പെടുത്തി. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട ഉന്നത ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യതയെ ഒരു വ്യക്തി ഒറ്റയ്ക്ക് തകർത്തുവെന്ന് കോൺഗ്രസ് എംപി ഇമ്രാൻ മസൂദ് ആരോപിച്ചു. സമാധാനപരമായി നടന്നുപോകാൻ ശ്രമിച്ച ജനപ്രതിനിധികളെ തടയാൻ അതിർത്തി രക്ഷാസേനയെയും സിഐഎസ്എഫിനെയും വിന്യസിച്ചത് എന്തിനാണെന്നും ഗ്യാനേഷ് കുമാറിന് സ്ഥാനത്ത് തുടരാൻ യാതൊരു ധാർമ്മിക അവകാശവുമില്ലെന്നും ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവുത്ത് തുറന്നടിച്ചു. കമ്മീഷന്റെ ഏകപക്ഷീയ നിലപാടുകൾക്കെതിരെ വരുംദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് 'ഇന്ത്യ' മുന്നണിയുടെ തീരുമാനം.
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Summary
INDIA bloc MPs begin 'Save Democracy' march to EC demanding CEC's resignation
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'മൂന്നു മാസത്തിനകം തീരുമാനമെടുക്കണം' ; തൃണമൂല്‍ ചിഹ്ന തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി

വോട്ടർപട്ടിക പുതുക്കലിൽ ഗുരുതര നിയമലംഘനം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി
