സെന്‍സസ് നടപടികള്‍ പൗരന്മാരെ നിരീക്ഷണത്തിനായുള്ള ഒരു ഉപാധിയായോ, പൗരത്വം നിര്‍ണ്ണയിക്കുന്നതിനുള്ള മാര്‍ഗമായോ മാറ്റാന്‍ പാടില്ല.

M A Baby
എം എ ബേബി
Last Updated :20 October 2026, 4:28 pm IST
Guest Author :Jayakumar

News Now

ന്യൂഡല്‍ഹി: സെന്‍സസ് ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതികള്‍ക്കെതിരെ സിപിഎം. ഭേദഗതി പിന്‍വലിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തെഴുതി. സെന്‍സസ് നടപടികള്‍ക്ക് അനുയോജ്യരായ ആരെയും സംസ്ഥാനങ്ങള്‍ക്ക് സ്വയം നിയമിക്കാം എന്നത് ആശങ്ക ഉണ്ടാക്കുന്നതാണെന്ന് എം എ ബേബി കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

എയ്ഡഡ്-അണ്‍എയ്ഡഡ് സ്വകാര്യ അധ്യാപകര്‍, ബാങ്കുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ട്രസ്റ്റുകള്‍, കമ്പനികള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് പുറമെ, സംസ്ഥാന സര്‍ക്കാരുകള്‍ക്കോ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കോ അനുയോജ്യമെന്ന് തോന്നുന്ന ഏതു വ്യക്തിയെയും സെന്‍സസ് എന്യൂമറേറ്ററായി നിയമിക്കാന്‍ പുതിയ ചട്ടം അനുവാദം നല്‍കുന്നുണ്ട്. ഇതിലെ ആശങ്കയാണ് അദ്ദേഹം പങ്കുവെച്ചത്.

വ്യക്തമായ മാനദണ്ഡങ്ങളോ പൊതുജനങ്ങള്‍ക്ക് മുന്നില്‍ ഉത്തരവാദിത്തം ഉറപ്പാക്കുന്ന സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെ, സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങള്‍ക്കും ഇത്തരത്തില്‍ വിവേചനാധികാരം നല്‍കുന്നത്, ഏകപക്ഷീയവും രാഷ്ട്രീയ പ്രേരിതവുമായ നിയമനങ്ങള്‍ക്ക് സാധ്യതയൊരുക്കുന്നുവെന്ന് ബേബി പറഞ്ഞു.

സെന്‍സസ് നടപടികള്‍ മറ്റൊരു എസ്‌ഐആര്‍ ആകരുതെന്നും പുതിയ ഭേദഗതി രാഷ്ട്രീയ നിയമനങ്ങള്‍ക്ക് വഴിവെക്കുന്നതാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി പറഞ്ഞു. സെന്‍സസ് നടപടികള്‍ പൗരന്മാരെ നിരീക്ഷണത്തിനായുള്ള ഒരു ഉപാധിയായോ, പൗരത്വം നിര്‍ണ്ണയിക്കുന്നതിനുള്ള മാര്‍ഗമായോ അല്ലെങ്കില്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്ന് ആളുകളെ ഒഴിവാക്കുന്നതിനുള്ള ഉപകരണമായോ മാറ്റാന്‍ പാടില്ല. ഇത്രയധികം സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നത് വലിയ ആശങ്കകള്‍ക്ക് വഴി വെക്കുന്നു. എത്രയും പെട്ടെന്ന് ഭേദഗതികള്‍ പിന്‍വലിക്കണമെന്നും എംഎ ബേബി ആവശ്യപ്പെട്ടു.

മാതാപിതാക്കളുടെ മതം, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ആധാര്‍, പാസ്പോര്‍ട്ട്, മൊബൈല്‍ നമ്പര്‍ എന്നിവ ശേഖരിക്കുന്നത് ഉള്‍പ്പെടുത്തി 2026 ഓഗസ്റ്റ് 14ന് ഇറക്കിയ രണ്ടാം ഘട്ട ചോദ്യവലിയെക്കുറിച്ച് സിപിഎം ഓഗസ്റ്റ് 24ന് രജിസ്ട്രാര്‍ ജനറലിന് പരാതി നല്‍കിയിരുന്നു.

Summary

MA Baby writes to President for withdrawal of Census rule amendments

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates