'ഭാര്യയും കുടുംബവും പീഡിപ്പിക്കുന്നു'; മസ്‌കിനേയും ട്രംപിനേയും ടാഗ് ചെയ്ത് വിഡിയോ, യുവാവ് ജീവനൊടുക്കി

ഭാര്യയ്ക്കും കുടുംബാംഗങ്ങള്‍ക്കും ഉത്തര്‍പ്രദേശിലെ ജൗന്‍പൂരിലെ ജഡ്ജിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് അതുല്‍ വിഡിയോയില്‍ ഉന്നയിച്ചിരിക്കുന്നത്.

Last Updated :10 December 2024, 5:41 pm IST
Edited by :athira.v.augustine

ന്യൂഡല്‍ഹി: അകന്നു കഴിയുന്ന ഭാര്യ തന്നെയും കുടുംബത്തെയും പീഡിപ്പിക്കുന്നുവെന്നാരോപിച്ച് സാമൂഹിക മാധ്യമത്തില്‍ വിഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. ബിഹാര്‍ സ്വദേശി അതുല്‍ സുഭാഷ്(34)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥലത്തു നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

ബംഗലൂരുവിലെ മഞ്ജുനാഥ് ലേ ഔട്ടിലെ ഫ്‌ളാറ്റിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫ്‌ളാറ്റ് കുത്തിത്തുറന്ന അയല്‍വാസികളാണ് തൂങ്ങിമരിച്ച നിലയില്‍ ആദ്യം കാണുന്നത്. നീതി ലഭിക്കണം എന്നെഴുതി പ്ലക്കാര്‍ഡും മുറിയില്‍ നിന്ന് കണ്ടെത്തി. അതുലിന്റെ ഭാര്യ തനിക്കും മാതാപിതാക്കള്‍ക്കുമെതിരെ കള്ളക്കേസ് നല്‍കിയെന്ന് സഹോദരന്‍ ബികാസ് കുമാര്‍ പൊലീസിനോട് പറഞ്ഞു.

ഭാര്യയ്ക്കും കുടുംബാംഗങ്ങള്‍ക്കും ഉത്തര്‍പ്രദേശിലെ ജൗന്‍പൂരിലെ ജഡ്ജിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് അതുല്‍ വിഡിയോയില്‍ ഉന്നയിച്ചിരിക്കുന്നത്. രാഷ്ട്രപതിയെ അഭിസംബോധന ചെയ്തു കൊണ്ട് ഒരു കത്തും മുറിയില്‍ നിന്ന് കണ്ടെത്തി.

2019ല്‍ മാട്രിമോണിയല്‍ വഴിയാണ് ഇരുവരും വിവാഹം കഴിച്ചതെന്ന് അതുലിന്റെ കുറിപ്പിലുള്ളത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഇരുവര്‍ക്കും ഒരു മകനുണ്ടായി. ലക്ഷക്കണക്കിന് രൂപയാണ് ഭാര്യയും വീട്ടുകാരും തന്നോട് ആവശ്യപ്പെടാറുള്ളതെന്നും കൂടുതല്‍ പണം നല്‍കാതെ വന്നപ്പോഴാണ് 2021 ല്‍ ഭാര്യ മകനെയും കൂട്ടി ബംഗലൂരുവില്‍ നിന്ന് പോയതെന്നും അതുല്‍ വിഡിയോയില്‍ പറയുന്നു. 2022ലാണ് തനിക്കും കുടുംബത്തിനുമെതിരെ പരാതി നല്‍കുന്നത്. പ്രകൃതി വിരുദ്ധ ലൈംഗികത, കൊലപാക ശ്രമം എന്നിവ പ്രകാരം കള്ളക്കേസ് നല്‍കിയെന്നാണ് അതുല്‍ പറയുന്നത്. പത്ത് ലക്ഷം സ്ത്രീധനം നല്‍കിയതിനെത്തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദത്തിലാണ് ഭാര്യാ പിതാവിന്റെ മരണം സംഭവിച്ചതെന്നും കേസില്‍ ചേര്‍ത്തു. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം ഭാര്യാ പിതാവ് എയിംസില്‍ ചികിത്സ തേടിയിരുന്നുവെന്നാണ് അതുല്‍ പറയുന്നത്. പിതാവിന് സുഖമില്ലെന്ന കാരണം പറഞ്ഞാണ് വേഗത്തില്‍ വിവാഹിതനായതെന്ന് അതുല്‍ പറയുന്നു. ഈ കേസ് ഒത്തു തീര്‍പ്പാക്കാന്‍ ഒരു കോടിയാണ് ഭാര്യ ആവശ്യപ്പെടുന്നത്. അത് പിന്നീട് മൂന്ന് കോടിയായി വീണ്ടും കൂട്ടിച്ചോദിച്ചുവെന്നും അതുല്‍ പറയുന്നു.

കള്ളക്കേസുകള്‍ കാരണം പുരുഷന്‍മാര്‍ മരിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ തന്റെ കുടുംബത്തെക്കുറിച്ച് ആലോചിക്കണമെന്നായിരുന്നു ജഡ്ജിയുടെ മറുപടി. താന്‍ എന്താണ് ആത്മഹത്യ ചെയ്യാത്തതെന്ന് ഭാര്യാ മാതാവ് കളിയാക്കുകയാണ് ചെയ്തത്. മകനെ കാണാന്‍ സമ്മതിച്ചില്ലെന്നും ഇയാള്‍ വിഡിയോയില്‍ പറയുന്നുണ്ട്. വിഡിയോ ഇലോണ്‍ മസ്‌കിനേയും ഡോണള്‍ഡ് ട്രംപിനെയും ടാഗ് ചെയ്തിട്ടുണ്ട് അമല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now