'പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കാനാവില്ല'; ബലാത്സംഗ ഇരകളുടെ ഗര്‍ഭച്ഛിദ്രത്തില്‍ നിയമം മാറണം: സുപ്രീം കോടതി

നിയമം ജൈവികമായിരിക്കണമെന്നും, മാറുന്ന കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ അതില്‍ ഉണ്ടാകണമെന്നും കോടതി അഭിപ്രായപ്പെട്ടു

Supreme Court
Supreme CourtSource by : ഫയൽ
Last Updated :30 April 2026, 2:17 pm IST

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായാല്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള നിലവിലെ നിയമം ഭേദഗതി ചെയ്യണമെന്ന് സുപ്രീംകോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കാനാവില്ല. അതിജീവിതമാര്‍ക്ക് 20 ആഴ്ച കഴിഞ്ഞും അനാവശ്യ ഗര്‍ഭധാരണം അവസാനിപ്പിക്കാന്‍ അനുമതി നല്‍കുന്ന രീതിയില്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ 15 വയസ്സുള്ള പെണ്‍കുട്ടിയുടെ 30 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള മുന്‍ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എയിംസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. എയിംസിന്റെ ഹര്‍ജിയെ സുപ്രീം കോടതി ശക്തമായി എതിര്‍ത്തു. ബലാത്സംഗത്തിലൂടെയുണ്ടാകുന്ന ഗര്‍ഭധാരണത്തിന്റെ കാര്യത്തില്‍ സമയപരിധി പാടില്ലെന്ന് കോടതി നിരീക്ഷിച്ചു. നിയമം ജൈവികമായിരിക്കണമെന്നും, മാറുന്ന കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ അതില്‍ ഉണ്ടാകണമെന്നും കോടതി അഭിപ്രായപ്പെട്ടു.

ബലാത്സംഗത്തിനിരയായ കുട്ടിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കിയില്ലെങ്കില്‍ ആ പെണ്‍കുട്ടിക്ക് ജീവിതകാലം മുഴുവന്‍ മാനസികാഘാതവും വിഷമവും അനുഭവിക്കേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. അനാവശ്യമായ ഗര്‍ഭധാരണം ഒരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. അമ്മയ്ക്ക് സ്ഥിരമായ ശാരീരിക വൈകല്യങ്ങള്‍ സംഭവിക്കില്ലെങ്കില്‍ ഗര്‍ഭച്ഛിദ്രം നടത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു.

15 വയസ്സുള്ള ഒരു കുട്ടിയുടെ അനാവശ്യ ഗര്‍ഭധാരണമാണിത്. അവള്‍ ഇപ്പോള്‍ പഠിക്കേണ്ട പ്രായമാണ്, എന്നാല്‍ നമ്മള്‍ അവളെ അമ്മയാകാന്‍ നിര്‍ബന്ധിക്കുന്നു. അവള്‍ അനുഭവിച്ച വേദനയും അപമാനവും ചിന്തിച്ചുനോക്കൂ' എന്ന് എയിംസിന്റെ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് കോടതി നിരീക്ഷിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാന്‍ എയിംസിന് കോടതി നിര്‍ദ്ദേശം നല്‍കി. അന്തിമ തീരുമാനം പെണ്‍കുട്ടിയുടെയും രക്ഷിതാക്കളുടെയും താല്പര്യപ്രകാരമായിരിക്കണമെന്നും, ശരിയായ തീരുമാനമെടുക്കാന്‍ വൈദ്യശാസ്ത്ര വിദഗ്ധര്‍ അവരെ സഹായിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

30 ആഴ്ചയായതിനാല്‍ ഇപ്പോള്‍ ഗര്‍ഭച്ഛിദ്രം നടത്തുന്നത് വൈദ്യശാസ്ത്രപരമായി ഉചിതമല്ലെന്നാണ് എയിംസിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി വാദിച്ചത്. ഈ ഘട്ടത്തില്‍ ഭ്രൂണത്തിന് ജീവന്‍ നിലനിര്‍ത്താന്‍ ശേഷിയുണ്ടെന്നും, കുട്ടി ജനിച്ചാല്‍ ദത്തെടുക്കാന്‍ നല്‍കാവുന്നതാണെന്നും ഐശ്വര്യ ഭാട്ടി നിര്‍ദ്ദേശിച്ചു. എന്നാല്‍ അമ്മയ്ക്ക് ഇത് ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം എന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, തീരുമാനം അതിജീവിതയുടെയും മാതാപിതാക്കളുടെയും സമ്മതപ്രകാരമായിരിക്കണമെന്ന് കോടതി വ്യക്തമാക്കി. ഏപ്രില്‍ 24-ന് ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ഉജ്ജ്വല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് 30 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ പെണ്‍കുട്ടിക്ക് അനുമതി നല്‍കിയിരുന്നു.

News Now

Summary

Minor's pregnancy: Amend law on pregnancy termination of rape survivors, says Supreme Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates