മോദിയുടെ ബിരുദ വിവാദം: എഎപി നേതാക്കള്‍ക്കെതിരായ മാനനഷ്ടക്കേസില്‍ സുപ്രീംകോടതി സ്‌റ്റേ, നാലാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കാനും നിര്‍ദേശം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള പരാമര്‍ശത്തിലാണ് സര്‍വകലാശാല പരാതി നല്‍കിയത്.

സുപ്രീംകോടതി/ ഫയല്‍ ചിത്രം
Last Updated :22 January 2024, 7:52 pm IST

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനും എഎപി എംപി സഞ്ജയ് സിങ്ങിനുമെതിരെ ഗുജറാത്ത് സര്‍വകലാശാല നല്‍കിയ അപകീര്‍ത്തി പരാതിയില്‍ വിചാരണ കോടതിയുടെ മുമ്പാകെയുള്ള നടപടികള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള പരാമര്‍ശത്തിലാണ് സര്‍വകലാശാല പരാതി നല്‍കിയത്. വിചാരണക്കോടതി എഎപി നേതാക്കള്‍ക്ക് നല്‍കിയ സമന്‍സുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി (എഎപി) നേതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ നാലാഴ്ചക്കകം തീരുമാനമെടുക്കാന്‍ ഗുജറാത്ത് ഹൈക്കോടതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. 

ഗുജറാത്തിലെ വിചാരണ കോടതിയുടെ പരിഗണനയിലുള്ള കേസ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സഞ്ജയ് സിങ്‌
സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. പക്ഷപാതപരമായാണ് കേസിന്റെ നടപടികള്‍ പോകുന്നതെന്നാണ് സിങ്ങിന്റെ ഹര്‍ജിയില്‍ പറയുന്നത്.  ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ വിചാരണ കോടതി ജഡ്ജി വിഷയവുമായി മുന്നോട്ട് പോകുകയാണെന്ന് പറഞ്ഞു. 

 ക്രിമിനല്‍ മാനനഷ്ട നടപടികള്‍ക്ക് ഇടക്കാല സ്‌റ്റേ ആവശ്യപ്പെട്ട് കെജരിവാളും സഞ്ജയ് സിങ്ങും സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 11 ന് ഹൈക്കോടതി തള്ളിയിരുന്നു. മോദിയുടെ വിദ്യാഭ്യാസ ബിരുദവുമായി ബന്ധപ്പെട്ട് നടത്തിയ അപഹാസ്യവും അപകീര്‍ത്തികരവുമായ പ്രസ്താവനകളാണെന്ന് വ്യക്തമാക്കി ഗുജറാത്ത് മെട്രോപൊളിറ്റന്‍ കോടതി  മാനനഷ്ടക്കേസില്‍ സമന്‍സ് അയച്ചിരുന്നു. മോദിയുടെ വിദ്യാഭ്യാസ ബിരുദങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം (ആര്‍ടിഐ) നല്‍കണമെന്ന ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ കെജരിവാളിനും സിങ്ങിനുമെതിരെ ഗുജറാത്ത് സര്‍വകലാശാല രജിസ്ട്രാര്‍ പിയൂഷ് പട്ടേല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് എഎപി നേതാക്കള്‍ സമന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. 

മോദിയുടെ ബിരുദങ്ങളുടെ പേരില്‍ സര്‍വ്വകലാശാലയെ ലക്ഷ്യമിട്ട് ഇരു നേതാക്കളും പത്രസമ്മേളനങ്ങളിലും മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്‌സിലും അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്ന് പട്ടേല്‍ നല്‍കിയ പരാതിയില്‍ പറയുന്നു.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now