ഒരു ലക്ഷം സര്‍ക്കാര്‍ ജോലികള്‍, ജീവനക്കാര്‍ക്ക് 20% ഡിഎ വര്‍ധന എന്നിവയും പ്രഖ്യാപിച്ചു

BENGAL BUDGET
ബജറ്റ് രേഖയുമായി ബംഗാള്‍ ധനമന്ത്രി സ്വപന്‍ ദാസ്ഗുപ്ത മുഖ്യമന്ത്രി സുവേന്ദു അധികാരിക്കൊപ്പം
Last Updated :22 June 2026, 3:31 pm IST

News Now

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് സംസ്ഥാന നിയമസഭയില്‍ ധനമന്ത്രി സ്വപന്‍ ദാസ്ഗുപ്ത അവതരിപ്പിച്ചു. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, സാമൂഹ്യക്ഷേമം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്ന ബജറ്റാണ് ബിജെപി സര്‍ക്കാര്‍ അവതരിപ്പിച്ചത്.

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് പ്രതിമാസ ധനസഹായം നല്‍കുന്ന പദ്ധതിയാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനം. തൊഴിലില്ലാത്ത യുവാക്കള്‍ക്കായി 'ഭരോസ സ്‌കീം' പ്രഖ്യാപിച്ചു. 21 മുതല്‍ 45 വയസ് വരെയുള്ള തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് പ്രതിമാസം 3,000 രൂപ ധനസഹായം നല്‍കും. ബിരുദമില്ലാത്ത തൊഴില്‍രഹിതര്‍ക്ക് പ്രതിമാസം 2,000 രൂപയും ലഭിക്കും.

സ്ത്രീകളെ ലക്ഷ്യമിട്ടുള്ള അന്നപൂര്‍ണ യോജനയ്ക്ക് 36,000 കോടി വകയിരുത്തിയതും ശ്രദ്ധേയമാണ്. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഉറപ്പാക്കാന്‍ 550 കോടിരൂപ വകയിരുത്തിയതായും ധനമന്ത്രി അറിയിച്ചു. അവിവാഹിതരായ സ്ത്രീകള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായി 50,000 രൂപ ഒറ്റത്തവണ സഹായധനവും ലഭ്യമാക്കും.

ബജറ്റില്‍ സംസ്ഥാനത്ത് 20,000 പൊലീസ് ഒഴിവുകളും 50,000 അധ്യാപക തസ്തികകളും ഉള്‍പ്പെടെ ഒരുലക്ഷം ഒഴിവുകള്‍ നികത്തുമെന്നും പ്രഖ്യാപിച്ചു. ഇതില്‍ മൂന്നിലൊന്ന് വനിതാസംവരണം ഉറപ്പാക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ക്ഷാമബത്ത 20 ശതമാനം വര്‍ധിപ്പിക്കും. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി കൊല്‍ക്കത്തയില്‍ രണ്ടാമത്തെ വിമാനത്താവളം നിര്‍മ്മിക്കാനുള്ള പദ്ധതിയും മൂന്ന് പുതിയ എയര്‍ഫീല്‍ഡുകള്‍ ആരംഭിക്കാനുള്ള നിര്‍ദേശവും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ വ്യോമ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഇത് സഹായകമാകുമെന്നാണ് വിലയിരുത്തല്‍.

സംസ്ഥാനത്തെ വികസന പാതയിലേക്ക് കൂടുതല്‍ ശക്തമായി നയിക്കുകയും തൊഴില്‍, വ്യവസായ, ക്ഷേമ മേഖലകളില്‍ വേഗത്തിലുള്ള വളര്‍ച്ച ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ബജറ്റിന്റെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു. അതേസമയം, പ്രഖ്യാപനങ്ങള്‍ പ്രായോഗികമായി എങ്ങനെ നടപ്പാക്കുമെന്നത് സംബന്ധിച്ച് പ്രതിപക്ഷം ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.

Summary

Rs 3,000 for jobless graduates, free bus rides for women in BJP's Bengal budget

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates