4500 രൂപ ബോണസ് നല്‍കും; 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു

4,500 bonus to be given; 108 ambulance employees call off strike
108 ആംബുലൻസ് പ്രതീകാത്മക ചിത്രം
Edited by :Amal Joy
Last Updated :14 സെപ്റ്റംബർ 2026, 6:13 pm IST

തിരുവനന്തപുരം: 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു. മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജീവനക്കാര്‍ക്ക് 4500 രൂപ ബോണസ് നല്‍കാന്‍ ചര്‍ച്ചയില്‍ തീരുമാനമായതോടെയാണ് സമരം അവസാനിച്ചത്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കീഴില്‍ കോണ്‍ട്രാക്ടായി പ്രവര്‍ത്തിക്കുന്ന ഇ എം ആര്‍ ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വീസസിന്റെ നിയന്ത്രണത്തിലുള്ള മുഴുവന്‍ 108 ആംബുലന്‍സ് ജീവനക്കാര്‍ക്കും ആനുകൂല്യം ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു.

ഈ മാസം 17നാണ് 108 ആംബുലന്‍സ് ജീവക്കാര്‍ 24 മണിക്കൂര്‍ സമരം പ്രഖ്യാപിച്ചത്. 2025- 26 വര്‍ഷത്തിലെ ബോണസ് സംബന്ധിച്ച തര്‍ക്കമാണ് സമരത്തിലേക്ക് എത്തിച്ചത്. 2025- 26 വര്‍ഷത്തിലെ ബോണസ് 3500 രൂപയാണ് സാധാരണയായി നല്‍കുക. എന്നാല്‍ തങ്ങള്‍ക്ക് ഒരു മാസത്തെ ശമ്പളം നല്‍കണമെന്നായിരുന്നു ജീവനക്കാരുടെ ആവശ്യം. ഇതുസംബന്ധിച്ച് മാനേജുമെന്റുമായി തര്‍ക്കം നിലനിന്നിരുന്നു. വിഷയത്തില്‍ പലതവണ മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജീവനക്കാര്‍ 24 മണിക്കൂര്‍ സമരം പ്രഖ്യാപിച്ചത്.

തൊഴില്‍ വകുപ്പ് മന്ത്രിയുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ തൊഴിലാളി സംഘടനാ പ്രതിനിധികളും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് അധികൃതരും സര്‍വീസ് കോണ്‍ട്രാക്ടറായ ഇ എം ആര്‍ ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വീസസ് പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് ബോണസ് വിഷയത്തില്‍ സമവായത്തിലെത്തിയത്. ഇത് സംബന്ധിച്ച ധാരണാ പത്രത്തില്‍ തൊഴിലാളി സംഘടനാ പ്രതിനിധികളും മാനേജ്‌മെന്റ് പ്രതിനിധികളും ഒപ്പു വച്ചു.

News Now

Summary

4,500 bonus to be given; 108 ambulance employees call off strike

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates