ആംബുലൻസ് വാങ്ങാൻ ദക്ഷിണത്തുക പൂർണ്ണമായി നൽകി മുത്തപ്പൻ വെള്ളാട്ടം: ഡിവൈഎഫ്ഐയുടെ ‘ആർദ്രം’ പദ്ധതിക്ക് കൈത്താങ്ങ്
കഷ്ടപ്പെടുന്നവർക്കായി ചെയ്യുന്നതാണ് ഏറ്റവും വലിയ കർമ്മമെന്ന് അരുളപ്പാട്
മയ്യിൽ: ഡിവൈഎഫ്ഐ മയ്യിൽ ബ്ലോക്ക് കമ്മിറ്റി നാടിനായി ഒരുക്കുന്ന ആംബുലൻസ് വാങ്ങുന്നതിനുള്ള ധനസമാഹരണത്തിലേക്ക് അതുവരെ ലഭിച്ച ദക്ഷിണത്തുക മുഴുവൻ സംഭാവനയായി നൽകി മുത്തപ്പൻ വെള്ളാട്ടം. മയ്യിൽ മുല്ലക്കൊടിയിൽ അരങ്ങേറിയ ഈ വേറിട്ട സംഭവം പ്രദേശവാസികൾക്കും ചടങ്ങിനെത്തിയവർക്കും വലിയ കൗതുകവും ആത്മനിർവൃതിയുമായി മാറി. കിടപ്പുരോഗികൾക്കും അത്യാഹിതങ്ങളിൽപ്പെടുന്നവർക്കും താങ്ങാകാൻ ഡിവൈഎഫ്ഐ നടപ്പിലാക്കുന്ന "ആർദ്രം" ആംബുലൻസ് പദ്ധതിക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരണം പ്രദേശത്ത് സജീവമായി നടന്നുവരികയായിരുന്നു.
മുല്ലക്കൊടി പലാത്തിൽ കെ. ലീലയുടെ മകൻ കെ. മനോജ്, സി.പി. അനില എന്നിവരുടെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിനോടനുബന്ധിച്ച് വീട്ടുകാർ വാഗ്ദാനം ചെയ്ത സംഭാവന സ്വീകരിക്കാനാണ് ഡിവൈഎഫ്ഐ പ്രവർത്തകർ അവിടെയെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രവർത്തകർ എത്തുമ്പോൾ ചടങ്ങിന്റെ ഭാഗമായി മുത്തപ്പൻ വെള്ളാട്ടം നടക്കുകയായിരുന്നു. വീട്ടുകാരിൽനിന്ന് പ്രവർത്തകർ തുക ഏറ്റുവാങ്ങുന്നതു കണ്ട മുത്തപ്പൻ വെള്ളാട്ടം, ജീവകാരുണ്യ പ്രവർത്തനത്തിന്റെ മഹത്വം ഉൾക്കൊണ്ട് പ്രവർത്തകരെ അടുത്തേക്ക് വിളിക്കുകയാണുണ്ടായത്.
"ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് വേണ്ടി ചെയ്യുന്ന കർമ്മങ്ങളാണ് എല്ലാം" എന്ന് അരുളിച്ചെയ്ത കോലധാരി, ചടങ്ങിൽ ഭക്തരിൽനിന്ന് അതുവരെ ദക്ഷിണയായി ലഭിച്ച മുഴുവൻ തുകയും സന്തോഷത്തോടെ എണ്ണിത്തിട്ടപ്പെടുത്തി ഡിവൈഎഫ്ഐ പ്രവർത്തകരെ ഏൽപ്പിക്കുകയായിരുന്നു. അവിടെ കൂടിനിന്ന നാട്ടുകാർക്ക് ഇത് കേവലമൊരു കൗതുകം എന്നതിലുപരി, മതഭേദമെന്യേ മനുഷ്യസ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും നന്മ നിറഞ്ഞ മാതൃകയായി മാറി.
മുത്തപ്പൻ കൈമാറിയ തുക ഡിവൈഎഫ്ഐ മയ്യിൽ ബ്ലോക്ക് സെക്രട്ടറി രനിൽ നമ്പ്രം ഏറ്റുവാങ്ങി. ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് ജിതിൻ കെ.സി, മേഖല സെക്രട്ടറി അർജ്ജുൻ കയരളം, മുല്ലക്കൊടി ബ്രാഞ്ച് സെക്രട്ടറി കെ. ഉത്തമൻ, പ്രാദേശിക നേതാക്കളായ റിതിൻ രാജ്, സൗമ്യ, കെ. ദാമോദരൻ, കെ.വി. സുധാകരൻ, കെ. ശ്രീനന്ദന, പി. നന്ദന, അഖിൽ എന്നിവരും പങ്കെടുത്തു. ജനകീയ പങ്കാളിത്തത്തോടെ നാടിനായി ഒരുങ്ങുന്ന ആംബുലൻസ് പദ്ധതിക്ക് മുത്തപ്പന്റെ ഈ കൈത്താങ്ങ് വലിയ ആവേശമാണ് പകർന്നുനൽകിയിരിക്കുന്നത്.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
In a heartwarming and unique gesture that delighted the local community in Mullakkodi near Mayyil, a Muthappan Vellattam handed over the entirety of its collected ceremonial offerings ('dakshina') to support the procurement of an ambulance
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

