കറിക്കത്തി മുതല്‍ അരി വരെ കവര്‍ന്ന് സ്‌കൂള്‍ പാചകപ്പുര ഒന്നാകെ തൂക്കി; അസം സ്വദേശി അറസ്റ്റില്‍

മതിലകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോതപറമ്പ് വി.വി.യു.പി സ്‌കൂളിലാണ് മോഷണം നടന്നത്

Thajudheen
അറസ്റ്റിലായ താജുദ്ദീൻ
Edited by :Jayakumar
Last Updated :19 ജൂലൈ 2026, 9:45 pm IST

തൃശൂര്‍ : സ്‌കൂള്‍ കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറി സ്റ്റോര്‍ റൂമിന്റെയും അടുക്കളയുടെയും പൂട്ട് പൊളിച്ച് കറിക്കത്തി മുതല്‍ അരി വരെ കവര്‍ന്ന കേസില്‍ അസം സ്വദേശിയെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. ആസം ഗായ് ജില്ല സ്വദേശിയും നിലവില്‍ പി വെമ്പല്ലൂര്‍ വാഴൂര്‍ ക്ഷേത്രത്തിന് സമീപം താമസക്കാരനുമായ താജുദ്ദീന്‍ (38) എന്നയാളാണ് അറസ്റ്റിലായത്.

മതിലകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോതപറമ്പ് വി.വി.യു.പി സ്‌കൂളിലാണ് മോഷണം നടന്നത്. സ്‌കൂള്‍ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന 50 കിലോ വീതമുള്ള 5 ചാക്ക് അരിയും, ഉച്ചഭക്ഷണ പാചകത്തിനും വിതരണത്തിനുമായി സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള പാത്രങ്ങളും ഉള്‍പ്പെടെ ഒരു ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങളാണ് പ്രതി മോഷ്ടിച്ചത്.

കുടുംബത്തോടൊപ്പം പി. വെമ്പല്ലൂര്‍ ഭാഗത്ത് താമസിച്ച് ആക്രി സാധനങ്ങള്‍ പെറുക്കി ജീവിച്ചു വരികയായിരുന്നു പ്രതിയായ താജുദ്ദീന്‍. മോഷണത്തില്‍ പൊലീസ് നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. ഇയാളുടെ താമസസ്ഥലത്തുനിന്നും മോഷ്ടിക്കപ്പെട്ടവയില്‍ ഉള്‍പ്പെട്ട 99.700 കിലോഗ്രാം അരി പൊലീസ് കണ്ടെടുത്തു.

മതിലകം പൊലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ രജീഷ്, എസ് ഐ നസിയ, എം ഷാഹിബ്, എസ് ഐ സജീവ്, എസ് ഐ രാജി, എ എസ് ഐ പ്രജീഷ്, എസ് സി പി ഒ സനീഷ്, സി പി ഒ മാരായ സബീഷ്, ബിനില്‍, മിഥുന്‍, മുഹമ്മദ് സന്‍സില്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

News Now

Summary

Assam native arrested for stealing rice from school

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates