ദിലീപിന്റെ ജാമ്യം റാദ്ദാക്കണം, അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം; നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും 

കേസിലെ എട്ടാം പ്രതിയായ നടൻ സാക്ഷികളെ സ്വാധീനിച്ചെന്നും തെളിവുകൾ നശിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കാനുള്ള ആവശ്യം

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:02 am IST

കൊച്ചി: നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്നു വീണ്ടും പരിഗണിക്കും. തുടരന്വേഷണത്തിനു നിശ്ചയിച്ച സമയം തീരുന്ന സാഹചര്യത്തിലാണു കേസ് പരിഗണിക്കുന്നത്. ഈ മാസം 31നകം അന്വേഷണം പൂർത്തിയാക്കി വിചാരണക്കോടതിയിൽ റിപ്പോർട്ട് നൽകാനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. അന്വേഷണം പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ച് സമയം നീട്ടി ചോദിച്ചു. മൂന്നുമാസം കൂടി സമയം വേണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. 

അന്വേഷണത്തിൽ കണ്ടെത്തിയ ഡിജിറ്റൽ തെളിവുകളുടെയും രേഖകളുടെയും വ്യാപ്തി ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ അവതരിപ്പിച്ചിട്ടുണ്ട്.  കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്നെന്ന ആരോപണത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടാൻ മെമ്മറി കാർഡ് ഫൊറൻസിക് പരിശോധനയ്ക്ക് അയക്കണമെന്നും സർക്കാർ ഹൈക്കോടതി മുൻപാകെ ആവശ്യപ്പെട്ടിട്ടുണ്ട്. വിചാരണക്കോടതി മുൻപാകെ ഇന്ന് ഇക്കാര്യങ്ങൾ പ്രോസിക്യൂഷൻ ബോധിപ്പിക്കും. 

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയും വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ എട്ടാം പ്രതിയായ നടൻ സാക്ഷികളെ സ്വാധീനിച്ചെന്നും തെളിവുകൾ നശിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കാനുള്ള ആവശ്യം. തെളിവായി ദിലീപ്, അനൂപ്, സഹോദരീ ഭർത്താവ് ടി എൻ സുരാജ് എന്നിവരുടെ ശബ്ദരേഖകൾ പ്രോസിക്യൂഷൻ സമർപ്പിച്ചിരുന്നു. ഹർജിയുടെ ഗൗരവം ബോധ്യപ്പെടുത്തുന്ന കൂടുതൽ തെളിവുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടാണു വിചാരണക്കോടതി കേസ് ഇന്നത്തേക്കു മാറ്റിയത്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now