മുണ്ടിന്റെ മടിക്കുത്ത് മടക്കിപ്പിടിച്ചതില്‍ സംശയം; ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യപ്രതിയില്‍ നിന്നും ഹെറോയിന്‍ പിടികൂടി, അറസ്റ്റ്

രണ്ട് ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകളിലായിട്ടാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്

Shafi
പ്രതി ഷാഫിഫയൽ
Edited by :Jayakumar
Last Updated :19 ഓഗസ്റ്റ് 2026, 2:30 pm IST

കൊച്ചി : പത്തനംതിട്ട ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ പക്കല്‍ നിന്നും മയക്കുമരുന്ന് പിടികൂടി. മുണ്ടിന്റെ മടിക്കുത്തില്‍ ഒളിപ്പിച്ച നിലയിലാണ് ഹെറോയിന്‍ കണ്ടെടുത്തത്. നരബലി കേസിലെ വിചാരണ നടക്കുന്ന കെട്ടിടത്തില്‍ നിന്ന് കൊണ്ടുപോകുമ്പോഴാണ് സംശയം തോന്നി പരിശോധിച്ചത്.

പനമ്പിള്ളി നഗറിലെ കേരള ഹൗസിങ് ബോര്‍ഡ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അഡിഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി (ഇടമലയാര്‍ കോടതി)യിലാണ് നരബലി കേസിന്റെ വിചാരണ നടക്കുന്നത്. ഇവിടെ ഹാജരാക്കി തിരികെ ജയിലിലേക്ക് കൊണ്ടുപോകാന്‍ ഇറങ്ങുമ്പോള്‍, മുണ്ടിന്റെ മടിക്കുത്ത് മടക്കിപ്പിടിച്ചിരിക്കുന്നതു കണ്ട പൊലീസ് വിശദമായി പരിശോധിക്കുകയായിരുന്നു.

രണ്ട് ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകളിലായിട്ടാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. 6 ഗ്രാം ഹെറോയിനാണ് കണ്ടെടുത്തത്. വിവരം ഉടനെ തന്നെ വിചാരണക്കോടതിയെ അറിയിച്ചു. ജഡ്ജിയുടെ നിര്‍ദേശപ്രകാരം എറണാകുളം ടൗണ്‍ സൗത്ത് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് രാത്രി 7.35ഓടെ ദേഹപരിശോധന പൂര്‍ത്തിയാക്കി രാത്രി 10 മണിയോടെ എന്‍ഡിപിഎസ് ആക്ട് പ്രകാരം ഷാഫിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഷാഫിയെ പിന്നീട് ജയിലിലേക്ക് മാറ്റി.

ശുചിമുറിയില്‍ പോയ സമയത്ത് രണ്ടു പേര്‍ ഷാഫിക്ക് ഹെറോയിന്‍ കൈമാറിയതായാണ് പൊലീസിന്റെ നിഗമനം. കോടതി പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. ഇലന്തൂര്‍ നരബലി കേസിലെ പ്രധാന പ്രതിയാണ് പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി മുഹമ്മദ് ഷാഫി. കടവന്ത്രയില്‍ താമസിച്ചിരുന്ന ലോട്ടറി വില്‍പ്പനക്കാരിയായിരുന്ന പദ്മത്തെ ഷാഫിയാണ് വാഹനത്തില്‍ കയറ്റി ഇലന്തൂരിലേക്ക് കൊണ്ടുപോയത്. ആലപ്പുഴ സ്വദേശിനി റോസ്ലിനെ കൊലപ്പെടുത്തി കേസിലെ വിചാരണയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

News Now

Summary

Heroin seized from the prime accused in the Elanthoor human sacrifice case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates